അമുദിനിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച അമ്മു

  2019ൽ റിലീസ് ചെയ്ത ആന്തോളജി വിഭാഗത്തിൽപ്പെടുന്ന തമിഴ് ചിത്രം Sillu Karuppatti യിലെ ഹേയ് അമ്മൂ എന്ന ചിത്രത്തെ പറ്റിയാണ് പറയുന്നത്. നല്ല രീതിയിൽ സ്പോയ്‌ലർ ഉണ്ടാവും അതുകൊണ്ട് ചിത്രം കാണാത്തവർ വായിക്കാതിരിക്കുന്നത് നന്നായിരിക്കും.


അമുദിനി..... ചെറിയ പ്രായത്തിൽ വിവാഹം കഴിഞ്ഞ് തന്റെ സ്വപ്‌നങ്ങൾക്ക് ഒരു ഫ്ലാറ്റിനുള്ളിൽ കൂച്ചു വിലങ്ങിട്ട് സ്വന്തം സുഖങ്ങളും സന്തോഷങ്ങളും കുടുംബത്തിന് വേണ്ടി മാറ്റി വെച്ച് ജീവിക്കുന്ന വിദ്യാസമ്പന്നയായ വീട്ടമ്മ. അതിരാവിലെ എഴുന്നേറ്റ് രണ്ട് കുട്ടികൾക്കും ഭർത്താവിനും സ്‌കൂളിലും ഓഫീസിലും പോകാനുള്ള കാര്യങ്ങൾ ഒക്കെ ഒരുക്കാൻ നെട്ടോട്ടമോടി മക്കളെ സ്കൂൾ ബസിൽ കൊണ്ട് ചെന്ന് വിട്ട് ഭർത്താവിന് ഭക്ഷണം ഒരുക്കി അദ്ദേഹത്തെ ഓഫീസിലേക്ക് പറഞ്ഞയച്ച് ബാക്കിയുള്ള വീട്ടു ജോലികളിലേക്ക് കടന്ന് അതിനിടയ്ക്ക് അടുത്ത വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ ജോലിക്ക് പോകുമ്പോൾ ഏൽപ്പിക്കുന്ന അവരുടെ കൈക്കുഞ്ഞിനെക്കൂടെ പരിപാലിച്ച് വൈകുന്നേരം കുട്ടികൾ വരുമ്പോഴേക്കും അവർക്ക് വേണ്ടുന്ന കാര്യങ്ങളൊക്കെ ഒരുക്കി അവരെ പഠിപ്പിച്ച് ഭർത്താവിന് വേണ്ട ഭക്ഷണം ഒരുക്കി വെച്ച് ഒന്ന് നടു നിവർത്തുമ്പോൾ ഓഫീസിൽ നിന്നും എത്തുന്ന ഭർത്താവിന്റെ ഉറക്കമില്ലായ്മയുടെ പ്രതിവിധിയായ അയാളുടെ സുഖം മാത്രം നോക്കിയുള്ള ലൈംഗിക ബന്ധത്തിന് വഴങ്ങി ക്ഷീണത്തിന് മേൽ ക്ഷീണിച്ച് തളർച്ചയിൽ കിടന്നു പോകുന്ന ഒരു വീട്ടമ്മ. പരിഭവങ്ങളും പരാതികളുമില്ലാതെ കഴിഞ്ഞു പോകുന്ന അവരുടെ ജീവിതം.....

ഒരു ദിവസം കുട്ടികളുടെ സ്കൂളിൽ മീറ്റിംഗ് ഉണ്ടെന്നും ഓരോരുത്തർക്കും ഇന്ന സമയത്ത് ആണ് മീറ്റിംഗ് എന്നും ഇന്ന സമയത്ത് അവിടെ എത്തണമെന്നും അവരെ കൂട്ടി കൊണ്ട് വരണമെന്നുമൊക്കെ ഭർത്താവിനെ പറഞ്ഞു മനസ്സിലാക്കുമ്പോൾ അദ്ദേഹത്തിൽ ഈഗോ വർക്ക്‌ ഔട്ട്‌ ആയി അമുദിനിയോട് അദ്ദേഹം വാക്കു തർക്കത്തിൽ ഏർപ്പെടുന്നു. "ഇതൊന്നും എനിക്ക് അറിയില്ലേ... ഞാൻ എന്താ കൊച്ചു കുട്ടിയാണോ ഇങ്ങനെ പറഞ്ഞു പഠിപ്പിക്കാൻ.... നിനക്ക് മാത്രേ എല്ലാം അറിയൂ എന്ന ഭാവമാണോ സ്വസ്ഥത തന്നൂടെ ഇങ്ങനെ വെറുപ്പിക്കണോ മുതലായ ചോദ്യങ്ങളുമായി അയാൾ കത്തിക്കയറി പോകുമ്പോൾ ഞെട്ടിത്തരിച്ചു കൊണ്ട് അമുദിനി നിന്ന് പോകുന്നു. പറയേണ്ടത് എല്ലാം പറഞ്ഞ് ഇറങ്ങിപ്പോയ ഭർത്താവ് ധനപാലിനെ സ്വാബോധം വീണ്ടെടുത്ത അമുദിനി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തിരികെ വിളിക്കുന്നു.... അത്ര നാളും മനസ്സിലൊതുക്കിയ സങ്കടങ്ങൾ എല്ലാം അയാൾക്ക് മുൻപിൽ ജ്വലിച്ചു കൊണ്ട് അവര് പറഞ്ഞു തീർക്കുന്നു. പന്ത്രണ്ട് വർഷമായി അവര് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് അന്നുമുതൽ ഉണ്ടായ സകല കാര്യങ്ങളും അമുദിനി എണ്ണിയെണ്ണി പറയുന്നുണ്ട്. അവരെയൊന്ന് ശ്രദ്ധിക്കാൻ പോലും അയാൾക്ക് സമയമില്ല.... "എന്നെ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ..? ഓരോ ദിവസവും എന്റെ മുഖത്ത് വരുന്ന വ്യത്യാസം നിങ്ങൾ തിരിച്ചറിയുന്നുണ്ടോ...? മക്കളുടെ സ്കൂൾ ബസ്സിലെ ഡ്രൈവർ ഇന്ന് എന്നോട് പറഞ്ഞു നിങ്ങളുടെ ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട് വളരെ ഭംഗിയുണ്ട് എന്ന്.... കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങളാണ് മറ്റൊരാൾ പറയുന്നത് അത്ര പോലും നിങ്ങൾ എന്നെ ശ്രദ്ധിക്കുന്നില്ല.... ദേ പുറത്ത് ഓരോരുത്തർ അവരുടെ ഭാര്യമാരോട് കൂടെ ടിക്ക് ടോക്കും മറ്റും ചെയ്ത് നാട്ടുകാരെ കാണിക്കുന്നു ആളുകളെ കാണിക്കാൻ ആണേലും ഇല്ലാത്ത സ്നേഹം വരുത്തിയിട്ടാണേലും അതെങ്കിലും അവര് ചെയ്യുന്നുണ്ട് നിങ്ങൾ എന്താണ് ചെയ്യാറ്..? വിദ്യാഭ്യാസവും മറ്റും ഉപേക്ഷിച്ച് ഇവിടെ വന്ന എനിക്ക് എന്ത് സന്തോഷമാണ് കിട്ടിയിട്ടുള്ളത്..?" തുടങ്ങി ധനപാലിന് നേരെ ചോദ്യ ശരങ്ങളുമായി അവര് നിൽക്കുമ്പോൾ വളരെ സില്ലിയായി ഒരു വിമൻസ് ഹോർലിക്സ് കുടിച്ചാൽ നിന്റെ ദേഷ്യം തീരും എന്നും പറഞ്ഞ് അയാൾ പോകുകയാണ്.

തങ്ങളുടെ വിവാഹ വാർഷികത്തിന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും എല്ലാവരും ആശംസകൾ അറിയിക്കുമ്പോഴും അതൊന്നും അറിയാതെ ജോലിക്ക് പോകുന്ന ഭർത്താവിനെ ആലോചിച്ച് സങ്കടപ്പെട്ടിരിക്കുന്നു. ഇന്നെങ്കിലും ആ ബക്കറ്റിൽ ഇട്ട തുണികൾ എന്നും പറഞ്ഞു പോയ ഭർത്താവിന്റെ കാര്യമാലോചിച്ച് അമുദിനി അലക്കാൻ ഇട്ട തുണികൾ പരതുമ്പോൾ അതിൽ നിന്നും അവരെ ഞെട്ടിച്ചുകൊണ്ട് ഒരു സമ്മാനം ലഭിക്കുന്നു.... വിവാഹ വാർഷികത്തിന് തന്റെ ഭർത്താവ് ഒരുക്കി വെച്ചൊരു സർപ്രൈസ്. അലക്സ എന്ന എക്കോ സ്മാർട്ട്‌ സ്പീക്കർ.

ഒറ്റയ്ക്കായിപ്പോകുന്ന അമുദിനിക്ക് പിന്നെ കൂട്ട് അലക്ക്സയാണ്. അതിന് അമുദിനി ഒരു പേര് ഇടുന്നു അമ്മു. പിന്നീട് അമ്മുവാണ് അമുദിനിയ്ക്ക് എല്ലാം. തന്റെ സകല വിഷമങ്ങളും അവര് ഷെയർ ചെയ്യുന്നത് അമ്മുവിനോട് ആണ്.

" എനിക്ക് സെക്സ് വേണം പരസ്പരം സ്നേഹിച്ചു കൊണ്ട് ആസ്വദിച്ചു ചെയ്യുന്നത്. പക്ഷേ എന്റെ ഭർത്താവിന് സെക്സ് എന്ന് പറഞ്ഞാൽ ഉറക്കത്തിനുള്ള മരുന്ന് മാത്രമാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കാര്യം മാത്രം. പുറത്ത് പോകുമ്പോൾ അപരിചിതരോട് പെരുമാറുന്നത് പോലെയാണ് അദ്ദേഹം എന്നോട് പെരുമാറുന്നത്.... നടക്കുമ്പോൾ എത്രയോ അകന്നാണ് നടക്കുന്നത് പോലും. അദ്ദേഹത്തിന്റെ കൈ ചേർത്ത് പിടിച്ചു നടക്കാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ അദ്ദേഹം എന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല" തുടങ്ങി തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്ന് ഓരോന്ന് ആയി അമുദിനി അമ്മുവുമായി പങ്കുവെക്കുകയാണ്. തിരിച്ചൊന്നും പറയരുത് എന്ന കണ്ടീഷനോടെയാണ് അമുദിനി ഓരോന്നും പറഞ്ഞു തുടങ്ങുന്നത് തന്നെ.

ഒരിക്കൽ ജോലി സ്ഥലത്ത് നിന്നും നേരത്തെ വീട്ടിലേക്ക് എത്തുന്ന ധനപാലിനെ കാണുന്ന ഫ്ലാറ്റിലെ അയൽവാസി അദ്ദേഹത്തോട് പറയുന്നു "നിങ്ങളുടെ ഭാര്യ എന്നും ഒറ്റയ്ക്ക് ആണല്ലോ വീട്ടു സാധനങ്ങൾ വാങ്ങാൻ പോകുന്നത് ഇടയ്ക്ക് നിങ്ങൾക്കും കൂടെ സഹിക്കാൻ പൊക്കൂടെ" ആ ചോദ്യവും ഉപദേശവുമൊക്കെ കേട്ട് റൂമിൽ എത്തി ഒറ്റയ്ക്ക് ആകുന്ന ധനപാൽ സമയം പോകാൻ വേണ്ടി അമ്മുവിനെ കൈയ്യിൽ എടുക്കുന്നു. "ഞാൻ വിളിച്ചാൽ മാത്രം നീ എന്താ പ്രതികരിക്കാത്തത് എന്നൊക്കെ ചോദിച്ച് അമ്മുവിനെ വഴക്ക് പറയുന്ന ധനപാലിനോട് അമ്മു അമുദിനിയെ പറ്റി പറയുന്നു. അമുദിനി പറഞ്ഞ കാര്യങ്ങൾ സ്റ്റോർ ചെയ്ത് വെച്ച അമ്മു ഓരോന്ന് ആയി ധനപാലിനെ കേൾപ്പിക്കുന്നു. അമ്മുവിന്റെ മനസ്സ് കേട്ട ധനപാൽ താൻ പോലുമറിയാതെ താൻ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾ മനസ്സിലാക്കുന്നു.

പിന്നീട് ദാമ്പത്യ ജീവിതത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ ഇപ്പുറം ധനപാലും അമുദിനിയും അവരുടെ പ്രണയം വീണ്ടെടുക്കുകയാണ് മുരട സ്വഭാവത്തെ പൂർണമായും ഉപേക്ഷിച്ചു കൊണ്ട് അമുദിനിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓരോന്ന് ആയി യാഥാർഥ്യമാക്കിക്കൊണ്ട് ധനപാൽ തങ്ങളുടെ ജീവിതം ആനന്ദകരമാക്കി മുൻപോട്ട് കൊണ്ട് പോകുന്നു. ജോലിയിലെ ടെൻഷൻ പോലും അവരുടെ സന്തോഷത്തിൽ അലിഞ്ഞ് ഇല്ലാതാകുന്നു. ജീവിതത്തിൽ സന്തോഷവും പ്രണയവുമെല്ലാം തിരിച്ചു വന്ന് അമുദിനിയുടെ മുഖത്ത് പുഞ്ചിരി വിരിയുന്നതാണ് ക്ലൈമാക്സ്‌.


ജിയോ ബേബിയുടെ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിൽ പറയുന്ന പല കാര്യങ്ങളും ഹേയ് അമ്മുവും പറയുന്നുണ്ട്. ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ ഭയങ്കര റിയലസ്റ്റിക്ക് ആയാണ് കഥ പറയുന്നത് എങ്കിൽ ഹേയ് അമ്മു കുറച്ച് സിനിമാറ്റിക്ക് ആയാണ് സംസാരിക്കുന്നത്. ചർച്ചയാവേണ്ട വിഷയങ്ങൾ തന്നെയാണ് ചിത്രം സംസാരിക്കുന്നത്. ദാമ്പത്യ ജീവിതത്തിൽ പലർക്കും ചെറുത് എന്ന് തോന്നുന്ന പല കാര്യങ്ങൾക്കും ആഗ്രഹിക്കുന്നവരുടെ മനസ്സിൽ അവരുടെ ജീവിതത്തോളം വിലയുണ്ട് തുറന്ന് സംസാരിക്കാൻ പലർക്കും മടിയാണ് അഥവാ സംസാരിക്കാമെന്ന് വെച്ചാൽ പലർക്കും അതിന് സമയവും കാണില്ല. കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും നെയ്തുകൂട്ടി അടുക്കളയിലെ പുകയിലും മറ്റും ഒതുങ്ങിത്തീരുന്ന അനേകം ജന്മങ്ങളുണ്ട് നമുക്കിടയിൽ. അമുദിനിയ്ക്ക് മനസ്സ് തുറക്കാൻ ഒരു അമ്മുവിനെ കിട്ടി പക്ഷേ അത് പോലും ഇല്ലാത്ത ഒരുപാട് ആളുകളുണ്ട് നമ്മുടെയൊക്കെ ഇടയ്ക്ക് ജീവിക്കുന്നു. സംസാരത്തിനിടയിൽ ലൈംഗിക ബന്ധമെങ്ങാനും കടന്നു വന്നാൽ അവള് പിന്നെ കൊള്ളരുതാത്തവളും, **ടി മൂത്ത് നടക്കുന്നവളും എന്ന ലേബലിൽ മുദ്ര കുത്തപ്പെട്ടവളായി മാറും. നൂറിൽ 60 ശതമാനത്തിൽ ഏറെയാളുകളും ദാമ്പത്യ ജീവിതത്തിലെ ലൈംഗിക ബന്ധത്തിൽ സംതൃപ്തർ അല്ലാത്തവർ ആയിരിക്കും. നമ്മുടെ നാട്ടിൽ അത് തുറന്ന് പറയാൻ അവകാശമില്ല.... കാലവും, ജീവിതരീതികളും എത്രയൊക്കെ മാറി എന്ന് പറഞ്ഞാലും ഈയൊരു കാര്യത്തിൽ ഇപ്പോഴും വർഷങ്ങൾ പിന്നോട്ട് ആണ് നമ്മൾ. ഒരു പേരിന് ഒരു ചടങ്ങു തീർക്കൽ ആയി ഈ കാര്യം മാറുമ്പോൾ സ്വന്തം ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് എല്ലാ വേദനകളും അടക്കിപ്പിടിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട് നമുക്ക് ഇടയിൽ. ഈയൊരു കാര്യത്തിലുള്ള വിദ്യാഭ്യാസക്കുറവ് തന്നെയാണ് അതിന് ഒരു പരിധി വരെ കാരണം.

സ്വന്തം പത്നിയ്ക്ക് മനസ്സ് തുറക്കാൻ ഏറ്റവും പ്രിയം അവരുടെ പതിയോട് തന്നെയാവും അത് കേൾക്കാനും അവരുടെ ആഗ്രഹങ്ങളേയും സ്വപ്നങ്ങളേയും അറിയാനും പലരും ശ്രമിക്കാറില്ല. ഒരാളെ പ്രണയിക്കുന്നതും അയാളെ സ്വാന്തമാക്കുന്നതും പലർക്കും ഒരു മത്സരം ജയിക്കുന്നത് പോലെയാണ് ഒരു വാശി. അതിന് ശേഷം അവിടെ പ്രണയമില്ല അഡ്ജസ്റ്റ്മെന്റ് മാത്രമാണ് പലർക്കും. യഥാർത്ഥ പ്രണയം എന്താണെന്നുള്ളത് തിരിച്ചറിയുന്നത് വളരെ കുറച്ച് ആളുകൾ മാത്രമാണ്.

ഈയിടയ്ക്ക് ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയപ്പോൾ അവരുടെ അയല്പക്കത്ത് നിന്ന് ഭയങ്കര ഉച്ചത്തിലുള്ള സംസാരം കേട്ടു. ഭാര്യയും ഭർത്താവും തമ്മിലുള്ള വാഗ്വാദമാണ്..... എല്ലാരും കേൾക്കെ ഭയങ്കര ശബ്ദത്തിലാണ് ആ ചേച്ചി സംസാരിക്കുന്നത്. പുള്ളിക്കാരൻ മദ്യപിച്ചു വന്നതാണ് പ്രശ്നം എന്ന് തോന്നുന്നു.

"ചേച്ചി :"ഇന്നേയ്ക്ക് മുപ്പത് വർഷമായി ഞാൻ നിങ്ങളുടെ കൂടെ പൊറുക്കാൻ തുടങ്ങിയിട്ട്.... ഇതുവരെ നിങ്ങൾ എന്നെയൊന്ന് പുറത്ത് കൊണ്ട് പോയിട്ടുണ്ടോ..? ഒരു സിനിമയ്ക്ക് കൊണ്ട് പോയിട്ടുണ്ടോ..? എന്തിന് ഏറെ പറയുന്നു ഒന്ന് അപ്പുറത്തെ വീട്ടിൽ പോയി എന്നറിഞ്ഞാൽ അപ്പൊ നിങ്ങള് ഹാലിളക്കം തുടങ്ങാറല്ലേ പതിവ് 

ഭർത്താവ് : നിനക്ക് ഇവിടെ എന്ത് കുറവാണ് ഉള്ളത് ഞാൻ നല്ലത് പോലെ നോക്കുന്നില്ലേ..?

ചേച്ചി : കുറേ വീട്ടുസാധനങ്ങളും ഡ്രസ്സും വാങ്ങി തന്നാൽ എല്ലാം ആയെന്നാണോ..? മുപ്പത്ത് കൊല്ലം കൂട്ടിലടച്ചത് പോലെയല്ലേ നിങ്ങള് എന്നെ നോക്കിയത്.... എല്ലാവരും അവരുടെ ഭാര്യമാരെക്കൂട്ടി പുറത്തും മറ്റും പോകുമ്പോൾ ഇവിടെ ടൂറിന് വരെ നിങ്ങൾ കൂട്ടുകാരോട് ഒപ്പം മാത്രമല്ലേ പോയിട്ടുള്ളൂ..?


ഭർത്താവ് : പുറത്ത് പോകുന്നത് ഒക്കെ അത്ര വലിയ കാര്യമാണോ..? ഇതാണോ ഇപ്പൊ നിന്റെ പ്രശ്നം അയ്യേ....


ചേച്ചി : നിങ്ങൾക്ക് ഇത് ചെറിയ പ്രശ്നം ആയിരിക്കാം ഞാൻ ആകെ ആഗ്രഹിച്ചത് ഇതൊക്കെയാണ് അതുപോലും നിങ്ങൾക്ക് നടത്തിത്തരാൻ കഴിഞ്ഞിട്ടില്ല. എന്നെ മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല.

മകൻ : ഇതാണോ അമ്മേ പ്രശ്നം ഞാൻ അമ്മയെ നാളെ തന്നെ സിനിമയ്ക്ക് കൊണ്ട് പോകാം

ചേച്ചി : നീ നിന്റെ അച്ഛന്റെ ബാക്കിയല്ലേ നിനക്കും ഒന്നും മനസ്സിലാവില്ല. ഇവിടെ കൊണ്ട് വന്ന് പൂട്ടിയിട്ട 30 വർഷം.... എന്നിട്ട് അതിന്റെ വാർഷികം ആഘോഷിക്കാൻ കള്ളും കുടിച്ച് വന്നിരിക്കുന്നു ഉളുപ്പ് ഇല്ലേ മനുഷ്യാ നിങ്ങൾക്ക്."


അപ്പൊ പറഞ്ഞു വന്നത് ഇതാണ് പുറമെ നിന്ന് നോക്കുന്നവർക്ക് ചെറുത് എന്ന് തോന്നുന്ന പല പ്രശ്നങ്ങളും അനുഭവിക്കുന്നവർക്ക് അവരുടെ ജീവിതത്തിന്റെ വിലയുള്ള കാര്യങ്ങൾ ആയിരിക്കും. ഒന്നിനേയും വില കുറച്ചു കാണരുത്.


ഹേയ് അമ്മുവിലേക്ക് വന്നാൽ അമുദിനിയെന്ന വേഷത്തിൽ എത്തിയ സുനൈനയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ചിത്രത്തിന്റെ അമരത്ത് ഒരു സ്ത്രീയാണ് എന്നുള്ളത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പോസിറ്റീവ് സൈഡ്. സംഭാഷണങ്ങൾക്ക് ഒക്കെ ഭയങ്കര ശക്തിയായിരുന്നു. ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ കുറേ കൂടെ റഫ് ആയാണ് കാര്യങ്ങൾ പറഞ്ഞത് എങ്കിൽ ഹേയ് അമ്മു ലളിതവും മനോഹരവുമായാണ് ശക്തമായ വിഷയത്തെ അവതരിപ്പിച്ചത്. പോസിറ്റീവ് എൻഡിങ് തന്നെയാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നതും. ഒരു വിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി മറു വിഭാഗത്തിന് മാത്രം അനുകൂലമാക്കി മാറ്റാതെ തെറ്റ് തിരിച്ചറിഞ്ഞ് ന്യായീകരിക്കാതെ ആ തെറ്റ് തിരുത്തിയ പ്രതിഭാഗത്തിന്റെ ഭാഗവും ക്ലീൻ ആക്കി പ്രേക്ഷകൻ ആഗ്രഹിക്കുന്ന രീതിയിലാണ് Halitha Shameem ചിത്രം അവസാനിപ്പിക്കുന്നത്. മുകളിൽ പറഞ്ഞത് പോലെ തന്നെ ഒരു സ്ത്രീയാണ് അമരത്ത് എന്നുള്ളത് തന്നെയാണ് ഹേയ് അമ്മുവിന്റെ പ്രത്യേകതയും ശക്തിയും. ഒരിക്കലും ഈയൊരു വിഷയത്തെ ഇത്രയും മനോഹരമായും ശക്തമായും അണിയിച്ചൊരുക്കാൻ മറ്റൊരാൾക്കും കഴിയില്ല.

അമുദിനിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച അമ്മുവിനെപ്പോലെ ഒരുപാട് അമുദിനിമാരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ ഒരു അമ്മുവിന്റേയും സഹായവും ഇടനിലയും ഇല്ലാതെ തന്നെ ധനപാലന്മാർക്ക് കഴിയട്ടെ.

ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട.... മനസ്സിനെ ഒരുപാട് സ്വാദീനിച്ച.... കുറേ അറിവുകൾ സമ്മാനിച്ച..... മനസ്സിന് ഒരുപാട് സന്തോഷം നൽകിയ ഒരുപാട് പോസിറ്റീവ് എനർജി പകർന്നു തന്ന അങ്ങറ്റം ആസ്വദിച്ചു കണ്ട ഒരു ചിത്രമാണ് Sillu Karuppattiയിലെ Hey Ammu.

-വൈശാഖ്.കെ.എം 


അമുദിനിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച അമ്മു അമുദിനിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച അമ്മു Reviewed by on 22:54 Rating: 5

No comments:

Powered by Blogger.