കുട്ടിത്തം മാറാത്ത മുഖവുമായി വിക്കറ്റിന് പിന്നിൽ ഇന്ത്യയ്ക്ക് വേണ്ടി വല വിരിച്ച പതിനേഴുകാരൻ

  "Cricketer Parthiv Patel announces retirement from all forms of cricket."

ഇന്റർനാഷ്ണൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്റെ പതിനേഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ച കളിക്കാരൻ, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ. 2002 ജനുവരി 4ന് ന്യൂസിലാന്റിന് എതിരെയാണ് പാർത്ഥിവ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിയുന്നത്. 2002 ഓഗസ്റ്റ് 8ന് ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ നോട്ടിങ്ങ്ഹാമിലായിരുന്നു പാർത്ഥിവ് ടെസ്റ്റിൽ തന്റെ അരങ്ങേറ്റം നടത്തിയത്. അണ്ടർ -19 ക്യാപ്റ്റൻ ആയിരുന്ന പാർത്ഥിവ് ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. ഗാംഗുലി ക്യാപ്റ്റൻ ആയിരുന്ന സച്ചിനും, ദ്രാവിഡും, ലക്ഷ്മണും, കുംബ്ലെയും, ശ്രീനാഥും, യുവരാജും, കൈഫും, സേവാഗുമെല്ലാം അടങ്ങുന്ന ഇന്ത്യൻ ടീമിലേക്കാണ് ആ കൊച്ചു പയ്യൻ നടന്നു കയറിയത്. ആറാം വയസ്സിൽ തന്റെ ഇടത് കൈയ്യിലെ ചെറുവിരൽ നഷ്ടമായ പാർത്ഥിവ് 9 വിരലുകൾ വെച്ചാണ് വിക്കറ്റിന് പിന്നിൽ ചീറി പാഞ്ഞു വരുന്ന ബോളുകളെ അടക്കി നിർത്തിയിരുന്നതും തനിക്ക് നേരെ വരുന്ന പന്തുകളെ അതിർത്തി കടത്തിയിരുന്നതും.

തുടക്കത്തിൽ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ പ്രകടനമായിരുന്നു പാർത്ഥിവ് നടത്തിയിരുന്നത്. പിന്നീട് അദ്ദേഹത്തിന് ശോഭിക്കാൻ ആയില്ല. പതിയെ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ അദ്ദേഹത്തിന് മുന്നിൽ അടഞ്ഞു. 2018 ജനുവരി 24ന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയാണ് അദ്ദേഹം തന്റെ കരിയറിലെ അവസാന ടെസ്റ്റ്‌ മത്സരം കളിക്കുന്നത്. 2012 ഫെബ്രുവരി 21ന് ഇംഗ്ലണ്ടിന് എതിരെ കളിച്ചതാണ് അവസാന ഏകദിന മത്സരം. 2011 ജൂൺ നാലിന് വെസ്റ്റ്ഇൻഡീസിനെതിരെ തന്റെ ആദ്യ ട്വന്റി ട്വന്റി മത്സരം കളിച്ച പാർത്ഥിവ് ഇന്ത്യയ്ക്ക് വേണ്ടി അവസാന ട്വന്റി ട്വന്റി മത്സരം കളിച്ചത് 2012 ഫെബ്രുവരി 21ന് ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു.

IPL -ൽ ചെന്നൈ,കൊച്ചി,ഡെക്കാൻ,സൺ‌ റൈസേഴ്സ്,റോയൽ ചലഞ്ചേഴ്സ്,മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളുടെ ഭാഗമായ പാർത്ഥിവ് നിലവിൽ റോയൽ ചലഞ്ചേഴ്സിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. കഴിഞ്ഞ IPL സീസണിൽ പക്ഷേ ഒരു മത്സരത്തിൽ പോലും അദ്ദേഹത്തിന് ചാൻസ് കിട്ടിയിരുന്നില്ല. മിക്ക ടീമുകളിലും ഓപ്പണർ ആയി ഇറങ്ങിയിരുന്ന പാർത്ഥിവ് പവർ പ്ലേയിൽ അടിച്ചു കളിച്ച് ടീമിന് നല്ലൊരു സ്കോർ ഉണ്ടാക്കി കൊടുക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു. പവർ പ്ലേ കിംഗ് എന്നൊക്കെ പലരും കളിയാക്കി വിളിക്കാറുമുണ്ടായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 25 ടെസ്റ്റ്‌ മാച്ചിൽ നിന്ന് 938 ആറ് അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ റൺസും, 38 ഏകദിനങ്ങളിൽ നിന്ന് നാല് അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ 736 റൺസും 2 ട്വന്റി ട്വന്റികളിൽ നിന്നായി 36 റൺസുമാണ് അദ്ദേഹത്തിന്റെ സംഭാവനകൾ. ടെസ്റ്റിൽ 62 ക്യാച്ചുകളും 10 സ്റ്റമ്പിങ്ങും, ഏകദിനത്തിൽ 30 ക്യാച്ചുകളും 9 സ്റ്റമ്പിങ്ങും, ട്വന്റി ട്വന്റിയിൽ ഒരു ക്യാച്ചും അദ്ദേഹത്തിന്റെ പേരിലുണ്ട്.  ടെസ്റ്റിൽ ഉയർന്ന സ്കോർ 71, ഏകദിനത്തിൽ 95, ട്വന്റി ട്വന്റിയിൽ 26.

137 IPL മാച്ചുകളിൽ നിന്ന് 2848 റൺസ് ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 13 അർദ്ധ സെഞ്ച്വറികളും,69 ക്യാച്ചുകളും അദ്ദേഹത്തിന്റെ പേരിലുണ്ട് ഉയർന്ന സ്കോർ 81.

194 ഫസ്റ്റ് ക്ലാസ്സ്‌ മാച്ചുകളിൽ നിന്ന് 11240 റൺസ് ആണ് അദ്ദേഹം അടിച്ചു കൂട്ടിയത് അതിൽ 27 ശതകങ്ങളും 62 അർദ്ധ ശതകങ്ങളും ഉൾപ്പെടുന്നു. ഉയർന്ന സ്കോർ 206.

ലിസ്റ്റ് A യിൽ 193 മാച്ചുകളിൽ നിന്നും 5172 റൺസ് ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതിൽ 3 ശതകങ്ങളും 35 അർദ്ധ ശതകങ്ങളും ഉൾപ്പെടുന്നു. ഉയർന്ന സ്കോർ 119.

ഗുജറാത്തിന് ആദ്യമായ് രഞ്ജി ട്രോഫി നേടിക്കൊടുത്ത നായകൻ..... വിജയ് ഹസാരെ ട്രോഫിയിൽ ഫൈനലിൽ സെഞ്ച്വറി നേടിയ നായകൻ.....

2002-ൽ സഹീർ ഖാനെ കൂട്ടുപിടിച്ച് ട്രെൻഡ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ സമനിലയിലാക്കിയതാണ് പാർത്ഥിവിനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്. ഒരുപാട് മികച്ച ഓർമ്മകൾ ഒന്നും സമ്മാനിച്ചിട്ടില്ലെങ്കിലും എന്തോ ഭയങ്കര ഇഷ്ടമാണ് പാർത്ഥിവിനെ. നിഷ്കളങ്കമായ മുഖവുമായി ആ പതിനേഴുകാരൻ നടന്നു കയറിയത് മനസ്സിലേക്കാണ്. 2002 കാലഘട്ടത്തിലെ ഇന്ത്യൻ ടീം ഒരു വികാരമാണ് അപ്പൊ ആ ടീമിൽ ഉണ്ടായിരുന്ന പാർത്ഥിവും അങ്ങനെ തന്നെയാണ്.

ഇന്ത്യൻ ടീമിന്റെ വാതിൽ തനിക്ക് മുൻപിൽ അടഞ്ഞപ്പോൾ മറ്റു പലരേയും പോലെ ആരേയും കുറ്റം പറയാതെ പഴിക്കാതെ അത് തന്റെ കഴിവ് കേട് കൊണ്ട് മാത്രമാണ് എന്ന് പറഞ്ഞു തിരിച്ചു വരവിന് കഷ്ടപ്പെട്ട് ഒരുപാട് പരിശ്രമിച്ചു കൊണ്ടിരുന്ന കളിക്കാരനാണ് പാർത്ഥിവ്. കളിക്കളത്തിനകത്തും പുറത്തും മാന്യനായ ഒരു ചെറുപ്പക്കാരൻ. യാതൊരു ഗോസിപ്പ് കോളങ്ങളിലും എത്തിപ്പെടാത്ത മനുഷ്യൻ.

പതിനേഴാം വയസ്സിൽ ഇന്ത്യയുടെ കുപ്പായമണിഞ്ഞ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുമുള്ള ആ ചെറുപ്പക്കാരൻ തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ ക്രിക്കറ്റ്‌ ജീവിതത്തിന് വിരാമമിടുകയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താൻ വിരമിക്കുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാർത്ഥിവ്. ബാല്യവും കൗമാരവുമൊക്കെ വിസ്മയകരമാക്കിയതിൽ ചെറിയൊരു പങ്ക് വഹിച്ച മനുഷ്യൻ..... നന്ദി പാർത്ഥിവ് 🙏🙏 ഒരുപാട് മിസ്സ്‌ ചെയ്യും നിങ്ങളെ. മുൻപോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും. ❤️❤️

-വൈശാഖ്.കെ.എം 

കുട്ടിത്തം മാറാത്ത മുഖവുമായി വിക്കറ്റിന് പിന്നിൽ ഇന്ത്യയ്ക്ക് വേണ്ടി വല വിരിച്ച പതിനേഴുകാരൻ കുട്ടിത്തം മാറാത്ത മുഖവുമായി വിക്കറ്റിന് പിന്നിൽ ഇന്ത്യയ്ക്ക് വേണ്ടി വല വിരിച്ച പതിനേഴുകാരൻ Reviewed by on 23:22 Rating: 5

No comments:

Powered by Blogger.