ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേക്ക് അഥവാ മഹത്തായ ഭാരതീയ അടുക്കളയിലേക്ക്....

  ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ അഥവാ മഹത്തായ ഭാരതീയ അടുക്കളയെന്ന 
ചിത്രം കണ്ടത് മുതൽ പറയണമെന്നാഗ്രഹിച്ച ഒരുപാട് കാര്യങ്ങളുണ്ട് പക്ഷേ അതൊക്കെ പലരും പല രീതിയിൽ അതേപറ്റിയുള്ള അഭിപ്രായങ്ങളും ചർച്ചകളുമൊക്കെ നടത്തിയത് കണ്ടപ്പോൾ പുതിയതായി ഒന്നും പറയാനായില്ലാത്തത് കൊണ്ട് വിട്ടു നിന്നു. അപ്പോഴാണ് ചിത്രത്തെ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി കോർത്തിണക്കി നോക്കിയത് അപ്പൊ കൂടുതൽ ബിൽഡപ്പ് ഒന്നും ഇല്ലാതെ കാര്യത്തിലേക്ക് കടക്കാം അല്ലേ.....

ആർത്തവം.

കുട്ടിക്കാലത്ത് മലയ്ക്ക് മാലയിടുമ്പോൾ കുറച്ച് ദിവസം അമ്മ ഒരു മുറിയിൽ അടച്ചിരിക്കുന്ന ഒരു കലാപരിപാടി എന്റെ വീട്ടിലും അരങ്ങേറിയിരുന്നു പക്ഷേ അമ്മയെ കാണാതിരിക്കാൻ എനിക്കും അനിയനും എന്തായാലും പറ്റില്ല വാശി പിടിച്ച് കരഞ്ഞ് ഞങ്ങൾ അമ്മയുടെ അടുത്ത് പോകും ആ പ്രായത്തിലെ കരച്ചിലും വാശിയും ഒന്നും തടുക്കാനുള്ള ശക്തി ഈ പറഞ്ഞ കാര്യത്തിന് ഇല്ലായിരുന്നു. എന്തൊക്കെ വിശദീകരണം മറ്റുള്ളവർ തന്നാലും അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല. അമ്മയെ കാണാതെ ഇരിക്കാൻ പറ്റില്ല അതിപ്പോ എന്തൊക്കെ പറഞ്ഞാലും ശരി. അപ്പൊ കാര്യം അറിയാതെയാണേലും ആ പ്രായം മുതൽ ഈ മാറ്റി നിർത്തലിന് നമ്മൾ എതിരായിരുന്നു എന്ന് സാരം.

വർഷാ വർഷം നോൽമ്പ് എടുക്കലും മലയ്ക്ക് പോക്കും ഒക്കെ തകൃതിയായി നടന്നു പക്ഷേ ഈയൊരു കാര്യം കൊണ്ട് അമ്മയെ മാറ്റി നിർത്തൽ അനുവദിച്ചിരുന്നില്ല. വളർന്ന് വലുതായപ്പോഴും വിശ്വാസങ്ങൾക്ക് കോട്ടം ഒന്നും സംഭവിച്ചിരുന്നില്ല ക്ഷേത്രങ്ങളിൽ പോകുന്നതും മറ്റുമൊക്കെ പതിവായി തുടർന്നു. എന്താണ് ആർത്തവം എന്ന് അറിഞ്ഞു തുടങ്ങിയ കാലം മുതൽ സ്ത്രീകളോട് അങ്ങറ്റം ബഹുമാനം കൂടിയിട്ടുണ്ട്. അവര് ജീവിതത്തിൽ മാനസികമായും ശാരീരികമായും ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന ഒരു സമയത്ത് അവരെ ഒറ്റപ്പെടുത്തി നിർത്തുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് അവര് ഏറ്റവും കൂടുതൽ സപ്പോർട്ട് ആഗ്രഹിക്കുന്ന അല്ലേൽ അവർക്ക് പിന്തുണ ആവശ്യമായി വരുന്ന ആ സമയത്ത് അവരെ ചേർത്ത് നിർത്തുന്നതിന് പകരം അകറ്റി നിർത്തുന്നത് എന്നെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യമാണ്. അമ്മയും, പെങ്ങളും, ഭാര്യയും, കാമുകിയും, കൂട്ടുകാരിയും ആരോ ആരായാലും അവരെയൊക്കെ ഈ സമയത്ത് ചേർത്ത് നിർത്തുക തന്നെ വേണം.

ഈ കാലത്തും ഇങ്ങനെയൊക്കെ മാറ്റി നിർത്തുന്നവർ ഉണ്ടോ എന്ന് ചോദിച്ചാൽ ഒരുപാട് ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അതിൽ വിദ്യാഭ്യാസത്തിനും മറ്റുമൊന്നും യാതൊരു പ്രസക്തിയും ഇല്ല എന്ന് വേണം പറയാൻ. നേരത്തെ പറഞ്ഞത് പോലെ നമുക്ക് നമ്മളുമായ് ബന്ധമുള്ള കാര്യങ്ങൾ അല്ലേ ആധികാരികമായി സംസാരിക്കാൻ പറ്റൂ.... അപ്പൊ അങ്ങോട്ട്‌ തന്നെ കടക്കാം.

എനിക്ക് അറിയുന്ന ഒരു ഫാമിലിയുണ്ട് മുപ്പത്തി അഞ്ചിനും ഇരുപത്തി എട്ടിനും അടുത്ത് മാത്രം പ്രായം വരുന്ന ഒരു ചേട്ടനും ചേച്ചിയും അവരുടെ രണ്ട് ചെറിയ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബം. രണ്ട് പേരും നല്ല വിദ്യാഭ്യാസമുള്ളവരാണ് അതിനപ്പുറം അന്ധവിശ്വാസവും, എടുത്ത് പറയുന്നു വിശ്വാസം അല്ല അന്ധവിശ്വാസം. ഈയടുത്ത് മണ്ഡല കാലത്തെ നോൽമ്പിന്റെ സമയം.... അവിടത്തെ കുട്ടികൾ ഞാനുമായി വലിയ കൂട്ടാണ് എന്നെ കണ്ടാൽ ചെറിയ മോള് അപ്പൊ ചാടി വരും. അങ്ങനെ ആ ഒരു സമയത്ത് അവരുടെ വീട്ടിലേക്ക് ഇറങ്ങിയപ്പോൾ അവിടത്തെ ചെറിയ മോള് എന്നോട് എടുക്കാൻ വേണ്ടി പറഞ്ഞ് കരഞ്ഞു.... ഞാൻ എത്ര ചോദിച്ചിട്ടും ആ ചേച്ചി കുഞ്ഞിനെ തരുന്നില്ല ഒരു പരുങ്ങൽ ആയിരുന്നു.... വേണ്ട വേണ്ട എന്ന് തന്നെ പല്ലവി. കാര്യം അന്വേഷിച്ചപ്പോൾ എനിക്ക് പറ്റാതെ ഇരിക്കുകയാണ് നിനക്ക് നോൽമ്പ് ഒക്കെ ഉള്ളതല്ലേ അപ്പൊ എന്നെ കാണുന്നതും ഇവരെ തൊടുന്നതും ശരിയല്ല എന്ന് പറഞ്ഞു. ഞാൻ ഒരുപാട് ചിരിച്ചു.... എന്നിട്ട് ചേച്ചിയോട് പറഞ്ഞു എനിക്ക് അങ്ങനെയുള്ള യാതൊരു പ്രശ്നവും ഇല്ല കുഞ്ഞിനെ ഇങ്ങ് തരൂ എന്ന്. കുറേ മടിച്ച് മടിച്ച് അവര് കുഞ്ഞിനെ തന്നു. അതിന്റെ അടുത്ത ദിവസം ആ ചേട്ടൻ എന്നെ വിളിച്ച് ഭയങ്കര ദേഷ്യപ്പെടൽ.... നിനക്ക് പ്രശ്നം ഇല്ലായിരിക്കും പക്ഷേ അതിന്റെ ദോഷം ഞങ്ങൾക്ക് ആണ് മേലാൽ അങ്ങനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞ് പുള്ളി ഉറഞ്ഞു തുള്ളി. ഞാൻ അവരോട് എന്ത് പറയാൻ ചിരിച്ചു കൊണ്ട് ഞാൻ തിരിച്ചു പോന്നു. അതേപോലെ അദ്ദേഹം ഒരു ചെടി കുഴിച്ചിടുമ്പോൾ മൂത്ത മകള് വന്നിട്ട് അച്ഛാ ഇങ്ങനെ വെച്ചാൽ ഇത് വളരുമോ എന്ന് ചോദിച്ചു അപ്പൊ പുള്ളി കാണിച്ചു കൂട്ടിയ പ്രകടനം കണ്ട് ശരിക്കും ഞെട്ടിപ്പോയി കൈയ്യിലുള്ള മൺവെട്ടിയൊക്കെ ദൂരേക്ക് എറിഞ്ഞ് കുട്ടിയോട് ഒരേ ദേഷ്യപ്പെടൽ.... ഇനി ഈ ചെടി വളരോ..? നിന്നോട് ഇപ്പൊ ആരാ ഇങ്ങോട്ട് എഴുന്നള്ളാൻ പറഞ്ഞത്.... അറം പറ്റുന്ന വാക്കുമായി വന്നോളും എന്നൊക്കെ പറഞ്ഞ് ആ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനോട് ചാടി കളിക്കുകയായിരുന്നു അദ്ദേഹം. അവരുടെ ഇത്തരത്തിലുള്ള കഥകൾ പറയാൻ നിന്നാൽ ദിവസങ്ങൾ പോരാതെ വരും. അപ്പൊ പറഞ്ഞു വന്നത് ഇത്രേം വിവരവും വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ മുതൽ ഇത്തരം അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് ജീവിക്കുന്നുണ്ട്. ഇത്രയും അധഃപതിച്ച വേർഷൻ ഒന്നും അല്ലേലും പലരും ഈ ആർത്തവത്തിന്റെ കാര്യത്തിൽ സ്ത്രീകളെ ഒറ്റപ്പെടുത്തി നടക്കുന്നവരാണ്. പരിചയത്തിലുള്ള ഒരു പ്രായമുള്ള സ്ത്രീയുണ്ട് അവര് വീട്ടിൽ ഉള്ള സ്ത്രീകളുടെ ആർത്തവ സമയത്ത് ആ വീട്ടിൽ നിന്നും ജലാപനം കഴിക്കില്ല എന്ന് മാത്രമല്ല മാറി താമസിക്കും ഇവരെ കണ്ടാൽ കുളിക്കും. അങ്ങനെ പല രീതിയിൽ ഈ കാര്യത്തിൽ ആളുകൾ ഓരോന്ന് ചെയ്യുന്നുണ്ട്. അവരെ ചേർത്ത് പിടിക്കുന്നതിന് പകരം അകറ്റി നിർത്തുന്നവർ തന്നെയാണ് ഇപ്പോഴും കൂടുതൽ എന്ന് നിസ്സംശയം പറയാം.


