ഛോട്ടാമുംബൈ
ഛോട്ടാമുംബൈ
-------------------------
അൻവർ റഷീദ് സംവിധാനം നിർവ്വഹിച്ച സിനിമകളിൽ പലർക്കും ഇഷ്ടം രാജമാണിക്യത്തിനോടോ ഉസ്താദ് ഹോട്ടലിനോടോ ഒക്കെ ആയിരിക്കും എന്നാൽ അൻവർ റഷീദ് സിനിമകളിൽ എനിക്ക് പ്രിയപ്പെട്ടത് ഛോട്ടാമുംബൈ ആണ്.
കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടക്ക് ലാലേട്ടൻ ഒരുപാട് വ്യത്യസ്ഥതയാർന്ന കഥാപാത്രങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്.... ഏതൊരു അഭിനേതാവായാലും എത്ര വ്യത്യസ്ഥമായ വേഷങ്ങൾ അവതരിപ്പിക്കുകയാണെങ്കിലും അതിൽ എവിടെയെങ്കിലും അദ്ദേഹത്തിൽ നമ്മൾ കണ്ടു മറന്ന ചില ഭാവങ്ങളോ.... നോട്ടങ്ങളോ അങ്ങനെ എന്തേലും ഒന്ന് കടന്ന് വരും അത് ചെറിയ എന്തേലും കാര്യമായിരിക്കാം... എന്നാലും അങ്ങനെ എന്തേലും കടന്നു വരും.
പറഞ്ഞു വന്നത് ഛോട്ടാമുംബൈ എന്ന സിനിമ എടുക്കുകയാണേൽ അതിൽ മോഹൻലാൽ എന്ന അഭിനേതാവ് മുൻപ് അദ്ദേഹത്തിന്റെ സിനിമകളിൽ പ്രകടമാക്കിയ ഭാവങ്ങളോ.... സംസാര ശൈലിയോ.... നോട്ടമോ.... അങ്ങനെ ഒന്നും തന്നെ കാണാൻ കഴിഞ്ഞിട്ടില്ല എന്തിനേറെ പറയുന്നു അദ്ദേഹത്തിന്റെ രൂപത്തിലും അതിപ്പോ ശരീരഘടന മുതൽ ഹെയർ സ്റ്റൈൽ വരെ പുതുമ നിറഞ്ഞതായിരുന്നു ഒരു ചുള്ളൻ ചെറുപ്പക്കാരൻ ആയി അദ്ദേഹം മാറി എല്ലാ അർത്ഥത്തിലും. അദ്ദേഹത്തിൽ നിന്നും അത് വരെ കാണാത്ത ഒരു തരം എനർജി ആയിരുന്നു ആ സിനിമയിൽ എല്ലാത്തിലും അദ്ദേഹം ഒരു പുതുമ കൊണ്ട് വന്നു അത് ഒരു നോട്ടത്തിൽ ആണേലും ചലനത്തിൽ ആണേലും എല്ലാത്തിലും അത് വരെ കാണാത്ത മോഹൻലാലിനെ കാണാൻ പറ്റി അദ്ദേഹം ഈ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചെയ്തതിൽ വെച്ച് എല്ലാ അർത്ഥത്തിലും വ്യത്യസ്ഥതയാർന്ന വേഷം ഏതാണെന്ന് ചോദിച്ചാൽ അത് ഛോട്ടാമുംബൈ എന്ന സിനിമയിലെ പനക്ക പറമ്പിൽ വാസ്കോ ഡി ഗാമ എന്ന കഥാപാത്രമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ഒരു 101 ശതമാനം എന്റെർറ്റൈനെർ ആണ് ഛോട്ടാമുംബൈ ഇപ്പൊ കാണുമ്പോഴും ആ സിനിമയിൽ ഒരു പുതുമ അനുഭവിക്കാൻ കഴിയുന്നു.... ഓരോ രംഗങ്ങളും എന്ത് ഭംഗിയാണ്.... എത്രയോ വട്ടം കണ്ടിട്ടും ഇപ്പോഴും ആദ്യമായി കണ്ട അതേ ഫീലോടെ കണ്ടിരിക്കാൻ കഴിയുന്ന ഒരു സിനിമയാണ് ഛോട്ടാമുംബൈ. ഇതുപോലുള്ള കോമഡി ആക്ഷൻ എന്റെർറ്റൈനെറുകൾ ഒക്കെ ഒന്ന് രണ്ട് വട്ടം കണ്ടു കഴിഞ്ഞാൽ മടുപ്പ് തോന്നാറാണ് പതിവ് ആ പതിവ് ഈ സിനിമ തെറ്റിച്ചു.
പടക്കം ബഷീർ മദ്യം വാങ്ങി വരുന്ന സീനൊക്കെ ഇപ്പൊ കാണുമ്പോഴും നിയന്ത്രണം വിട്ട് ചിരിച്ചു പോകാറുണ്ട്..... "കർത്താവേ കിട്ടി കാണുമോ" എന്ന് ചോദിച്ചു കൊണ്ട് മദ്യക്കുപ്പി കാണുമ്പോൾ തല ശരീമാസകാലം സന്തോഷത്തോടെ ഒരു വിറപ്പിക്കൽ നടത്തുന്നുണ്ട് എന്ത് മനോഹരമായിട്ടാണ് അദ്ദേഹം അത് അവതരിപ്പിച്ചിരിക്കുന്നത്...
എടുത്ത് പറയുകയാണേൽ എല്ലാ സീനുകളും പറയേണ്ടി വരും. ആരും തല്ലരുത് എനിക്ക് ഒറ്റക്ക് തല്ലണം..... നന്നാവാൻ ഉള്ള വല്ല ലേഹ്യവും ഉണ്ടെങ്കിൽ വാങ്ങിച്ചു താ ഞാൻ നന്നാവാം.... ഇത് പോലെ സിനിമയിലുടനീളം ചിരിപ്പിക്കുന്ന സംഭാഷണങ്ങളാണ് പ്രത്യേകിച്ച് സിദ്ദിഖും ബിജുക്കുട്ടനും.
ആക്ഷൻ സീനുകളും മികച്ചു നിൽക്കുന്നവയായിരുന്നു....
എടുത്ത് പറയേണ്ട ഒരു കാര്യം ലാലേട്ടന്റെ ഡാൻസിനെ പറ്റിയാണ് കുറച്ചേ ഉള്ളുവെങ്കിലും ചെട്ടികുളങ്ങര എന്ന ഗാനരംഗത്തിൽ അദ്ദേഹം ചുവട് വെക്കുന്നത് കണ്ടാൽ ഏതൊരു ഡാൻസറായ യൂത്തനും ഞെട്ടും യൂത്തനെന്നല്ല കാണുന്ന ഏതൊരാൾക്കും അതൊരു അത്ഭുത കാഴ്ച്ചയാണ്..... മോഹൻലാൽ എന്ന ഇതിഹാസം ഇതിന് മുൻപും ഒരുപാട് ഗാനരംഗങ്ങളിൽ വളരെ മികച്ച രീതിയിൽ ചുവട് വെച്ചിട്ടുണ്ടെങ്കിലും ഈ ഒരു ഗാനരംഗത്തിൽ അസാമാന്യമായ മെയ്‌വഴക്കത്തോടെ ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഊർജ്ജത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. വാസ്കോഡ ഗാമ എന്ന ഗാനരംഗത്തിലും അദ്ദേഹം പ്രേക്ഷകനെ അത്ഭുതപ്പെടുത്തി.
കലാഭവൻ മണി അവതരിപ്പിച്ച CI നടേശൻ എന്ന കഥാപാത്രം മലയാള സിനിമയിലെ മികച്ച വില്ലൻ കഥാപാത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഓരോ നോട്ടങ്ങൾക്കും വല്ലാത്തൊരു തരം തീക്ഷ്ണത കൊണ്ട് വന്നിട്ടുണ്ട് അദ്ദേഹം. ആ ഒരു നോട്ടത്തിൽ നടേശൻ എത്രത്തോളം ക്രൂരനായ വ്യക്തിയാണെന്ന് അദ്ദേഹം കാണിച്ചു തന്നു.
സിദ്ദിഖ് അവതരിപ്പിച്ച മുള്ളൻ ചന്ദ്രപ്പൻ എന്ന കഥാപാത്രം ചിരിപ്പിച്ചതിന് കണക്കില്ല ഒരുപാട് ഹാസ്യകഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടേലും മുള്ളൻ ചന്ദ്രപ്പൻ അതിൽ നിന്നെല്ലാം എത്രയോ വ്യത്യസ്ഥമായിരുന്നു.
ബിജു കുട്ടന്റെ കരിയറിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഇന്ന് വരെ ഛോട്ടാമുംബൈലെ സുശീലൻ ആണ്. "ഈശ്വരാ വെള്ളം തീർന്ന് പോവോ ഡ്രൈ അടിക്കേണ്ടി വരോ " "ആശാനെ ഹാപ്പി ബർത്ത് ഡേ "ഈ രണ്ട് ഡയലോഗുകൾ മതി അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ ഓർക്കാൻ.
ഭാവന അവതരിപ്പിച്ച പറക്കും ലത എന്ന നായികാ കഥാപാത്രം തല തെറിച്ച വാസ്കോഡിഗാമക്ക് എന്ത് കൊണ്ടും യോജിച്ച ജോഡിയാണെന്ന് പ്രേക്ഷകനെ കൊണ്ട് പറയിപ്പിക്കുന്നതിൽ ഭാവന നൂറ് ശതമാനം വിജയിച്ചു ആണത്തം നിറഞ്ഞ പറക്കും ലതയെ ഭാവന മനോഹരമാക്കി.
ജഗതി ശ്രീകുമാർ എന്ന ഇതിഹാസം പടക്കം ബഷീറായി വിലസുകയായിരുന്നു "എന്നാൽ ഞാനൊരു നൂറൂടെ വെക്കുന്നു, തല ഇന്ന് വരെ ആരുടെ മുൻപിലും താണിട്ടില്ല താഴ്... താഴ്..." തുടങ്ങിയ സംഭാഷണങ്ങൾ ഷക്കീലയെ വർണ്ണിക്കുന്നത് മുതൽ അവർ പോകുന്നത് വരെയുള്ള സീനുകൾ.... പാമ്പ് ചാക്കോച്ചേട്ടന്റെ തലയിൽ വെള്ളമൊഴിക്കുന്ന സീൻ.... പടക്കം ബഷീറിന്റെ ഇന്റ്രോ സീൻ ജഗതി ചേട്ടന്റെ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു അവിടെയെല്ലാം.
സായ് കുമാർ ആണ് പിന്നെ ഞെട്ടിച്ചത് ഫയൽവാൻ മൈക്കിൾ ആശാനായി അദ്ദേഹം അത് വരെ കാണാത്ത രീതിയിൽ ആയിരുന്നു ഞെട്ടിച്ചത് രൂപം കൊണ്ടും ഭാവം കൊണ്ടും സംസാരം കൊണ്ടും പ്രകടനം കൊണ്ടും അദ്ദേഹം നിറഞ്ഞാടി... മകനെ അതിരറ്റ് സ്നേഹിക്കുന്ന അച്ഛനായി അദ്ദേഹം ചിരിപ്പിച്ചു, അൽപ്പം കരയിച്ചു. അദ്ദേഹത്തിന്റെ ചില നോട്ടങ്ങൾക്കൊക്കെ ഒരു പ്രത്യേക ഭംഗിയായിരുന്നു പ്രത്യേകിച്ചും ബിജു കുട്ടൻ പിറന്നാളാശംസ അറിയിക്കുന്ന സീൻ, പെങ്ങളോട് പിണങ്ങി തല താഴ്ത്തി സൈക്കിളിൽ പോകുന്ന സീൻ.
ഇന്ദ്രജിത്തിന്റെ ടോമിച്ചൻ.... മണികുട്ടന്റെ സൈനു.... തലയുടെ സംഘത്തിലെ ഇളയവരുടെ റോളുകൾ ഇവരുടെ കൈയ്യിൽ മനോഹരമായിരുന്നു.
രാജൻ. പി. ദേവ് അവതരിപ്പിച്ച പാമ്പ് ചാക്കോ എന്ന കഥാപാത്രം ഒരുപാട് ചിരിപ്പിച്ചു. പെണ്ണ് കാണൽ സീൻ ആ സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നാണെന്ന് പറയാതെ വയ്യ. "ആരും ഓടരുത് പാമ്പ് എന്നത് എന്റെ ഇരട്ട പേരാണ് എന്നും പറഞ്ഞു ഓടുന്ന രണ്ട് പയ്യന്മാരുടെ തോളിൽ കൈയ്യിട്ട് പിടിച്ച് വിടത്തില്ല വിടത്തില്ല എന്ന് പറയുന്ന സീനൊക്കെ എന്ത് രസമാണ്.
വിനായകന്റെ സതീശൻ..... മണിയൻ പിള്ള രാജുവിന്റെ വക്കീൽ മേനോൻ.... ഭീമൻ രഘുവിന്റെ CI അലക്സ്.... വിജയരാഘവന്റെ CI മോഹൻദാസ്.... നാരായണൻ കുട്ടിയുടെ നാണപ്പൻ.... കൊച്ചിൻ ഹനീഫയുടെ വാസുട്ടൻ.... എല്ലാം മികച്ച വേഷങ്ങളായിരുന്നു.
സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പെണ്ണ് സുനി യാണ് എടുത്ത് പറയേണ്ട കഥാപാത്രങ്ങളിൽ ഒന്ന് "വേഗം കഴിക്ക് ഒന്നൂടെ പറയാം.... കോരി തരട്ടെ...." ഈ സീനുകളെല്ലാം ചിരിപ്പിച്ചവയാണ്.
കൊച്ചുപ്രേമൻ അവതരിപ്പിച്ച ബാങ്ക് മാനേജർ തലയും പിള്ളേരും കൊളുത്തിയ ചിരിയുടെ മാലപ്പടക്കത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു.
സനുഷ, മല്ലിക സുകുമാരൻ,ശരണ്യ ശശി, ഗീത വിജയൻ,ബിജു പപ്പൻ,കുഞ്ചൻ തുടങ്ങിയവരും നന്നായിരുന്നു.
ഷക്കീല,ഐറ്റം സോങ്ങിൽ വന്ന രചന മൗര്യ എന്നിവർ യുവാക്കൾക്കിടയിൽ ഒരു പ്രത്യേക ഊർജ്ജമുണ്ടാക്കി എന്ന് വേണം പറയാൻ.
അൻവർ റഷീദിനോട് ഒറ്റകാര്യത്തിനെ ദേഷ്യമുള്ളൂ ചെട്ടികുളങ്ങര എന്ന പാട്ട് മുഴുവനായും ചിത്രീകരിക്കാത്തതിൽ....
അൻവർ റഷീദിന്റെ കഥക്ക് പ്രേക്ഷകനെ അങ്ങേയറ്റം രസിപ്പിച്ച തിരക്കഥയും സംഭാഷണവും ഒരുക്കി ബെന്നി. പി. നായരമ്പലം ഈ ഗ്യാങ്ങിൽ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ചു.
രാഹുൽ രാജ് എന്ന സംഗീത സംവിധായകന്റെ ഉദയം ഛോട്ടാമുംബൈയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് തീർച്ചയായും പുതുമയുണ്ടായിരുന്നു. ഇന്ന് അദ്ദേഹം മലയാള സിനിമയിലെ മുൻനിര സംഗീത സംവിധായകനാണ്. മികച്ചൊരു തുടക്കം തന്നെയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഛോട്ടാമുംബൈ പ്രേക്ഷകന് രസിക്കുന്ന രീതിയിൽ ഒരുക്കിയതിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും വലിയൊരു പങ്ക് തന്നെയുണ്ട്.
അഴകപ്പന്റെ ഛായാഗ്രഹണവും ഡോൺ മാക്സിന്റെ എഡിറ്റിംഗും ഛോട്ടാമുംബൈക്ക് മാറ്റ് കൂട്ടി.
തന്റെ ആദ്യ ചിത്രമായ രാജമാണിക്ക്യം തന്നെ ബ്ലോക്ക് ബസ്റ്റർ ആക്കിയ അൻവർ റഷീദ് രണ്ടാമത് സംവിധായകന്റെ തൊപ്പിയണിഞ്ഞ ചിത്രമായിരുന്നു ഛോട്ടാമുംബൈ. തന്റെ സംവിധാന മികവിലൂടെ തന്റെ പേരിൽ രണ്ടാമത് ഒരു ബ്ലോക്ക് ബസ്റ്റർ കൂടെ അദ്ദേഹം എഴുതി ചേർത്തു.
2007 ഏപ്രിൽ 7 ന് മണിയൻ പിള്ള രാജു നിർമ്മിച്ച ഛോട്ടാമുംബൈ പ്രദർശനത്തിനെത്തി ആ വർഷത്തെ പണം വാരി ചിത്രങ്ങളിൽ മുൻപന്തിയിൽ കടന്ന് കൂടി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ സെഞ്ച്വറി തികച്ച മറ്റൊരു ചിത്രമായി മാറി ഛോട്ടാമുംബൈ.
അപ്പന്റെ വാസ്കോയായി കൂട്ടുകാരുടെയും നാട്ടുകാരുടെയും "തല"യായി എല്ലാം കൊണ്ടും ഒരുപാട് പുതുമ നിറഞ്ഞ ഒരു കഥാപാത്രമായി ലാലേട്ടൻ നിറഞ്ഞാടി. ഒരിക്കൽ കൂടെ പറയുന്നു എന്റെ വ്യക്തിപരമായ ഒരു അഭിപ്രായമാണ് ഈ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ലാലേട്ടൻ എല്ലാ അർത്ഥത്തിലും പുതുമ കൊണ്ട് വന്ന് അഭിനയിച്ച വ്യത്യസ്ഥമായ കഥാപാത്രം അത് ഛോട്ടാമുംബൈയിലെ പനക്ക പറമ്പിൽ വാസ്കോ ഡി ഗാമയാണ്.... മലയാളികളുടെ സ്വന്തം തല.
-വൈശാഖ്.കെ.എം
ഛോട്ടാമുംബൈ
Reviewed by
on
05:01
Rating:

No comments: