Drishyam 2 - കാലമേറെയായിട്ടും ശോഭ മങ്ങാത്ത ദൃശ്യചാരുതയുടെ മികവിന്റെ തുടർച്ച
വിജയമായ ഒരു സിനിമയുടെ രണ്ടാം ഭാഗമെടുക്കുക എന്നത് സംവിധായകനെ സംബന്ധിച്ച് വലിയൊരു റിസ്ക്ക് തന്നെയാണ്. അങ്ങനെ വരുമ്പോൾ സിനിമാ മേഖലയെ മാത്രമല്ല ജനങ്ങളെ മൊത്തത്തിൽ പിടിച്ചു കുലുക്കിയൊരു സിനിമയുടെ രണ്ടാം ഭാഗം എടുക്കുക എന്നത് എത്രത്തോളം വലിയ അപകടകരമായ കാര്യമാണ്.... അങ്ങനൊരു റിസ്ക്ക് ആണ് ജീത്തു ജോസഫ് ഏറ്റെടുത്തത്.
ദൃശ്യം... മലയാള സിനിമയുടെ നാഴികല്ല്.... ദൃശ്യം എന്ന ചിത്രത്തിൽ നായകൻ തിരക്കഥയായിരുന്നു അതിന് ശേഷം മാത്രമാണ് സംവിധായകനും അഭിനേതാക്കളുമെല്ലാം കടന്നു വരുന്നത്. ആറേഴ് വർഷം കഴിഞ്ഞ് ദൃശ്യം 2 വിലേക്ക് വന്നാലും ആ കാര്യത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതെ നായകൻ തിരക്കഥ തന്നെ. ദൃശ്യം പോലെ സകല പഴുതുകളും അടച്ചുള്ള തിരക്കഥ എന്ന അവകാശവാദമൊന്നും ഇല്ലെങ്കിലും ദൃശ്യം പോലൊരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആകുമ്പോൾ പലരുടേയും പ്രതീക്ഷകൾ വാനോളം ആയിരിക്കും ആ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം സംഭവിക്കാതെ തന്നെയാണ് ജീത്തു ദൃശ്യം 2 ഒരുക്കിയിരിക്കുന്നത്. ഒരു അതിഗംഭീര ചിത്രത്തിന്റെ മികച്ച രണ്ടാം ഭാഗം.
Jeethu Josephലേക്ക് വന്നാൽ.... മലയാള സിനിമയുടെ തലവര മാറ്റിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ പോകുന്നു എന്ന് കേട്ടപ്പോഴും ജീത്തുവിന്റെ സമീപകാല ചിത്രങ്ങളുടെ അവസ്ഥകൾ കണ്ടും ഞാനടക്കമുള്ള പലരും പറഞ്ഞിട്ടുണ്ട് നാണം കേടാനുള്ള ദൃശ്യത്തിന്റെ വില കളയാനുള്ള തീരുമാനമാണ് ജീത്തു എടുത്തത് എന്ന്. ദൃശ്യത്തിന് ഒക്കെ രണ്ടാം ഭാഗം ഒരുക്കുക എന്നത് ജോർജ്ജുകുട്ടി അയാളുടെ ജീവിതത്തിൽ ചെയ്ത കാര്യത്തോളം തന്നെ റിസ്ക്ക് ഉള്ളത് തന്നെയാണ്. അവിടെയാണ് ഞാനടക്കമുള്ളവർ ഗീത പ്രഭാകറും സംഘവും നാലാം ക്ലാസുകാരൻ ജോർജ് കുട്ടിയെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തത് പോലെ ജീത്തു ജോസഫിനേയും വില കുറച്ചു കണ്ടത്.
ജീത്തുവിന്റെ കാത്തിരിപ്പ് വെറുതേയായില്ല.... ദൃശ്യത്തിന് ഏറ്റവും മികച്ച തുടർച്ച തന്നെ അദ്ദേഹം ഒരുക്കി വെച്ചു.... ജീത്തു എന്ന എഴുത്തുകാരനിലേക്ക് തന്നെ ആദ്യം വരാം.... ആദ്യ ഭാഗത്തിൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയത് പോലെ രണ്ടാം ഭാഗത്തിലും ചിത്രം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നു.... പതിയെ തുടങ്ങി സിരകളെ ചൂട് പിടിപ്പിച്ച് അത്യന്തം ത്രില്ലടിപ്പിച്ച് ആവേശം ജനിപ്പിച്ച് തന്നെയാണ് ദൃശ്യം 2 മുൻപോട്ട് പോകുന്നത്. ജീത്തുവിന്റെ രചന തന്നെയാണ് അവിടെ കൈയ്യടി നേടുന്നതും ജ്വലിച്ചു നിൽക്കുന്നതും. അത്രയ്ക്ക് മികവുറ്റ രീതിയിലാണ് അദ്ദേഹം സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.
ജീത്തു ജോസഫ് എന്ന സംവിധായകനിലേക്ക് വന്നാൽ ദൃശ്യം ആദ്യ ഭാഗത്തിലേത് പോലെ തന്നെ ജീത്തു എന്ന എഴുത്തുകാരന് ശേഷമേ ഇവിടേയും ജീത്തു എന്ന സംവിധായകന് സ്ഥാനമുള്ളൂ. എഴുത്തിന്റെ മികവിനോളം പോരില്ലേലും മികച്ച രീതിയിൽ തന്നെ അദ്ദേഹം ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട്. ഇങ്ങനുള്ള ഉശിരൻ നമ്പറുകൾ കൈയ്യിലുള്ള മനുഷ്യൻ ആണല്ലോ കുറച്ച് കാലം ഡൗൺ ആയിപ്പോയത് എന്നോർക്കുമ്പോൾ സങ്കടമുണ്ട്. ആരെ എങ്ങനെ ഉപയോഗിക്കണമെന്നും അയാളുടെ നെഗറ്റീവ് എന്താണെന്നും പോസിറ്റീവ് എന്താണെന്നും ജീത്തുവിന് വ്യക്തമായി അറിയാം. അത് അദ്ദേഹത്തിലെ സംവിധായകന്റെ വലിയൊരു അനുകൂല ഘടകമാണ്. ഇനിയും ഒരുപാട് മികച്ച ത്രില്ലറുകൾ ജീത്തുവിൽ നിന്നും പ്രതീക്ഷിക്കുന്നു. വല്ലാത്ത തല തന്നെ അണ്ണാ നിങ്ങളുടേത് നമിച്ചു.
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ ഞെട്ടിച്ച മറ്റൊരാൾ സുജിത് വാസുദേവ് എന്ന ചായാഗ്രാഹകൻ ആയിരുന്നു അദ്ദേഹത്തിന്റെ അഭാവം രണ്ടാം ഭാഗത്തിൽ നന്നായി അനുഭവപ്പെട്ടു. സതീഷ് കുറുപ്പ് ഒരിക്കലും മോശം എന്നല്ല പക്ഷേ സുജിത് എക്സ്ട്രാ ഓർഡിനറി ആയിരുന്നു.
Anil Johnson എന്ന സംഗീത സംവിധായകൻ ശരിക്കും അണ്ടർറേറ്റഡ് ആണ് എന്ന് നിസ്സംശയം പറയാം. ഇന്റർനാഷണൽ ലെവൽ ആണ് അദ്ദേഹത്തിന്റെ പല വർക്കുകളും ദൃശ്യത്തിൽ പശ്ചാത്തല സംഗീതം കൊണ്ട് ഞെട്ടിച്ച അദ്ദേഹം ദൃശ്യം 2 വിലേക്ക് വന്നാലും ഒട്ടും മോശമാക്കിയിട്ടില്ല. ഒരേയൊരു ഗാനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത് അതും ഏറെ മികച്ചു നിന്നു.
എഡിറ്റിങ്ങിലേക്ക് വന്നാൽ അയൂബ് ഖാന് പകരം വന്ന VS Vinayakh അദ്ദേഹത്തിനൊപ്പം നിൽക്കുന്ന തരത്തിലാണ് ചിത്രത്തെ ചേർത്ത് വെച്ചിട്ടുള്ളത്. അത്യന്തം ആവേശം ജനിപ്പിച്ച സീനുകളിൽ അദ്ദേഹത്തിന്റെ എഡിറ്റിങ് പാടവവും വലിയൊരു മുതൽകൂട്ട് ആയിരുന്നു.
അഭിനേതാക്കളിലേക്ക് വന്നാൽ....
Mohanlal ലാലേട്ടൻ.... ആരോ പറഞ്ഞത് പോലെ ഫോം ഈസ് ടെമ്പററി ക്ലാസ്സ് ഈസ് പെർമനന്റ് എന്ന വാചകമൊക്കെ ദേ ഈ മനുഷ്യന് ഒക്കെയാണ് ചേരുന്നത്. ആ മനുഷ്യന്റെ അഭിനയ പാടവമൊന്നും എവിടേയും പോയ് പോകില്ല. പണി അറിയാവുന്ന ഒരു സംവിധായകന്റെ കൈയ്യിൽ കിട്ടിയാൽ അല്ലേൽ അദ്ദേഹത്തിലെ അഭിനേതാവിനെ സ്വാധീനിക്കുന്ന തിരക്കഥ കിട്ടിയാൽ അഭിനയത്തിന്റെ അക്ഷയപാത്രമായ ആ മനുഷ്യനിൽ നിന്നും ഒരുപാട് ജോർജ്ജ് കുട്ടിമാർ ഇനിയും പുറത്തേക്ക് വരും. തമാശ രംഗങ്ങളായിക്കൊള്ളട്ടെ, ഇമോഷണൽ സീൻസ് ആയിക്കൊള്ളട്ടെ ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ പൂണ്ട് വിളയാടിയ ജോർജ്ജ് കുട്ടിയെ അതിലും എനർജറ്റിക്ക് ആയിട്ട് തന്നെ രണ്ടാം ഭാഗത്തിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ആ മോഹന ഭാവങ്ങളുടെ തീക്ഷ്ണത കൂടി എന്നല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. വല്ലാത്തൊരു അഭിനേതാവ്. നടനവിസ്മയം. അല്ലേലും ഈ മനുഷ്യന്റെ അഭിനയത്തിനൊക്കെ മാർക്കിടാൻ മാത്രം ആരാ വളർന്നത്.
Meena..... ജോർജ് കുട്ടിയെപ്പോലെ തന്നെ റാണിയ്ക്കും പ്രകടനത്തിൽ ഒരു കോട്ടവും സംഭവിച്ചിട്ടില്ല.... എവെർഗ്രീൻ ആയി റാണിയും ജോർജ്ജ് കുട്ടിക്കൊപ്പം തന്നെ സ്കോർ ചെയ്തു. ആദ്യ ഭാഗത്തിലെപ്പോലെ തന്നെ മീന തന്റെ വേഷം മനോഹരമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ലാലേട്ടൻ ആയിട്ടുള്ള കോമ്പിനേഷൻ സീനുകൾ എല്ലാം ഗംഭീരമായിരുന്നു.
Ansiba Hassan.... ആദ്യ ഭാഗത്തേക്കാളും മികവുറ്റ പ്രകടനമാണ് രണ്ടാം ഭാഗത്തിൽ അൻസിബ നടത്തിയിട്ടുള്ളത്. അഞ്ജു എന്ന കഥാപാത്രത്തിന്റെ ഇമോഷൻസ് മനോഹരമായി തന്നെ അവര് പ്രേക്ഷകനിലേക്കെത്തിച്ചിട്ടുണ്ട്.
Esther Anil..... അനു എന്ന കഥാപാത്രം എസ്ഥറിന്റെ കൈകളിൽ ഭദ്രമായിരുന്നു. ആദ്യ ഭാഗത്തിലേത് പോലെ ഗംഭീര പെർഫോമൻസ് നടത്താൻ മാത്രം രണ്ടാം ഭാഗത്തിൽ അനുമോൾ എന്ന കഥാപാത്രത്തിന് സ്‌പേസ് ഇല്ലായിരുന്നു. എങ്കിലും തന്റെ വേഷം എസ്ഥർ ഭംഗിയാക്കിയിട്ടുണ്ട്.
Murali Gopy..... ലാലേട്ടന് ശേഷം ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് മുരളി ഗോപിയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് ദൃശ്യം 2 വിലെ തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രം. പ്രകടനത്തെ പറ്റി ഗംഭീരം എന്നേ പറയാനുള്ളൂ.
Anjali Nair.... ഈ പറഞ്ഞവർക്ക് ശേഷം ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം അഞ്ജലിയുടേതാണ്. സരിത എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അഞ്ജലി അവതരിപ്പിച്ചിട്ടുണ്ട്.
Sidhique , സായ്കുമാർ, Asha sharath , കോഴിക്കോട് നാരായണൻ നായർ, കെ.ബി.ഗണേഷ് കുമാർ, സുമേഷ് ചന്ദ്രൻ, അജിത് കൂത്താട്ടുകുളം, പോളി വിൽസൺ, Krishna Praba , ആദം അയൂബ്, കൃഷ്ണ, Boban Samuel , ദിനേശ് പ്രഭാകർ, Santhi Priya , etc തുടങ്ങിയ അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.
ചെറുതായി എതിരഭിപ്രായമുള്ള കാര്യങ്ങൾ.....
ചില രംഗങ്ങൾ ചില മെഗാ സീരിയൽ പോലുള്ള നിലവാരം മാത്രമുള്ളതായി തോന്നി.... അതേപോലെ ചില ഭാഗങ്ങളിലെ സംഭാഷണങ്ങളിൽ ഭയങ്കര നാടകീയതയും. അതേപോലെ ചില കാസ്റ്റിങ് ഒക്കെ കുറേക്കൂടെ നന്നാക്കാമായിരുന്നു എന്നും തോന്നി. ഒപ്പം അവസാന രംഗങ്ങളിലെ തത്രപ്പാടും. ചിത്രത്തിൽ ദുർബലമായിപ്പോയെന്ന് തോന്നിയ കാര്യങ്ങൾ ഇവയൊക്കെയായിരുന്നു.
ദൃശ്യം പോലെ തന്നെ പതിയെ തുടങ്ങി പിന്നീട് സിരകളിലേക്ക് ഒരു തരം പ്രകമ്പനം കടത്തിവിട്ടുകൊണ്ട് ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിക്കാത്ത തരത്തിലേക്ക് കഥയുടെ ഗതി തിരിച്ചു കൊണ്ട് പോയി ആവേശവും രോമാഞ്ചവും കലർത്തിക്കൊണ്ട് അവസാനിപ്പിക്കുന്ന രീതി തന്നെയാണ് ദൃശ്യം 2 വിലും ജീത്തു ഉപയോഗിച്ചിരിക്കുന്നത്. നാടൻ ഭാഷയിൽ പറഞ്ഞാൽ തണുത്ത വെള്ളത്തിൽ ഇരുത്തി എഴുന്നേൽപ്പിച്ച് മൂട്ടിൽ തീയിട്ടത് പോലുള്ള അവസ്ഥ. അവസാനത്തെ അര മണിക്കൂർ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
തിയ്യേറ്റർ എക്സ്പീരിയൻസ് നിർബന്ധമായിരുന്ന ഒരു ചിത്രമാണ് ദൃശ്യം 2. സിനിമ കണ്ടു കഴിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ സങ്കടമാണ് തോന്നിയത് ഒപ്പം നിർമ്മാതാവിനോട് ഭയങ്കര ദേഷ്യവും. കാരണം ഇങ്ങനൊരു ദൃശ്യാനുഭവം വലിയ സ്‌ക്രീനിൽ കാണാൻ പറ്റാഞ്ഞത് ഒരു സിനിമാ സ്നേഹിയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രഹരം തന്നെയാണ്..... തീരാനഷ്ടം തന്നെയാണ്. ചെറിയ സ്‌ക്രീനിൽ ഇത്രയ്ക്ക് ആവേശവും ഇമ്പാക്ടും ഈ ചിത്രത്തിന് തരാൻ സാധിച്ചെങ്കിൽ വലിയ സ്‌ക്രീനിൽ എന്താകുമായിരുന്നു അവസ്ഥ..... എന്നായാലും ഈ ചിത്രം തിയ്യേറ്ററിൽ റിലീസ് ആവുകയാണെങ്കിൽ ഒന്നിലധികം തവണ എന്തായാലും പോയി കണ്ടിരിക്കും തീർച്ച.
നാട്ടിൻ പുറത്തുകാരനായ നാലാം ക്ലാസുകാരന്റെ ബുദ്ധിയെ അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുത്.....
ജോർജ്കുട്ടി The Classic Criminal.
"The case which is closed and will never close."
ദൃശ്യം 2 ആദ്യ ഭാഗത്തിന്റെ ശോഭ മങ്ങാതെ കാത്ത ദൃശ്യവിസ്മയം. മികവിന്റെ തുടർച്ച.
അപ്പൊ ഒരിക്കൽ കൂടെ പറയുന്നു ദൃശ്യം ഡാ.....
(അഭിപ്രായം തികച്ചും വ്യക്തിപരം )
-വൈശാഖ്.കെ.എം
Drishyam 2 - കാലമേറെയായിട്ടും ശോഭ മങ്ങാത്ത ദൃശ്യചാരുതയുടെ മികവിന്റെ തുടർച്ച
Reviewed by
on
20:38
Rating:
Reviewed by
on
20:38
Rating:
No comments: