മുള്ളൻകൊല്ലി വേലായുധൻ എന്റെ സൂപ്പർ ഹീറോ
നരൻ
-------------
എന്നെ സംബന്ധിച്ച് എന്റെ മനസ്സിൽ കയറി കൂടിയ എന്നിലെ പ്രേക്ഷകനെ മൊത്തമായും കീഴടക്കിയ മാസ്സ് ഹീറോ പൂവള്ളി ഇന്ദുചൂഢനോ.... മംഗലശ്ശേരി നീലകണ്ഠനോ....ആട് തോമയോ.... കണിമംഗലം ജഗന്നാഥനോ ഒന്നുമല്ല അത് വേലായുധനാണ് മുള്ളൻകൊല്ലി വേലായുധൻ.
ഓരോ തവണ കാണുന്തോറും ഇഷ്ടം കൂടി വരുന്ന ഒരു നിമിഷം പോലും വെറുപ്പിക്കാത്ത ഒരു തരം വിസ്മയമാണ് എന്നെ സംബന്ധിച്ച് നരൻ. സിനിമയുടെ തുടക്കത്തിൽ മധു സാറിന്റെ കഥാപാത്രമായ വലിയ നമ്പ്യാർ പറയുന്നുണ്ട് ഒരു വിസ്മയമാണ് എന്റെ വേലായുധൻ എന്ന്.... ഓരോ തവണ കാണുന്തോറും എനിക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണത് വേലായുധൻ ഒരു വിസ്മയമാണ്.
സാധാരണക്കാരിൽ സാധാരണക്കാരന്റെ സൂപ്പർ ഹീറോ വേലായുധനെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
വാക്കിലും നോക്കിലും ജീവിതത്തിന്റെ ഒരു ഭാഗത്ത് പോലും ഒരു തരി പോലും കളങ്കമില്ലാത്ത എല്ലാവരേയും സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു വ്യക്തി.
കുബുദ്ധികൾ ഒന്നും വശമില്ലാത്ത നേരെ വാ നേരെ പോ എന്ന നയത്തിൽ ഉറച്ച് നടക്കുന്ന വേലായുധൻ കാണുമ്പോഴെല്ലാം എന്റെ മനസ്സിൽ ആഴത്തിൽ തറച്ചു കയറിയ ഒരു കഥാപാത്രമാണ്.
വേലായുധൻ കരഞ്ഞപ്പോഴെല്ലാം എന്റെ കണ്ണുകളും നിറഞ്ഞു... വേലായുധൻ ചിരിച്ചപ്പോഴെല്ലാം ഞാനും ചിരിച്ചു.... ഗുണ്ടായിസം കാണിക്കുന്നവരെ വേലായുധൻ കീഴ്പ്പെടുത്തുമ്പോൾ എന്നിൽ ആവേശം വാനോളമുയർന്നു....
വേലായുധന്റെ നഷ്ടപ്രണയം എന്നിലും ഒരു വിങ്ങലായി കടന്ന് വന്നു ജാനകിയും വേലായുധനും ഒരുമിച്ചു വരുന്ന രംഗങ്ങളിലെല്ലാം എന്നിൽ എന്തോ ഒരു പ്രത്യേക അനുഭൂതി ഉണർന്നു...
മീൻ കച്ചവടം തടയുന്ന സീനിൽ വേലായുധൻ പറയുന്ന ആ ഒരു സംഭാഷണം മാത്രം കേട്ടാൽ മതി വേലായുധന് ആ നാടിനോടും നാട്ടുകാരോടുമുള്ള ഇഷ്ടം മനസ്സിലാക്കാൻ "അല്ലെങ്കിൽ തന്നെ ഇവിടുത്തെ പിള്ളേർക്ക് തൂറലും ഛർദ്ദിയും ഒഴിഞ്ഞ നേരമില്ല ഇനി അമോണിയം ഇട്ട മീൻ കൂടെ തിന്നാൽ റെഡി ആയി "
വേലായുധൻ എത്രത്തോളം നിഷ്കളങ്കൻ ആണെന്ന് മനസ്സിലാക്കാൻ പോലീസ് സ്റ്റേഷനിൽ വെച്ചുള്ള ആ ഒരു രംഗം തന്നെ ധാരാളം ആ ഒരു സീൻ കണ്ടു കഴിഞ്ഞാൽ ചെറിയ പിള്ളേരെ ഒക്കെ കളിപ്പിക്കുമ്പോൾ മുഖത്ത് വരുന്ന ഒരു ഭാവമാണ് നമുക്ക് ഒക്കെ വരുന്നത് നിഷ്കളങ്കതയുടെ ഒരു പര്യായം എന്നൊക്കെ അവകാശപ്പെടാവുന്ന തരത്തിലുള്ള ഒരു തരം മാജിക് ആണ് അവിടെ നടന്നത്.
തന്നെ വളർത്തി വലുതാക്കിയ പുതുശ്ശേരി വലിയ നമ്പ്യാരെ കാണുമ്പോഴുള്ള വേലായുധന്റെ ഭയ ഭക്തി ബഹുമാനം കാണുമ്പോൾ നമ്മളിൽ ചിരി ഉണരുന്നു.
വേലായുധന്റെ സഹായം അധികമായത് കാരണം വിഷമത്തിൽ ആവുന്ന കേളപ്പേട്ടന്റെ കുടുംബവും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു അഹമ്മദ് ഇക്കയോട് വേലായുധൻ കേളപ്പേട്ടനെ പറ്റി പറയുന്ന ആ ഒരു രംഗം കണ്ണുകളെ ശരിക്കും ഈറനണിയിക്കും.
വേലായുധൻ അമ്പലനടയിൽ വെച്ച് പറയുന്നുണ്ട് വേലായുധന് അച്ഛനും അമ്മയും ഇല്ല വാക്ക് വേലായുധന് ദൈവമാണ് എന്ന്. സ്വന്തം ജീവൻ പോലും അപകടത്തിലായ ഒരു ഘട്ടം വന്നിട്ടും കൊടുത്ത വാക്ക് പാലിക്കുന്ന വേലായുധൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
സാഹചര്യം കാരണം ശരീരം വിറ്റ് ജീവിക്കേണ്ടി വന്ന കുന്നുമ്മൽ ശാന്തയുടെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് അവൾക്ക് കാവലായി കിടക്കുന്ന വേലായുധൻ വലിയ നമ്പ്യാർക്ക് കൊടുത്ത വാക്ക് പാലിക്കാൻ അവിടന്ന് ഇറങ്ങി പോരുമ്പോൾ ശാന്തയോട് പറയുന്ന ഒരു കാര്യമുണ്ട്
"വഴി പിഴച്ചു പോയ ഒരു പെണ്ണിനെ സംരക്ഷിക്കുക അവളെ നേർവഴിക്ക് നടത്തുക അതൊക്കെ നാട്ടുകാരുടെ കണ്ണിൽ വലിയ തെറ്റാണ് ശാന്തേ... വേലായുധൻ വെറും പൊട്ടൻ അതൊന്നും അന്നേരം അറിയില്ലായിരുന്നു "
വേലായുധൻ എത്രത്തോളം ശുദ്ധനാണെന്ന് പറഞ്ഞു തരുന്ന ഒരു മനോഹരമായ രംഗമായിരുന്നു അത്.
മരം കച്ചവടമാക്കാൻ പോകുമ്പോൾ ഹാജിയാരോട് വേലായുധൻ പണം ഒരുമിച്ചു വേണം എന്നൊക്കെ പറയുന്നുണ്ട് അവിടന്ന് അഞ്ഞൂറ് രൂപ ചോദിക്കുന്ന വേലായുധനെ എതിർത്ത് കേളപ്പേട്ടൻ ആയിരം രൂപ വാങ്ങിക്കുമ്പോൾ വേലായുധൻ ഹാജിയാരോട് പറയുന്നുണ്ട് കേളപ്പേട്ടന്റെ മകളുടെ കല്ല്യാണത്തെ പറ്റി... അത് കേൾക്കുമ്പോൾ കേളപ്പേട്ടനും ഞെട്ടുന്നു. കൂടെയുള്ളവരുടെ കാര്യങ്ങൾ അവരേക്കാൾ നാന്നായി ഓർത്ത് വേണ്ടപോലെ എല്ലാം ചെയ്യുന്ന വേലായുധൻ എന്ന സഹോദരനെ.... കൂട്ടുകാരനെ.... മകനെ.... നമ്മൾ അവിടെ കാണുന്നു.
നാട്ടിലെ ഉത്സവത്തിനും മറ്റും ആട്ടവും പാട്ടുമായി ചുറുചുറുക്കോടെ മുൻപിൽ നിന്ന് നയിക്കുന്ന ചെറുപ്പക്കാരനായ വേലായുധനേയും നമുക്ക് കാണാം.
വേലായുധന്റെ ചട്ടങ്ങളും മറ്റും ഒരു വിഭാഗം ആളുകൾക്ക് ദഹിക്കാത്ത കാര്യമാണ് വേലായുധനെ തല്ലി ഒരു ഭാഗത്ത് ഇരുത്താൻ അവർ പിരിവ് നൽകി ഇടയ്ക്ക് ഇടയ്ക്ക് പല ഗുണ്ടകളേയും കൊണ്ട് വരുന്നുണ്ട്. വേലായുധൻ എല്ലാറ്റിൽ നിന്നും മാറി നടക്കുമ്പോഴാണ് അവർക്ക് മനസ്സിലാകുന്നത് വേലായുധൻ ആയിരുന്നു നൂറ് ശതമാനം ശരി എന്ന്. ഹാജിയാർ ഒരു സീനിൽ പറയുന്നുണ്ട് കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്ന്. തന്നെ എതിർത്തവരെ പോലും തന്റെ ആരാധകരാക്കാൻ വേലായുധൻ ഒന്നും ചെയ്തിട്ടില്ല ചെയ്തോണ്ടിരുന്ന കാര്യങ്ങൾ ചെയ്യാതിരുന്നു. തന്റെ സ്വഭാവ ശുദ്ധി കൊണ്ട് ആ വ്യക്തി എല്ലാവരേയും തന്നിലേക്ക് അടുപ്പിച്ചു.
വിദ്യാഭ്യാസം തീരെയില്ലാത്ത വേലായുധന് മറ്റുള്ളവരെക്കാളും അറിവ് ഉണ്ട് എന്ന് മനസ്സിലാക്കി തരുന്ന സീൻ ആണ് ഹോട്ടലിന് ബോർഡ് വെക്കുമ്പോൾ അത് തടഞ്ഞു കൊണ്ട് വേലായുധൻ സംസാരിക്കുന്നത്.
വേലായുധന് ഒറ്റ ആഗ്രഹമേയുള്ളൂ ആരെങ്കിലും തന്നെ തല്ലി തോൽപ്പിക്കണം എന്ന്.... പക്ഷേ ആർക്കും അതിന് കഴിയുന്നില്ല അവിടെ നമ്മൾ വേലായുധന്റെ ശാരീരിക ബലം മനസ്സിലാക്കുന്നു.
ഇത്രയൊക്കെ സവിശേഷേതകൾ ഉള്ള ആ വ്യക്തിയെ ലീല വിളിക്കുന്ന പേര് തന്നെയാണ് വിളിക്കേണ്ടത് ""മുള്ളൻകൊല്ലി മഹാരാജാവ് ""
ആ ഒരു വിശേഷണത്തിന് എന്ത് കൊണ്ടും യോഗ്യനാണ് വേലായുധൻ ഇത്രയേറെ സവിശേഷേതകൾ ഉള്ള ആ മനുഷ്യന് മാത്രമാണ് ആ ജനതയെ നയിക്കാനുള്ള യോഗ്യത.
വേലായുധനെ വിട്ട് നരൻ എന്ന സിനിമയിലേക്ക് വരുമ്പോൾ എന്ത് കൊണ്ടും ഒരു വിസ്മയ ചിത്രമാണ് നരൻ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
തീർച്ചയായും ഒരു ഇൻഡ്രസ്‌ട്രി ഹിറ്റ് ആവാൻ നൂറ് ശതമാനം യോഗ്യതയുള്ള ഒരു സിനിമയായിരുന്നു നരൻ.
ജോഷി എന്ന മാന്ത്രികന്റെ മികച്ച സംവിധാനം
ഷാജി കുമാറിന്റെ കണ്ണുകൾക്ക് അത്ഭുത കാഴ്ച്ചകൾ സമ്മാനിച്ച മനോഹരമായ ഛായാഗ്രഹണം
ദീപക്ക് ദേവിന്റെ മികച്ച സംഗീതം തലമുറകൾ മാറി വരുന്നതിനനുസരിച്ച് വീര്യം കൂടുന്ന വേൽ മുരുകാ ഹരോ ഹര എന്ന ഗാനം ഒരു ഉദാഹരണം മാത്രം.
ഔസേപ്പച്ചന്റെ ഗംഭീര പശ്ചാത്തലസംഗീതം
രഞ്ജൻ പ്രമോദിന്റെ കെട്ടുറപ്പുള്ള കഥയും തിരക്കഥയും
മോഹൻലാൽ എന്ന വിസ്മയത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം. ആ കുടിച്ചു കൊണ്ടുള്ള രംഗങ്ങൾക്കൊക്കെ ഒരു പ്രത്യേക ഭംഗിയായിരുന്നു... വേലായുധനായി ജീവിച്ച് തകർത്താടി വിസ്മയങ്ങളുടെ വിസ്മയമായ ഈ മനുഷ്യൻ.
മറ്റുള്ള അഭിനേതാക്കളും മികച്ചു നിന്നു എന്ന് പറഞ്ഞാൽ പോരാ തമ്മിൽ ഒരു മത്സരമായിരുന്നു.
മധു സാറിന്റെ വലിയ നമ്പ്യാരും..... സിദ്ദിഖ് ഇക്കയുടെ ഗോപി നാഥൻ നമ്പ്യാരും.... ഇന്നസെന്റ് ചേട്ടന്റെ കേളപ്പേട്ടനും..... ജഗതി ചേട്ടന്റെ മെമ്പർ കുറുപ്പും.... ഭാവനയുടെ ലീലയും.... ദേവയാനിയുടെ ജാനകിയും.... സോനാ നായരുടെ കുന്നുമ്മൽ ശാന്തയും.... മാമുക്കോയയുടെ അഹമ്മദ് ഇക്കയും.... ബിന്ദു പണിക്കരുടെ നാരായണി ഏടത്തിയും..... സലിം കുമാറിന്റെ ഇടി മുട്ടി രാജനും..... ഭീമൻ രഘുവിന്റെ കീരി രാഘവനും.... വി.കെ. ശ്രീരാമന്റെ ഹാജിയാരും.... മണിയൻ പിള്ള രാജുവിന്റെ കൃഷ്ണനും.... വിജീഷിന്റെ വാസുക്കുട്ടനും..... രേഖയുടെ സുനന്ദാക്കനും..... സായ് കുമാറിന്റെയും.... ലക്ഷ്മിപ്രിയയുടെയും എന്തിനേറെ പറയുന്നു ബേബി നിരഞ്ജന ചെയ്ത വേഷം പോലും അത്യുഗ്രനായിരുന്നു. ഓരോ സീനിൽ വന്ന് പോയവർ പോലും എന്തിന് ജൂനിയർ ആർട്ടിസ്റ്റുകൾ വരെ ജീവിച്ചു കാണിച്ചു.
പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആരാധകർ പോലും ഒരു സ്ഥലത്തും എന്ത് കൊണ്ടാണ് ഈ സിനിമയെ പരാമർശിക്കാത്തത് എന്ന്.... മറ്റു പല സിനിമകളും റീ റിലീസുകൾ നടത്തണമെന്ന് പറയുമ്പോഴും ആരും എന്താണ് നരനെ പറ്റി പറയാത്തത് എന്ന്.... ഒരു വേലായുധൻ ഭക്തൻ എന്ന നിലയ്ക്ക് എന്നിൽ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ് അതൊക്കെ.
ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളുടെ ആരാധകരായാലും ഞാൻ എന്നും വേലായുധന്റെ ആരാധകനാണ് ഭക്തനാണ്.
"ഈ പുഴയാ സാറേ എന്റെ അമ്മ വിശന്നപ്പോഴൊക്കെ ഊട്ടി കരഞ്ഞപ്പോഴൊക്കെ ആരും കാണാതെ ആ കണ്ണീരെല്ലാം കൊണ്ട് പോയി.... സാറിനെന്നെ നീന്തി തോല്പിക്കാവോ..... "
വേലായുധന് വേണ്ടി ഒരു നാട് മുഴുവൻ കാത്തിരിക്കുമ്പോൾ അയാൾക്ക് എങ്ങനെ അങ്ങോട്ട് തിരിച്ച് വരാതിരിക്കാനാകും..... അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഈ സിനിമ കാണുമ്പോഴെല്ലാം ഞാനും അറിയാതെ ഒരു മുള്ളൻകൊല്ലിക്കാരനായി മാറുന്നു....
നിഷ്കളങ്കനായ..... സാധാരണക്കാരിൽ സാധാരണക്കാരനായ.... അമാനുഷികനല്ലാത്ത..... ശക്തനായ.... നാട്ടുകാരുടെ നായകനായ രക്ഷകനായ.... പ്രിയപ്പെട്ടവനായ നരനായ.... മുള്ളൻകൊല്ലി രാജാവാണ് എന്റെ ഹീറോ.... എന്റെ സൂപ്പർ ഹീറോ
-വൈശാഖ്. കെ.എം
മുള്ളൻകൊല്ലി വേലായുധൻ എന്റെ സൂപ്പർ ഹീറോ
Reviewed by
on
04:40
Rating:

No comments: