Love - ലവ് പുതുമ നിറഞ്ഞൊരു വിഷയത്തെ ആവർത്തന വിരസമല്ലാത്ത രീതിയിൽ അങ്ങറ്റം വ്യത്യസ്ഥമായൊരുക്കിയ ദൃശ്യാവിഷ്ക്കാരം
ആവശ്യത്തിലധികം പ്രേക്ഷകനെ ചിന്തിക്കാൻ വിട്ടുകൊണ്ട് അവസാനം അവനൊരു ഉത്തരത്തിലെത്തി നിൽക്കുമ്പോൾ തലക്കിട്ടൊരു പ്രഹരം പോലൊരു ടൈൽ എൻഡ് ആണ് ലവ് എന്ന ചിത്രം സമ്മാനിക്കുന്ന ഫീൽ. ഒന്നാലോചിച്ചു നോക്കിയാൽ ചിത്രത്തിൽ ഏറ്റവും സിമ്പിൾ ആയ രംഗം ആ ടൈൽ എൻഡ് ആണ് പക്ഷേ എടുത്ത് വെച്ച രീതി പ്രേക്ഷകന്റെ മനസ്സിനെ ഒന്ന് വട്ടം കറക്കുന്ന തരത്തിലാണെന്ന് മാത്രം.
ചിത്രത്തിനുള്ളിലേക്ക് വന്നാൽ..... ഒരു ഫ്ലാറ്റിനകത്ത് നടക്കുന്നൊരു പ്രശ്നവും അതുമൂലം മാനസിക സംഘർഷത്തിലകപ്പെടുന്ന അനൂപ് എന്ന ചെറുപ്പക്കാരനും അതിൽ നിന്ന് രക്ഷപ്പെടാൻ അയാൾ തേടുന്ന വഴികളും പിന്നീട് അയാളിലേക്ക് എത്തിപ്പെടുന്ന ചില കഥാപാത്രങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. അനൂപ് രക്ഷപ്പെടാൻ തേടുന്ന വഴികളും ചെയ്തതും ചെയ്യുന്നതുമായ പ്രവർത്തികളും തെറ്റാണെന്നും ശരിയാണെന്നുമുള്ള വ്യതിചലിച്ചുകൊണ്ടിരിക്കുന്ന മനസ്സിന്റെ വിവരണമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമായി വരുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ പുതുമയും പ്രത്യേകതയും.
ഖാലിദ് റഹ്മാൻ എന്ന എഴുത്തുകാരനെ പറ്റിയാണ് ആദ്യം പറയേണ്ടത് കൈയ്യടക്കവും കെട്ടുറപ്പുമുള്ള തിരക്കഥയാണ് അദ്ദേഹവും നൗഫൽ അബ്ദുള്ളയും ചേർന്ന് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. എഴുത്തിലെ കെട്ടുറപ്പ് തന്നെയാണ് ഒന്നരമണിക്കൂർ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതും. ഒരു ഫ്ലാറ്റിനുള്ളിൽ മാത്രം നടക്കുന്നൊരു കഥയെ കാണുന്നവനിൽ മടുപ്പുള്ളവക്കാത്ത രീതിയിൽ അവതരിപ്പിക്കുക എന്നത് അങ്ങറ്റം റിസ്ക്ക് ഉള്ളൊരു കാര്യമാണ് അവിടെ ഖാലിദ് റഹ്മാൻ വിജയിച്ചിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയെ ഗംഭീരമായി അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. ഒപ്പം ജിംഷി ഖാലിദിന്റെ അതിമനോഹരമായ ചായാഗ്രഹണവും നൗഫൽ അബ്ദുള്ളയുടെ മികവുറ്റ എഡിറ്റിങ്ങും നേഹ നായരും യക്സാൻ ഗാരി പേരേരയും ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ മികവുറ്റ അനുഭവമാക്കി മാറ്റുന്നു.
അഭിനേതാക്കളിലേക്ക് വന്നാൽ....
ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് Gokulan ആണ്.... അദ്ദേഹത്തിന്റെ പ്രകടനമാണ് ചിത്രത്തെ ലൈവ് ആക്കി നിർത്തുന്നതും കാണുന്ന പ്രേക്ഷകന് ചിത്രം ഒരു വിരുന്ന് ആകുന്നതും. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് നിസ്സംശയം പറയാം. ഇത്രേം കഴിവുള്ള അഭിനേതാവായ ഗോകുലന് അർഹിക്കുന്ന വേഷങ്ങളും അംഗീകാരങ്ങളുമൊന്നും ഇതുവരെ വന്നു ചേർന്നില്ല എന്ന് പറയുന്നത് അത്ഭുതമാണ്. ശരിക്കും ഞെട്ടിക്കുന്ന പ്രകടനമാണ് ഗോകുലൻ കാഴ്ച വെച്ചത്. ഒന്ന് മുതൽ പത്ത് വരെ അയാളുടെ പ്രകടനം മാത്രമേയുള്ളൂ അത് കഴിഞ്ഞേ മറ്റുള്ളവർക്ക് സ്ഥാനമുള്ളൂ. ആവർത്തിച്ച് വിരസമായി തീർന്ന ഒരു വാക്ക് കടമെടുത്താൽ അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് വേണം പറയാൻ. മാനസിക പിരിമുറുക്കങ്ങളിൽ ഒരേ സമയം അങ്ങറ്റം വ്യത്യസ്ഥമായ രണ്ട് തരം സ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രമായി Gokulan M S നിറഞ്ഞാടുകയാണ് ചിത്രത്തിൽ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം അത്ഭുതത്തോടെ മാത്രേമേ കണ്ട് നിൽക്കാനാകൂ. അതിഗംഭീര പ്രകടനം. അദ്ദേഹത്തിന്റെ പ്രകടനത്തിലെ പുതുമ തന്നെയാണ് പ്രേക്ഷകനെ രസച്ചരട് മുറിയാതെ സഹായിക്കുന്നതും. അങ്ങറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രകടനം.
Shine Tom Chacko .... അനൂപ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ ഷൈൻ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മുക്കാൽ ഭാഗവും നിറഞ്ഞു നിൽക്കുന്നത് ഷൈൻ ആണ്.... കാണുന്നവരെ അതൃപ്തരാക്കാതെ ചിത്രം മുൻപോട്ട് കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
Rajisha Vijayan ..... ദീപ്തി എന്ന കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ രജിഷ അവതരിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് സംഭാഷണങ്ങളിലൂടെ കൈയ്യടി നേടാൻ ദീപ്തി എന്ന കഥാപാത്രത്തിന് കഴിയില്ല എന്ന് ചിത്രം കണ്ടിട്ടുള്ളവർക്ക് അറിയാം. പക്ഷേ ചിത്രത്തിൽ നിറഞ്ഞാടിയ കഥാപാത്രങ്ങളേക്കാൾ ബുദ്ധിമുട്ട് ആയിരുന്നു ദീപ്തിയെന്ന കഥാപാത്രത്തെ ചെയ്ത് ഫലിപ്പിക്കാൻ. അതിലേക്ക് വിശദമായി കടന്നാൽ അത് സ്പോയ്‌ലർ ആവും എന്നുള്ളത് കൊണ്ട് കൂടുതൽ പറയാൻ നിർവ്വാഹമില്ല. അങ്ങനൊരു സിറ്റിവേഷനിൽ മിനുട്ടുകൾ വന്ന് പോകുന്ന കഥാപാത്രങ്ങളെപ്പോലെ എളുപ്പമല്ല ഒരു സിനിമയിലുടനീളം അതുപോലെ ചെയ്ത് ഫലിപ്പികുന്നത്. അവിടെയാണ് Rajisha Vijayan എന്ന അഭിനേത്രി വേറിട്ട് നിൽക്കുന്നത്. ചിത്രത്തിലുടനീളം ആ പെർഫെക്ഷൻ നില നിർത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്. രജിഷയുടെ.... ഇന്നിന്റെ പ്രിയപ്പെട്ട അഭിനേത്രിമാരിലൊരാളുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ.
Sudhhy Kopa ..... തനിക്ക് കിട്ടിയ വേഷം അദ്ദേഹം മനോഹരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. കിട്ടുന്ന വേഷങ്ങൾ വലുത് ആയ്ക്കൊള്ളട്ടെ ചെറുത് ആയ്ക്കൊള്ളട്ടെ അത് മോശമാക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലല്ലോ....
Veena Nandakumar ...... ഒരു സീനിൽ മാത്രം വന്നു പോകുന്ന ഹരിതയെന്ന കഥാപാത്രം Veena Nandakumar ന്റെ കൈകളിൽ ഭദ്രമായിരുന്നു.
ജോണി ആന്റണി....ഒരു സീനിൽ മാത്രം വന്നു പോകുന്ന മറ്റൊരു കഥാപാത്രം.... പക്ഷേ ഗംഭീര പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ആ ഒരു സീൻ ഉണ്ടാക്കിയ ഇമ്പാക്ട് വളരെ വലുതാണ്.
കാസ്റ്റിംഗ് മികവ് എടുത്ത് പറയേണ്ട ഒന്നാണ്. ശക്തമായ തിരക്കഥയാണേൽപ്പോലും അഭിനേതാക്കളുടെ പ്രകടനം പാളിപ്പോയാൽ അങ്ങറ്റം തല പുകക്കേണ്ട അല്ലേൽ അരോചകമായി തോന്നിപ്പോകുമായിരുന്ന ചിത്രത്തെ പ്രേക്ഷകനിലേക്ക് ഏറ്റവും മികച്ച രീതിയിൽ എത്തിക്കാനായത് അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ട് തന്നെയാണ്.
ചിത്രം പറയാൻ ശ്രമിച്ച കാര്യത്തിലേക്ക് പ്രേക്ഷകന് എത്തിപ്പെടാൻ പറ്റുന്നു എന്നത് തന്നെയാണ് മേക്കിങ്ങിന്റെ ക്വാളിറ്റി. കാഴ്ച്ചക്കാരന്റെ മനസ്സിൽ തെളിയുന്ന ശരിയും തെറ്റും തന്നെയാണ് ചിത്രത്തിന്റെ ഉത്തരം എന്ന് പറയുന്നതും. പരിമിതികൾക്കുള്ളിൽ നിന്ന് എങ്ങനെയൊക്കെ ഒരു ചിത്രം മികവുറ്റതാക്കാം എന്നതിന്റെ വലിയൊരു ഉദാഹരണം തന്നെയാണ് ലവ്. ചിത്രത്തിൽ സൂക്ഷ്മമായിട്ടുള്ള കാര്യങ്ങൾക്ക് പോലും ചിത്രത്തിന്റെ മർമ്മ പ്രധാനമായ രംഗങ്ങളുമായി വല്ലാത്ത ബന്ധമാണുള്ളത്. ആൺ അധികാരത്തിന്റെ അഹങ്കാരവും അഹന്തയും ഇടുങ്ങിയ ചിന്താഗതിയും സംസാരങ്ങൾക്കിടയിലെ മസിൽ പവറിന്റെ ഹുങ്കിൽ കാണിക്കുന്ന ദേഹോപദ്രവങ്ങളും ചിത്രം വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട്. ആ ബലപ്രയോഗം അല്ലേൽ അക്രമം തന്നെയാണ് പ്രധാനമായും ചർച്ചയാകുന്നതും. ഭർത്താവിന് എന്തും ആവാം പക്ഷേ ഭാര്യ അയാളുടെ അധികാരപരിധിയിലും ആജ്ഞകൾക്കുമുള്ളിൽ ഒതുങ്ങി കൂടണമെന്നുമുള്ള പലരുടേയും ഒഴിവാക്കപ്പെടേണ്ട വൃത്തികെട്ട അതിലുപരി അങ്ങറ്റം അപകടകരമായ മനോഭാവങ്ങൾക്കും ചിന്താഗതികൾക്കും എതിരെ ശക്തമായി തന്നെ ചിത്രം സംസാരിക്കുന്നുണ്ട്.
ഇന്നിന്റെ ഭാഷയിൽ ഒന്നൂടെ വ്യക്തമാക്കിയാൽ ഒരുപാട് ബ്രില്ല്യൻസുകൾ നിറഞ്ഞ ഒരു മികച്ച ദൃശ്യാനുഭവമാണ് ലവ്. കാഴ്ചക്കിടയിൽ ഒരു മിനുട്ട് സിനിമ വിട്ട് ചിന്തകൾ വ്യതിചലിച്ചാൽ സംശയങ്ങളുടെ കൂമ്പാരം മനസ്സിൽ വന്ന് നിറയും വിധമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മറ്റുള്ള കാര്യങ്ങൾക്ക് ഒക്കെ റസ്റ്റ് കൊടുത്ത് കഴിവതും ഒറ്റയിരുപ്പിൽ തന്നെ കാണാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
ലവ് പുതുമ നിറഞ്ഞൊരു വിഷയത്തെ ആവർത്തന വിരസമല്ലാത്ത രീതിയിൽ അങ്ങറ്റം വ്യത്യസ്ഥമായൊരുക്കിയ ദൃശ്യാവിഷ്ക്കാരം
(അഭിപ്രായം തികച്ചും വ്യക്തിപരം)
- വൈശാഖ്.കെ.എം
Love - ലവ് പുതുമ നിറഞ്ഞൊരു വിഷയത്തെ ആവർത്തന വിരസമല്ലാത്ത രീതിയിൽ അങ്ങറ്റം വ്യത്യസ്ഥമായൊരുക്കിയ ദൃശ്യാവിഷ്ക്കാരം
Reviewed by
on
23:15
Rating:
No comments: