നന്ദനവൃന്ദാവനത്തിൽ പൂക്കാതെ പോയൊരു പാരിജാതം അഥവാ നന്ദനത്തിലെ നഷ്ടപ്രണയം
എല്ലാ സിനിമകളിലും കാണും സിനിമ പറയാനുദ്ദേശിക്കുന്ന പ്രധാന കാര്യങ്ങളേക്കാൾ മനോഹരമായി പറഞ്ഞു പോകുന്ന ഒരു സൈഡ് ട്രാക്ക്. അത് പ്രണയമാകാം,തമാശയാകാം അങ്ങനെ എന്തുമാകാം. അത്തരത്തിൽ മനോഹരമായൊരു രംഗമുണ്ട് നന്ദനം എന്ന ചിത്രത്തിലും.
ബാലാമണിയുടേയും മനുവിന്റേയും പ്രണയത്തേക്കാൾ നാലിരട്ടി ഫീൽ വെറും മൂന്ന് മിനുട്ട് കൊണ്ട് തരുന്നൊരു രംഗം. ഏതാണെന്നല്ലേ..? ബാലചന്ദ്രന്റെ നഷ്ടപ്രണയം.
തങ്കം : "മടുപ്പ് തോന്ന്ൺല്ല്യേ ബാലേട്ടന്,ഒറ്റയ്ക്കുള്ള ഈ ജീവിതം..?
ബാലചന്ദ്രൻ :മം.... കഴിഞ്ഞ ഒരു വർഷായിട്ട് അമ്മകൂടെ പോയതിന് ശേഷം ഒരു ശൂന്യതണ്ട്. പിന്നെ പുസ്തകങ്ങളും,യാത്രയും അങ്ങനെ അങ്ങ് പോകുന്നു. ഇപ്പഴ്ത്തെ ഈ കുട്ടികളുടെ ഒരു കാര്യം.... മനു ഒരീസം എന്നോട് ചോദിച്ചു ബാലൻ മാമയ്ക്ക് അമ്മയെ വല്ല്യേ ഇഷ്ടായിരുന്നില്ല്യേ എന്ന്.... ഞാനങ്ങട് വല്ലാണ്ടായി. എങ്ങനെ അറിഞ്ഞാവോ..? അയാള് വളരെ ഫ്രണ്ട്ലി ആയിട്ടാ ചോദിച്ചത്
തങ്കം : അന്ന് ഞാൻ ഒന്നാമത് തീരെ ചെറുപ്പം.... മനസ്സിലുള്ളതൊന്നും ആരോടെങ്കിലും പറയാനുള്ള ധൈര്യുല്ല
ബാലചന്ദ്രൻ : അല്ലെങ്കിലും തനിക്കതൊരു വലിയ പ്രശ്നായിരുന്നില്ലല്ലോ.... ഇഷ്ടക്കേട് ഇല്ല്യാന്നേള്ളൂ എന്റെ മനസ്സിൽ മാത്രമായിരുന്നു അതൊരു വല്ല്യ ഇഷ്യു. സ്വന്തം നിലയെന്താന്ന് ആലോചിക്കാണ്ട് സ്കൂൾ മാഷ് ആയ മോന് വേണ്ടി പെണ്ണ് ചോദിക്കാൻ വന്നൊരമ്മ. തന്റെ അച്ഛനേം ഏട്ടന്മാരേം കുറ്റം പറയാനും പറ്റില്ല്യ ചേരേണ്ടതിനോടല്ലേ എന്തും ചേർക്കാവൂ.
ചിത്രത്തിൽ ബാലചന്ദ്രനും തങ്കവും തമ്മിലുള്ള ഒരു സംഭാഷണമാണത്. സിദ്ദിഖും രേവതിയും അതിമനോഹരമാക്കിയ ഒരു രംഗം. തന്റെ നഷ്ടപ്രണയത്തെ കുറഞ്ഞ വാക്കുകൾ കൊണ്ട് എന്ത് മനോഹരമായാണ് ബാലചന്ദ്രൻ വിവരിക്കുന്നത്. കാണുന്നവരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങും വിധം രണ്ട് പേരും മത്സരിച്ചഭിനയിച്ചു. രഞ്ജിത്തിന്റെ ഭംഗിയുള്ള സംഭാഷണവും സിദ്ദിഖിന്റേയും രേവതിയുടേയും അതിമനോഹര പ്രകടനവും ഒപ്പം രാജാമണിയുടെ പശ്ചാത്തല സംഗീതവും കൂടെയായപ്പോൾ നന്ദനത്തിലെ ഏറ്റവും മികച്ചൊരു രംഗമായി മാറി അത്.
പ്രണയിച്ചിട്ടുള്ള, പ്രണയിക്കുന്ന അല്ലേൽ പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന പലർക്കും പെട്ടന്ന് ഉൾക്കൊള്ളാൻ പറ്റുന്ന അല്ലേൽ മനസ്സിൽ തട്ടുന്ന ഒരു രംഗമാണത്. എന്നെ സംബന്ധിച്ച് ചിത്രത്തിൽ ഭയങ്കര ഫീൽ തരുന്നൊരു ഭാഗമാണത്. പ്രത്യേകിച്ചും ഈയൊരു ഭാഗം. "അല്ലെങ്കിലും തനിക്കതൊരു വലിയ പ്രശ്നായിരുന്നില്ലല്ലോ.... ഇഷ്ടക്കേട് ഇല്ല്യാന്നേള്ളൂ എന്റെ മനസ്സിൽ മാത്രമായിരുന്നു അതൊരു വല്ല്യ ഇഷ്യു. സ്വന്തം നിലയെന്താന്ന് ആലോചിക്കാണ്ട്".
ജീവിതവുമായി അത്രയ്ക്ക് അടുത്ത് നിൽക്കുന്നൊരു അല്ലേൽ പച്ചയ്ക്ക് വരച്ചു കാണിക്കുന്നൊരു ഫീൽ ആണ് ഈയൊരു സീൻ സമ്മാനിക്കുന്നത്. ഒരുപാട് ഇഷ്ടമായിരുന്നേലും മുൻപൊന്നും ഇത്രയ്ക്ക് ആഴത്തിൽ മനസ്സിൽ പതിഞ്ഞിരുന്നില്ല ഈ രംഗം എന്നതാണ് സത്യം. ഇപ്പോഴാണ് വല്ലാത്തൊരു രീതിയിൽ ഈ സീൻ മനസ്സിനെ വേട്ടയാടുന്നത്.
ഇത്തരത്തിൽ ചിത്രത്തേക്കാൾ ഒരുപാട് ഇഷ്ടമുള്ള അനവധി രംഗങ്ങൾ പല സിനിമകളിലുമുണ്ട്. ചിത്രത്തിന്റെ പ്രധാന വിഷയത്തേക്കാൾ എത്രയോ മികച്ചു നിൽക്കുന്ന രംഗങ്ങൾ.
നന്ദനത്തിലേക്ക് വന്നാൽ ഇതൊരു രഞ്ജിത്ത് മാജിക്ക് ആണ് കുറഞ്ഞ സമയം കൊണ്ട് ആളുകളെ പ്രണയാദുരമാക്കാൻ രഞ്ജിത്തിനെ കഴിഞ്ഞേ ഇപ്പൊ മറ്റൊരാളുള്ളൂ. ഉദാഹരണങ്ങൾ ഒരുപാട് ഉണ്ടല്ലോ. മുകളിൽ പറഞ്ഞത് പോലെ തന്നെ ഈ സീനിൽ ഒപ്പം തന്നെ എടുത്ത് പറയേണ്ട ഒന്നാണ് സിദ്ദിഖിന്റേയും രേവതിയുടേയും പ്രകടനം.... എന്ത് മനോഹരമായാണ് അവര് പെർഫോം ചെയ്തിരിക്കുന്നത്. മനോഹരമായൊരു കവിതപോലെയായിരുന്നു അവരുടെ പ്രകടനം. പ്രത്യേകിച്ചും സിദ്ദിഖ്. അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒക്കെ അത്രയ്ക്ക് ഗംഭീരമായിരുന്നു. മറ്റൊരു കൂട്ടിന് ശ്രമിക്കാതെ തന്റെ പ്രണയത്തെ ഇപ്പോഴും അമൂല്യമായി മനസ്സിൽ കൊണ്ട് നടക്കുന്ന ബാലചന്ദ്രൻ പ്രണയിച്ചവളെ കാലങ്ങൾക്ക് ശേഷം കാണുമ്പോൾ ഉള്ള നാണവും, സങ്കടവും, സന്തോഷവുമെല്ലാം എത്ര ഭംഗിയോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. എന്നെ സംബന്ധിച്ച് നന്ദനത്തിലെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നാണ് ബാലചന്ദ്രന്റെ നഷ്ടപ്രണയത്തെ മനോഹരമായി പറഞ്ഞു പോകുന്ന ഈ രംഗം. ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു ജീവിതം പ്രേക്ഷകന് മുൻപിൽ അവർക്ക് അങ്ങറ്റം ഫീൽ ചെയ്യും വിധത്തിൽ പറഞ്ഞു പോയ രഞ്ജിത്ത് മാജിക്കുകളിൽ ഒന്ന്.
വൈശാഖ്.കെ.എം
നന്ദനവൃന്ദാവനത്തിൽ പൂക്കാതെ പോയൊരു പാരിജാതം അഥവാ നന്ദനത്തിലെ നഷ്ടപ്രണയം
Reviewed by
on
00:23
Rating:

No comments: