മാസ്റ്റർ
സൂപ്പർ താരത്തിനും ആരാധകർക്കും വേണ്ടി സംവിധായകൻ വിട്ടുവീഴ്ച്ച ചെയ്ത് തന്റെ ശൈലിയിൽ നിന്ന് അല്പം മാറിപ്പോയപ്പോൾ അവസാന അരമണിക്കൂർ കൈവിട്ടു പോയൊരു ചിത്രം.
മാനഗരവും, കൈതിയും പ്രതീക്ഷിച്ചു പോകുന്ന ലോകേഷ് കനഗരാജ് ആരാധകർക്ക് ചിത്രത്തിന്റെ മൂർദ്ധന്യം വലിയൊരു കല്ലുകടിയാകും. വിജയ് ആരാധകർക്ക് വേണ്ടതെല്ലാം ലോകേഷ് ഒരുക്കി കൊടുത്തിട്ടുണ്ട്. വിജയ് എന്ന അഭിനേതാവിനെ ഫ്രഷ് ആയി അദ്ദേഹം ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് ചില സ്ഥലത്തൊക്കെ അദ്ദേഹം അതിൽ വിജയിച്ചിട്ടുമുണ്ട്.
വിജയ് സേതുപതി എന്തൊരു അഭിനേതാവണയാൾ.... മൃഗീയസ്വഭാവമുള്ള ഭവാനിയെന്ന പ്രതിനായകനായുള്ള അയാളുടെ അഴിഞ്ഞാട്ടമാണ് ചിത്രത്തിലുടനീളം. പ്രകടനത്തിന്റെ കാര്യത്തിൽ ഒന്ന് മുതൽ പത്ത് വരെ അയാൾക്ക് തന്നെയാണ് സ്ഥാനം അതിന് ശേഷമേ മറ്റുള്ളവർ വരുന്നുള്ളൂ. വല്ലാത്ത ആഴമാണ് ഭവാനിയുടെ കഥാപാത്രത്തിന്. നായക കഥാപാത്രം പോലും അപൂർണമായി നിൽക്കുമ്പോൾ പൂർണതയോടെ നിൽക്കുന്നൊരു കഥാപാത്രം ഭവാനി മാത്രമാണ്.
ദളപതി വിജയ്.... അദ്ദേഹത്തിൽ നിന്ന് ആരാധകർ ആഗ്രഹിക്കുന്ന ട്രീറ്റ് അദ്ദേഹം മാസ്റ്ററിലും തരുന്നുണ്ട്. JD എന്ന പ്രൊഫസർ ആയി പുള്ളി നിറഞ്ഞു നിന്നിട്ടുണ്ട് ചിത്രത്തിൽ. ക്ലൈമാക്സ് അടുക്കുന്നത് വരെയുള്ള രംഗങ്ങൾ ആ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ അതിന്റെ ഭംഗിയോടെ തന്നെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
ബാക്കിയുള്ള അഭിനേതാക്കൾക്കൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. ശന്തനുവും, ഗൗരിയും, രമ്യ സുബ്രഹ്മണ്യനും, അർജുൻ ദാസും, മലയാളി സാന്നിധ്യങ്ങളായ കുളപ്പുള്ളി ലീലയും, ലിന്റു റോണിയും അടക്കമുള്ള താരനിരയ്ക്ക് വലുതായി ഒന്നും ചെയ്യാനില്ലായിരുന്നു.
മാളവികയുടേയും, ആൻഡ്രിയയുടേയും പ്രകടനങ്ങൾ കല്ലുകടിയായി തോന്നി.
വിജയ്, വിജയ് സേതുപതിമാർക്ക് ശേഷം തിയ്യേറ്ററിൽ ഓളമുണ്ടാക്കിയത് ഉണ്ടിയൽ എന്ന കഥാപാത്രമായെത്തിയ കുട്ടിയാണ്. ആ കുട്ടിയുടെ പ്രകടനം മനോഹരമായിരുന്നു.
സത്യൻ സൂര്യന്റെ ചായാഗ്രഹണം എടുത്ത് പറയേണ്ട ഒന്നാണ്. മികച്ച രീതിയിൽ തന്നെ അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും നിലവാരമുള്ളതായിരുന്നു.
ലോകേഷ് പറഞ്ഞത് പോലെ മാസ്റ്റർ അൻപത് ശതമാനം വിജയ് പടവും അൻപത് ശതമാനം ലോകേഷ് പടവും തന്നെയാണ് പക്ഷേ തന്റേതല്ലാത്ത അൻപത് ശതമാനം അദ്ദേഹത്തിന്റെ കൈയ്യിൽ ഒതുങ്ങിയില്ല എന്ന് മാത്രം. അദ്ദേഹത്തിന്റെ മുൻപത്തെ ചിത്രങ്ങളിലേത് പോലെ സംവിധായകന്റെ വ്യക്തിമുദ്ര സിനിമയിലുടനീളം പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. രചനയിലേക്ക് വന്നാലും നായക കഥാപാത്രത്തിന് അടക്കം പല കാര്യത്തിലും പൂർണ്ണതയില്ലാത്ത ഒരു സ്ക്രിപ്റ്റ് ആയിരുന്നു എന്ന് വേണം പറയാൻ.
അനിരുധ് രവിചന്ദർ..... ചിത്രത്തിലെ യഥാർത്ഥ നായകനും നട്ടെല്ലും ലൈഫും അത് ഇദ്ദേഹമാണ്. അനിരുദിന്റെ സംഗീതമാണ് ചിത്രത്തെ പലപ്പോഴും താങ്ങി നിർത്തിയത്. സാധാരണ സീനുകൾ പോലും മാസ്സ് ആക്കി മാറ്റിയതിൽ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ പങ്ക് അത്ര വലുതാണ്. വാത്തി കമിങ്, കുട്ടി സ്റ്റോറി, വാത്തി റൈഡ്,പൊളക്കട്ടും പറ പറ,ക്വിറ്റ് പണ്ണുടാ തുടങ്ങിയ ഗാനങ്ങൾ ഉണ്ടാക്കിയ ഓളവും വളരെ വലുതാണ്. ചിത്രത്തിന്റെ നട്ടെല്ല് അനിരുധ് ആയിരുന്നു എന്ന് നിസ്സംശയം പറയാം.
എന്നെ സംബന്ധിച്ച് അവസാന അരമണിക്കൂറിന് മുൻപ് വരെ നന്നായി ആസ്വദിച്ചു പൊന്നൊരു ചിത്രമായിരുന്നു മാസ്റ്റർ. അവിടന്ന് അങ്ങോട്ട് എന്താണ് നടന്നതെന്ന് ഒരു പിടിയുമില്ല. കണ്ടോണ്ടിരുന്ന ചിത്രം പെട്ടന്ന് മാറിയൊരു ഫീൽ ആയിരുന്നു എന്ന് വേണം പറയാൻ. ഊതി വീർപ്പിച്ചൊരു ബലൂൺ നൂലിട്ട് കെട്ടാൻ നേരത്ത് കാറ്റൊഴിച്ചുവിട്ടത് പോലൊരു അവസ്ഥ. കൈതിയിൽ ലോറി ചേസിങ് സീനുകളൊക്കെ എടുത്ത ലോകേഷ് തന്നെയാണോ മാസ്റ്ററിന്റെ അവസാന അരമണിക്കൂർ ഷൂട്ട് ചെയ്തത് എന്ന് സംശയിച്ചു പോകും വിധമായിരുന്നു അവയൊക്കെ.
അവസാന അരമണിക്കൂർ മാറ്റി നിർത്തിയാൽ നന്നായി ആസ്വദിച്ചു കണ്ടൊരു ചിത്രമാണ് മാസ്റ്റർ.
അനിരുധ്, വിജയ് സേതുപതി, വിജയ്, ലോകേഷ് ഈയൊരു ഓർഡറിൽ ആണ് എന്നെ സംബന്ധിച്ച് ചിത്രത്തിലെ ഇഷ്ടങ്ങൾ വരുന്നത്.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
മാസ്റ്റർ
Reviewed by
on
10:23
Rating:

No comments: