Sillu Karuppatti

  
കാണാൻ ഏറെ വൈകിപ്പോയൊരു മധുര മനോഹര ദൃശ്യാനുഭവം.

2019-ൽ റിലീസ് ആയ ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രം പറയുന്നത് നാല് പ്രണയ കഥകളാണ്. നാല് കഥകളേയും കോർത്തിണക്കിത്തന്നെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതും. പിങ്ക് ബാഗ്, കാക്ക കടി,ടർട്ടിൽസ്,ഹേയ് അമ്മു എന്നീ നാല് ചിത്രങ്ങളും സംസാരിക്കുന്ന വിഷയം പ്രണയം തന്നെയാണ്. ചിത്രത്തിന്റെ കഥകളും കഥാപാരിസരങ്ങളും തമ്മിൽ ഒരുപാട് അന്തരമുണ്ട് അതിലുപരി അതിലേറെ പ്രത്യേകതകളും നിറഞ്ഞതാണ്. വിവിധ പ്രായങ്ങളിലും വിവിധ സംസ്കാരങ്ങളിലും ജീവിക്കുന്നവരുടെ സ്നേഹത്തിന്റെ വേറിട്ട തലങ്ങൾ സംസാരിക്കുകയാണ് ചിത്രം.

പിങ്ക് ബാഗ്

നഗരത്തിൽ മാലിന്യ നിർമ്മാർജ്ജനം നടത്തുന്നിടത്ത് നിന്നും പഴയ സാധനങ്ങൾ പെറുക്കിയെടുത്ത് നടക്കുന്ന മാഞ്ച എന്ന കൗമാര പ്രായാക്കാരന്റേയും എല്ലാവിധ സുഖ സൗകര്യങ്ങളോടേയും ജീവിക്കുന്ന മിട്ടി എന്ന പെൺകുട്ടിയുടേയും കഥയാണ് പിങ്ക് ബാഗ് എന്ന ചിത്രം സംസാരിക്കുന്നത്. ചിത്രത്തിന്റെ പേര് പോലെ തന്നെ മാലിന്യ കൂമ്പാരത്തിൽ നിന്നും മാഞ്ചായ്ക്ക് ലഭിയ്ക്കുന്ന ഒരു പിങ്ക് ബാഗിനെ ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ട് പോകുന്നത്. സമൂഹത്തിന്റെ രണ്ട് വ്യത്യസ്ഥ തലങ്ങളിൽ ജീവിക്കുന്ന രണ്ട് കുട്ടികളുടെ സ്‌നേഹത്തിന്റെ കഥയാണ് പിങ്ക് ബാഗ് സംസാരിക്കുന്നത്.  നിഷ്കളങ്ക സ്നേഹത്തിന് മുൻപിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല എന്ന് ചിത്രം പറഞ്ഞു തരുന്നു. മാഞ്ച എന്ന കഥാപാത്രമായെത്തിയ രാഹുലും മിട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാറാ അർജുനും മനോഹരമായ പ്രകടനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്. മറ്റുള്ള അഭിനേതാക്കളും അവരവരുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.

കാക്കാ കടി

കാക്കാ കടി എന്ന ചിത്രം രണ്ട് സാഹചര്യങ്ങളിൽ വളർന്നു വന്ന ഒരു യുവാവിന്റേയും യുവതിയുടേയും കഥ പറയുന്നു. ഷെയർ റൈഡിലൂടെ ദിവസേന കണ്ട് പരിചയത്തിലാകുന്ന മുഖിലൻ എന്ന യുവാവിന്റേയും മധു എന്ന യുവതിയുടേയും കഥയാണ് ചിത്രം പറയുന്നത്. ജീവിതത്തിന് ഫുൾ സ്റ്റോപ്പ്‌ വീണുവെന്ന ചിന്തയിൽ ജീവിക്കുന്ന മുഖിലന്റെ ജീവിതത്തിലേക്ക് താങ്ങായി കടന്നു വരുന്ന മധുവും പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതവും മനോഹരമായാണ് കാണിച്ചിരിക്കുന്നത്. മുഖിലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുഖിലൻ വിശ്വനാഥും മധു എന്ന കഥാപാത്രമായെത്തിയ നിവേദിത സതീഷും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്.

ടർട്ടിൽസ്

വാർദ്ധക്യ കാലം ഒറ്റയ്ക്ക് ജീവിച്ചു തീർക്കുന്ന യാശോദയുടേയും നവനീതന്റേയും കഥയാണ് ടർട്ടിൽസ് പറയുന്നത്. ഇരുവരുടേയും കണ്ടുമുട്ടലും സായാഹ്നത്തിലെ സവാരിയും അതിലൂടെയുള്ള കണ്ടെത്തലുകളും പിന്നീട് ഒരാൾക്ക് മറ്റൊരാൾ താങ്ങ് ആവുന്നതുമാണ് ടർട്ടിൽസ്. പ്രണയത്തിന് പ്രായമില്ലെന്ന് വരച്ചു കാണിക്കുന്ന മനോഹരമായ ചിത്രം. യശോധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലീല സാംസണും നവനീതനായെത്തിയ ശ്രീരാമും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മനോഹരമായൊരു ചിത്രമാണ് ടർട്ടിൽസ്.

ഹേയ് അമ്മു

രണ്ട് കുട്ടികളുടേയും ഭർത്താവിന്റേയും കാര്യം നോക്കി സ്വപ്‌നങ്ങളെ കടിച്ചൊതുക്കി ഒരു ഫ്ലാറ്റിനുള്ളിൽ കഴിഞ്ഞു കൂടുന്ന അമുദിനിയുടെ കഥാപറയുന്ന ചിത്രമാണ് ഹേയ് അമ്മു. കുട്ടികളുടേയും ഭർത്താവിന്റേയും കാര്യങ്ങൾ നോക്കി അടുക്കളയിൽ ഒതുങ്ങിപ്പോയ ഒരു ചെറുപ്പക്കാരിയുടെ സ്വപ്‌നങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. എത്രയൊക്കെ നന്നായി കുടുംബം പരിചരിച്ചിട്ടും ഭർത്താവിൽ നിന്നും നേരിടുന്ന അവഗണന സഹിക്ക വയ്യാതെ അതിനെതിരെ അമുദിനി ശബ്ദമുയർത്തുന്നതോടെ ചിത്രം കൂടുതൽ ഗംഭീരമാകുന്നു. പിന്നീട് ഭാര്യയെ മനസ്സിലാക്കി അവരുടെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറക് മുളപ്പിക്കാൻ താങ്ങായി മാറുന്ന ഭർത്താവ്.....ദാമ്പത്യത്തിന്റെ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തങ്ങളിലെ പ്രണയം കണ്ടെത്താൻ ശ്രമിക്കുന്ന ധനപാലിന്റേയും അമുദിനിയുടേയും പിന്നീടുള്ള ജീവിതം അത്രമേൽ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അമുദിനിയായെത്തിയ സുനൈനയും ധനപാൽ എന്ന കഥാപാത്രമായെത്തിയ സമുദ്രക്കനിയും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. (ഈയൊരു ചിത്രത്തെ പറ്റി കൂടുതൽ പറയേണ്ടതുണ്ട് മറ്റൊരു പോസ്റ്റിൽ അതേപറ്റി കൂടുതൽ എഴുതണം എന്ന് വിചാരിക്കുന്നു)

നാല് ചിത്രങ്ങളുടേയും ഏറ്റവും വലിയ പ്രത്യേകത ഭയങ്കര പോസിറ്റീവിറ്റിയാണ് ചിത്രങ്ങൾ പകർന്നു തരുന്നത്. നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെ മാത്രം കണ്ടു തീർക്കാൻ പറ്റുന്ന അതിമനോഹരമായ ദൃശ്യാനുഭവം. പ്രണയത്തിന്റെ അതിമനോഹരമായ വിവിധ തലങ്ങളാണ് ചിത്രം വരച്ചു കാണിക്കുന്നത്.

Halitha Shameem അതി ഗംഭീരമായാണ് Sillu Karuppatti രചിച്ചതും സംവിധാനം ചെയ്തതും. അതിമനോഹരമായ ഒരുപാട് ചിന്തിപ്പിക്കുന്നൊരു ദൃശ്യാനുഭവം ഒരുക്കി തന്നതിന് അവർക്ക് ഹൃദയം നിറഞ്ഞ നന്ദി. ചിത്രത്തിന്റെ മറ്റുള്ള ടെക്ക്നിക്കൽ സൈഡുകളും മികച്ചു നിന്നിട്ടുണ്ട്.

അങ്ങറ്റം പോസിറ്റീവിറ്റി പകർന്നു തരുന്ന പ്രണയാതുരമായ ഒരു ദൃശ്യാനുഭവമാണ് Sillu Karuppatti. കാണാത്തവരുണ്ടേൽ കാണാൻ ശ്രമിക്കുക.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
Sillu Karuppatti Sillu Karuppatti Reviewed by on 09:04 Rating: 5

No comments:

Powered by Blogger.