സ്വയം ഒന്നും ചെയ്യാതെ എന്തിനും ഏതിനും സഹായത്തിന് ആളുകൾ.

എന്റെ കാര്യം തന്നെയെടുത്താൽ ഈയടുത്ത് വരെ ഡ്രസ്സ്‌ മുതൽ ഒരു ഗ്ലാസ്സ് വെള്ളം വരെ എടുത്ത് തരണേൽ അമ്മയെ വിളിക്കുകയായിരുന്നു പതിവ്. കണ്ണിന്റെ മുൻപിൽ ഉണ്ടേലും ഡ്രസ്സ്‌ ഒന്നും ഞാൻ കാണില്ല എല്ലാത്തിനും അമ്മ വേണം. അമ്മേ പാന്റ്സ് കാണുന്നില്ല, ബനിയൻ കാണുന്നില്ല, ഷർട്ട്‌ കാണുന്നില്ല മിനുട്ട് വെച്ച് തുടങ്ങി വിളിയോട് വിളി ആയിരുന്നു. ആ ശീലം മാറി വന്നത് ഈയടുത്താണ്. എങ്ങനെയെന്നല്ലേ....

കുറച്ച് മാസങ്ങൾക്ക് മുൻപ് അമ്മയൊന്ന് വീണു. വാരിയെല്ലിന് ഒരു ചതവ് സംഭവിച്ചിരുന്നു. അച്ഛൻ നാട്ടിൽ ഇല്ല, അനിയന് ജോലിയുണ്ട്, എനിക്കാണേൽ അന്ന് ഒരു അപകടം പറ്റി കൈ തീരെ വയ്യാതെ ഇരിക്കുന്ന സമയവും. അങ്ങനെ അമ്മയെ മേമയുടെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കി. പിന്നെ വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ആയിരുന്നു. ഒന്ന് രണ്ട് ദിവസം വലിയ കുഴപ്പം ഇല്ലാതെ പോയി.... അടുത്ത ദിവസം മുതൽ ഇലകൾ കൊഴിഞ്ഞ് നാശമായ മുറ്റവും കാൽപ്പാട് പതിഞ്ഞ് വൃത്തികേടായ നിലവും, കഴുകാതെ സിങ്കിൽ വൃത്തികെട്ട വാസനയോടെ കിടന്ന പാത്രങ്ങളും, കഴുകാതെ കുമിഞ്ഞു കൂടി കിടക്കുന്ന വസ്ത്രങ്ങളുമെല്ലാം വല്ലാത്തൊരു തരം അറപ്പ് ഉളവാക്കി തുടങ്ങി. മുറ്റം വൃത്തിയാക്കിയോ, നിലം തുടച്ചോ, വസ്ത്രം അലക്കിയോ, പാത്രം കഴുകിയോ ഒന്നും ഒട്ടും പരിചയമില്ലാത്ത ഞാൻ ആകെ ശങ്കിച്ചു നിന്ന ഒരു സമയം ആയിരുന്നത്. പിന്നെ ഒറ്റ കൈയ്യും വെച്ച് ഓരോന്നായി ചെയ്ത് തുടങ്ങി.... ഓരോ ജോലിയും എളുപ്പത്തിൽ ചെയ്ത് തീർക്കുന്ന വിദ്യകൾ പരീക്ഷിച്ചു തുടങ്ങി എന്നിട്ട് പോലും അതൊന്നും ചെയ്ത് തീർക്കാൻ ഒരു ദിവസം പോരാതെ വന്നു. വൈകുന്നേരം ആവുമ്പോഴേക്കും ആകെ തളർന്ന് പോയിരുന്നു. ഇൻഡക്ഷൻ കുക്കറിൽ ഒരു ഗ്ലാസ്സ് ചായ മാത്രം വെക്കാൻ അറിയുന്ന ഞാൻ അടുക്കളയിൽ കയറി പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിൽക്കാൻ തുടങ്ങി.... ഇതെല്ലാം ചെറുപ്പം മുതൽ ചെയ്ത് ശീലിച്ച അനിയനെ ആ സമയത്ത് പലപ്പോഴും മനസ്സിൽ നമിച്ചു പോയിരുന്നു. അങ്ങനെ ചോറ് മുതൽ പലതും ആ സമയത്ത് ഞാൻ ഉണ്ടാക്കി പഠിച്ചു. ശരിക്കും കഷ്ടപ്പെട്ട് പോയ കുറേ ദിവസങ്ങൾ ആയിരുന്നു അത്.

മിക്ക്സ്സിയും മറ്റുമൊക്കെ ഉണ്ടായിട്ടും അതിനൊക്കെ റസ്റ്റ്‌ കൊടുത്ത് അമ്മിക്കല്ലിലും,ആട്ടുകല്ലിലും ഉരലിലും മറ്റുമൊക്കെ അരച്ചും ഇടിച്ചും പൊടിച്ചും അമ്മ ഓരോന്ന് ഉണ്ടാക്കുമ്പോൾ ഗൃഹാതുരത്വവും, രുചിയും പറഞ്ഞ് അതൊക്കെ വെട്ടി വിഴുങ്ങുക എന്നല്ലാതെ അതിന്റെയൊന്നും കഷ്ടപ്പാട് അറിഞ്ഞിരുന്നില്ല. യന്ത്രങ്ങൾ ഉപയോഗിച്ച് ഓരോന്ന് ചെയ്തിട്ട് പോലും രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെട്ടപ്പോൾ ആയിരുന്നു ശരിക്കും ആ കഷ്ടപ്പാട് ഒക്കെ ഓർത്ത് സ്വയം പുച്ഛവും ദേഷ്യവും തോന്നിയിട്ടുള്ളത്. ഒരു ഗ്ലാസ്സ് വെള്ളം പോലും സ്വയം എടുത്ത് കുടിക്കാതെ അതിനും അമ്മയെ വിളിച്ച് ഹോട്ടലിൽ ഓർഡർ ചെയ്യുന്നത് പോലെ ഓർഡർ ചെയ്ത് പറയുന്നത് ഒക്കെ എത്രത്തോളം ഉളുപ്പ് ഇല്ലാത്ത ഏർപ്പാട് ആണെന്ന് മനസ്സിലാക്കിയ സമയം. അമ്മ ഇടയ്ക്ക് ഇടയ്ക്ക് പറയും എല്ലാത്തിനും അമ്മയെ വിളിച്ച് വിളിച്ച് സ്വന്തം ഒന്നും ചെയ്യാതെ ഇരുന്നിട്ട് ഒറ്റയ്ക്ക് എവിടേലും പെട്ട് പോയാൽ മക്കള് കഷ്ടപ്പെടും എന്ന്. അതിന്റെയൊക്കെ വിലയും കഷ്ടപ്പാടും മനസ്സിലാക്കാൻ സമയം എടുത്തു എന്നുള്ളത് എന്നെ സംബന്ധിച്ച് എനിക്ക് എന്നോട് ഏറ്റവും പുച്ഛം തോന്നിയ കാര്യമാണ്. ഭക്ഷണം പാകം ചെയ്യുന്നതും,ബാക്കിയുള്ള വീട്ടുപണികൾ ചെയ്യുന്നതും ഒക്കെ എളുപ്പമാണെന്നും സ്ത്രീകൾക്ക് വേറെ എന്ത് പണിയാണ് ഉള്ളത് എന്നും ഇതൊക്കെ ഒരു ജോലിയാണോ ഇതൊക്കെ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണ് എന്നുമൊക്കെ പറഞ്ഞ് അതിനെ വില കുറച്ച് കാണുന്നവരുമൊക്കെ ശരിക്കും ആ കഷ്ടപ്പാട് അറിയാത്തവർ ആയിരിക്കും. അറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നത് എങ്കിൽ ആ കൂട്ടാരൊക്കെ മനുഷ്യർ ആണോ എന്നുള്ളത് സംശയിക്കേണ്ട കാര്യമാണ്. ചൂല് പുരുഷന്മാർ കൈകൊണ്ട് തൊടാൻ പാടില്ല എന്ന് പറയുന്നവർ വരെയുള്ള നാടാണ് നമ്മുടേത്. മാറ്റങ്ങൾ ഒരുപാട് വരുന്നുണ്ടെങ്കിലും ഇപ്പോഴും ഇത്തരം അടഞ്ഞ ചിന്താഗതികളുമായി ജീവിക്കുന്ന അനേകം മനുഷ്യർ നമുക്കിടയിലുണ്ട്.

അനുഭവങ്ങൾ ആണല്ലോ ഏറ്റവും വലിയ പാഠപുസ്തകം അങ്ങനെയുള്ള അനുഭവങ്ങൾ പലരേയും പലപ്പോഴും മാറ്റി ചിന്തിപ്പിക്കും. (ഇത്രയൊക്കെ പറഞ്ഞു എന്ന് വെച്ച് ഇതൊക്കെ സ്ത്രീകൾക്ക് മാത്രമുള്ള ജോലികൾ ആണെന്ന് കരുതിയിരുന്ന ആളൊന്നും അല്ല ഞാൻ എന്നൂടെ പറയുന്നു. വീട്ടിലെ മൂത്ത പുത്രൻ എന്ന് പറഞ്ഞ് ഒരു ജോലിയും ചെയ്യിക്കാതെ വളർത്തി വന്നത് കൊണ്ട് പറ്റിപ്പോയതാണ്. നേരെ മറിച്ച് അനിയനെക്കൊണ്ട് അച്ഛൻ അടക്കം എല്ലാവരും ആദ്യം മുതലേ എല്ലാം ചെയ്ത് ശീലിപ്പിച്ചിരുന്നു അവന് അതിനോട് ഒക്കെ നല്ല താല്പര്യവും ആയിരുന്നു.)

സെക്സ്.

സ്ത്രീ എന്നാൽ തന്റെ കാമം ശമിപ്പിക്കാനുള്ള ഒരു വസ്തു മാത്രമാണ് എന്ന് കരുതുന്നവരൊക്കെ ഇപ്പോഴും ഉണ്ട്. ലൈംഗിക ബന്ധം എന്നാൽ സ്വന്തം സുഖം മാത്രമാണ് എന്ന് കരുതി പങ്കാളിയുടെ താല്പര്യം പോലും നോക്കാതെ ഉയർന്ന് പൊങ്ങി സ്വന്തം കാര്യം മാത്രം നോക്കി പോകുന്നവർ ഒരുപാട് ഉണ്ട്. ഇതിനെപ്പറ്റി ഒരു ധാരണയും ഇല്ലാത്തവർ ഇപ്പോഴും നമുക്കിടയിലുണ്ട്. അനേകം സ്ലീവാച്ഛന്മാർ. ദിവസവും പോൺ ചിത്രങ്ങൾ കാണുന്ന അനേകം ആളുകളുണ്ട് പക്ഷേ അവർക്ക് പോലും എന്താണ് ഫോർ പ്ലേ എന്ന് അറിയില്ല എന്നതാണ് കൗതുകം. ആവശ്യമില്ലാത്ത പലതും പഠിപ്പിക്കുന്ന കൂട്ടത്തിൽ ഇങ്ങനെ പല അറിവുകളും പകർന്നു കൊടുക്കാൻ ആളുകൾ ഇല്ല എന്നതാണ് പ്രശ്നം. എന്താണ് പങ്കാളിക്ക് വേണ്ടത് എന്ന് മനസ്സിലാക്കാത്തവർ മുതൽ ഇങ്ങനെയൊക്കെ ചെയ്‌താൽ അവര് എന്ത് കരുതും എന്ന് കരുതുന്ന ആളുകൾ വരെ നാട്ടിലുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഈയൊരു കാര്യം കൊണ്ട് മാനസിക സംഘർഷം അനുഭവിക്കുന്നവർ. ഒരു കടമയോ, വഴിപാട് തീർക്കുന്നത് പോലെ ചെയ്ത് തീർക്കേണ്ടതോ അല്ലല്ലോ സെക്സ് എന്ന് പറയുന്നത്. പരസ്പരം അറിഞ്ഞ് ആസ്വദിച്ചു ചെയ്യേണ്ട കാര്യമല്ലേ..... ഇതൊക്കെ തുറന്ന് പറയുന്നവരെ വൃത്തികെട്ടവർ ആയും സംസ്‍കാരത്തെ അപമാനിക്കുന്നവരായുമൊക്കെ ചിത്രീകരിക്കുന്നവർ ഇതൊന്നും അറിയാതെ ജീവിതം തകരുന്നവരെപ്പറ്റിയും അടുക്കളയിൽ പുകഞ്ഞു തീരുന്നവരെപ്പറ്റിയും ഒന്നും ചിന്തിക്കുന്നില്ല. രാവിലെ മുതൽ രാത്രി വരെ വലിയൊരു അധ്വാനം കഴിഞ്ഞു വരുമ്പോൾ ബെഡ്‌റൂമിൽ ഉള്ള പരാക്രമങ്ങൾ അവരെ എത്രത്തോളം മാനസികമായും, ശാരീരികമായും തളർത്തും എന്നുള്ള ബോധം പലർക്കുമില്ല. ഒരു കൂട്ടുകാരന്റെ കൂട്ടുകാരന്റെ ജീവിതം ഈ കാര്യം കൊണ്ട് തകർന്നിട്ടുണ്ട്.... പിന്നീട് കെട്ടിപ്പടുക്കാൻ കഴിയാത്ത രീതിയിൽ എന്ന് തന്നെ പറയാം. മറ്റൊരാൾക്ക്‌ ഈയൊരു സ്റ്റാർട്ടിങ് ട്രെബിളും പേടിയും കാരണം വർഷങ്ങൾ ഭാര്യയുമായി മാനസികമായി അകന്ന് കഴിയേണ്ടി വന്നിട്ടുണ്ട്. ഇതുപോലെ എത്രയെത്ര ആളുകൾ.


ഇനി വിശ്വാസത്തിലേക്ക് വന്നാൽ ഞാൻ ഒരു ഈശ്വര വിശ്വാസി തന്നെയാണ് ഒരു പോസിറ്റീവ് എനർജി നമുക്ക് പുറകിൽ ഉണ്ട് എന്ന് വിശ്വസിക്കാൻ ഇഷ്ടമാണ്. പലപ്പോഴും ക്ഷേത്ര ദർശനം നടത്താറുണ്ട്. മനസ്സിന് വല്ലാത്ത ആശ്വാസം തരുന്ന ഒരു അന്തരീക്ഷമാണ് എന്നെ സംബന്ധിച്ച് അവിടം. വൃതം നോറ്റ് മാലയിട്ട് മലയ്ക്ക് പോകുന്ന സമയത്ത് എനിക്ക് എന്നിൽ ഉള്ള പല നെഗറ്റീവ് വശങ്ങളും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. മാസങ്ങളുടെ നോൽമ്പും മറ്റും കഴിഞ്ഞ് മല ചവിട്ടുമ്പോൾ ഞാൻ അനുഭവിക്കുന്ന ആ ഒരു വികാരം അനിർവചനീയമാണ്. എന്റെ വിശ്വാസങ്ങളിലേക്ക് വന്നാൽ ആരേയും ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള വിശ്വാസങ്ങളാണ് എനിക്കുള്ളത്. ആർത്തവ കാലത്ത് സ്ത്രീയെ അകറ്റി നിർത്താത്ത നിന്റെ നോൽമ്പ് എങ്ങനെ പൂർണമാകും എന്ന് ചോദിക്കുന്നവരോട് ഒരു ദൈവവും സ്ത്രീയെ ആശുദ്ധമായി കണ്ടിട്ടില്ല എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അങ്ങനെ അവരെ ഒറ്റയ്ക്ക് ആക്കി മാറ്റി നിർത്തിയാൽ ആവും നിങ്ങൾ ഈ പറയുന്ന മായിക ശക്തി നിങ്ങളിൽ നിന്ന് അകലുന്നത് എന്നാണ് പറയാറ്. മാലയിട്ടാലും മറ്റും പലരും ജോലിക്ക് പോകുമ്പോഴൊക്കെ വേജിറ്റേറിയൻ ആണേലും ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കുന്നു. സ്വാമി ശരണം എന്ന ഒരു ബോർഡ് തൂക്കി എന്ന് വെച്ച് അവിടെയുള്ളവർ എല്ലാം കുളിച്ചും നനച്ചുമൊക്കെയാണ് ഭക്ഷണം വെക്കുന്നത് എന്ന് എന്താ ഇത്ര ഉറപ്പ്..? പഴകിയ ഭക്ഷണം പുതുക്കി തരുന്നില്ല എന്നതിൽ എന്താണ് ഉറപ്പ്..? അവർക്ക് അതൊക്കെ ബിസിനസ്സ് മാത്രമാണ്.... അപ്പൊ നമ്മള് ഒരു വിശ്വാസത്തിൽ അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് മനസ്സിൽ ഉറപ്പിച്ച് കഴിക്കുന്നു അല്ലേ.... അപ്പൊ അതാണ്.

എനിക്ക് എന്റേതായ കുറച്ച് വിശ്വാസങ്ങൾ ഉണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവാത്ത, ദ്രോഹം ആകാത്ത തരത്തിൽ ഉള്ള കുറച്ച് വിശ്വാസങ്ങൾ. വിശ്വാസികൾ അല്ലാത്തവരോട് വിശ്വാസിയാവാൻ പറഞ്ഞോ, വിശ്വാസി ആയവന്റെ വിശ്വാസത്തിൽ ഇടപെടാനോ ഒന്നും പോകാറില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ ആയി നടക്കുന്നവരെ എതിർക്കാനോ അതിനെതിരെ ശബ്ദിക്കുന്നവരുടെ വാ അടപ്പിക്കാനോ ഒന്നും പോകാറില്ല. ശബരിമല വിഷയത്തിൽ ആണേലും കാലങ്ങളായി കണ്ടും കേട്ടും വന്നിട്ടുള്ള ആചാരങ്ങളുടെ കാര്യങ്ങൾ ആയത് കൊണ്ട് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു പക്ഷേ അതിനെതിരെ ശബ്ദം ഉയർത്തുന്നവരോട് അടി കൂടാനോ, പിന്തുണയ്ക്കുന്നവർക്ക് ഒപ്പം നിൽക്കാനോ പോയിട്ടില്ല. മുൻപ് പറഞ്ഞത് പോലെ എനിക്ക് എന്റേതായ കുറച്ച് വിശ്വാസങ്ങളുണ്ട് ആർക്കും ദ്രോഹം ആവാത്ത, ബുദ്ധിമുട്ട് ആവാത്ത തരത്തിൽ ഉള്ളത് അതുമായി ഞാൻ മുന്നോട്ട് പോകുന്നു.

അപ്പൊ തിരിച്ച് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേക്ക് വന്നാൽ ഏവരും കണ്ടിരിക്കേണ്ട ശക്തമായ ഒരു വിഷയം തന്നെയാണ് ചിത്രം പറയുന്നത്. ഇത്തരം സിനിമകൾ ഒക്കെ കൂടുതൽ ആളുകളിലേക്ക് എത്തണം അതിന് കുറച്ച് കൂടെ എന്റർടൈനിങ് ആക്കി എടുത്താൽ നല്ലതായിരുന്നു എന്നൊക്കെ അഭിപ്രായം ഉണ്ടായിരുന്നു പക്ഷേ ഒന്നാലോചിച്ചാൽ ആ വിഷയം മറ്റൊരു രീതിയിൽ പറഞ്ഞാൽ ആളുകൾ ഈയൊരു സീരിയസ്സ്നെസ്സ് കൊടുക്കുമായിരുന്നില്ല.

സ്ത്രീകളെ ഇങ്ങനെ അകറ്റി നിർത്തുന്നവർക്കും ഈ പറഞ്ഞത് പോലെ അടുക്കളയിൽ പുകഞ്ഞു തീരുന്ന യന്ത്രമായും, ഭോഗ വസ്തുമയുമൊക്കെ കാണുന്നവരൊക്കെ മാറട്ടെ എന്ന് വിശ്വാസം ഉള്ളവർക്ക് പ്രാർത്ഥിക്കാം അല്ലാത്തവർക്ക് പ്രത്യാശിക്കാം അതിനായ് തന്നാൽ ആവും വിധം പ്രയത്നിക്കാം.

വൈശാഖ്.കെ.എം 
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേക്ക് അഥവാ മഹത്തായ ഭാരതീയ അടുക്കളയിലേക്ക്.... ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേക്ക് അഥവാ മഹത്തായ ഭാരതീയ അടുക്കളയിലേക്ക്.... Reviewed by on 07:13 Rating: 5

11 comments:

  1. Excellent👌👌👌🔥🔥🙏🙏

    ReplyDelete
  2. പൊളി....❤️��
    ശബരിമല വിഷയത്തിൽ വ്യക്തം ആയി അഭിപ്രായം പറയാമായിരുന്നു..��

    ReplyDelete
  3. മനോഹരമായ എഴുത്തു കൊള്ളാം. സ്വന്തം അനുഭവങ്ങൾ കൂടി ചേർത്ത് വച്ചപ്പോൾ എഴുത്തിന്റെ / റിവ്യൂയിന്റെ ഭംഗി കൂടി.

    ReplyDelete
  4. കൊള്ളാം👌👌

    ReplyDelete

Powered by Blogger.