വിദ്യാസാഗർ : മധുരസംഗീതത്തിന്റെ രാജാവ്
സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... ആഘോഷിക്കപ്പെടാതെ പോകുന്ന ആഘോഷിക്കപ്പെടേണ്ട വിസ്മയം.
1996ൽ മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്‌ത അഴകിയ രാവണൻ എന്ന ചിത്രത്തിലൂടെ വെണ്ണിലാ ചന്ദനക്കിണ്ണവുമായി മലയാളിയുടെ മനസ്സിലേക്ക് മധുര സംഗീതത്തിന്റെ വിസ്മയം തീർത്തു കൊണ്ട് കടന്നു വന്ന മനുഷ്യൻ. വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ എന്ന ഗാനം മൂളാത്ത മലയാളി വിരളമായിരിക്കും. പിന്നീട് ഇന്ദ്രപ്രസ്ഥത്തിലെ തങ്ക തിങ്കൾ എന്ന ഗാനമായിരുന്നു അദ്ദേഹത്തിന്റെതായി നമ്മൾ ആഘോഷമാക്കിയത്. ഐ.വി. ശശി മോഹൻലാൽ കൂട്ടുകെട്ടിലെ വർണ്ണപ്പകിട്ടിന് പകിട്ട് കൂട്ടിയത് ചിത്രത്തിലെ അതിമനോഹരമായ ഗാനങ്ങളായിരുന്നു. മാണിക്യക്കല്ലാൽ, വെള്ളിനിലാ തുള്ളികളോ, ദൂരെ മാമരക്കോമ്പിൽ തുടങ്ങിയ ഗാനങ്ങൾ ഏവർക്കും പ്രിയപ്പെട്ടവയാണ്. ഒരു മറവത്തൂർ കനവിലെ സുന്ദരിയേ സുന്ദരിയേ, കൃഷ്ണഗുഡിയിൽ ഒരു പ്രണകാലത്ത് എന്ന ചിത്രത്തെ പ്രണയാർദ്രമാക്കിയ പിന്നേയും പിന്നേയും, കാത്തിരിപ്പൂ കണ്മണീ, പ്രണയവർണ്ണങ്ങൾക്ക് മാറ്റ് കൂട്ടിയ ആരോ വിരൽ, വരമഞ്ഞളാടിയ, കണ്ണാടി കൂടും കൂട്ടി, സമ്മർ ഇൻ ബത്ലഹേമിനെ അതിമനോഹരമാക്കിയ ഒരു രാത്രി കൂടി, എത്രയോ ജന്മമായ്, മാരിവില്ലിൻ ഗോപുരങ്ങൾ, ചൂളമടിച്ചു, കൺഫ്യൂഷൻ തീർക്കണമേ, കുന്നിമണി കൂട്ടിൽ, ഉസ്താദിലെ വെണ്ണിലാ കൊമ്പിലെ രാപ്പാടി, നാടോടിപ്പൂത്തിങ്കൾ, എഴുപുന്ന തരകനിലെ തെക്ക് തെക്ക് തെക്കേപ്പാടം, ചന്ദ്രനുദിക്കുന്ന ദിക്കിലിലെ അമ്പാടി പയ്യുകൾ മേയും, മായാദേവകിക്ക്, ഒരു കുഞ്ഞു പൂവിന്റെ, തെയ് ഒരു തെനവയൽ, ബമ്പാട്ടു ഹുടുകി, മഞ്ഞു പെയ്യണ, യുവത്വം ആഘോഷമാക്കിയ നിറം എന്ന ചിത്രത്തിലെ മിന്നിത്തെന്നും നക്ഷത്രങ്ങൾ, മിഴിയറിയാതെ, പ്രായം തമ്മിൽ, യാത്രയായി, ശുക്ക്റിയാ, മില്ലേനിയം സ്റ്റാർസിലെ മഹാ ഗണപതിം, കൃഷ്ണാ കൃഷ്ണാ, ഓ മുംബൈ, ശ്രാവൺ ഗംഗേ, പറയാൻ ഞാൻ മറന്നു, ഡ്രീംസിലെ കണ്ണിൽ കാശിത്തുമ്പകൾ, മണിമുറ്റത്താവണിപ്പന്തൽ, പക്കാല പാടാൻ വാ, വാർത്തിങ്കൾ, സത്യം ശിവം സുന്ദരത്തിലെ അവ്വാ അവ്വാ, ചന്ദ്രഹൃദയം, സത്യം ശിവം സുന്ദരം, സൂര്യനായി തഴുകി, വാക്കിങ് ഇൻ ദി മൂൺലൈറ്റ്, മിസ്റ്റർ ബട്ട്ലറിലെ രാര വേണു, മധുരനൊമ്പരക്കാറ്റിലെ ദ്വാദശിയിൽ, ദേവദൂതനെ അത്ഭുതമാക്കി മാറ്റിയ എന്തരോ മഹാനു, എൻ ജീവനേ, കരളേ നിൻ, പൂവേ പൂവേ, മത്താപ്പൂത്തിരി, ദോസ്ത്തിലെ മഞ്ഞുപോലെ, കിളിപ്പെണ്ണേ, തത്തമ്മപ്പേര്, ദുബായ്യിലെ ഒരു പാട്ടിൽ, രണ്ടാം ഭാവത്തിലെ മറന്നിട്ടുമെന്തിനോ, ഗ്രാമഫോണിലെ എന്തേ ഇന്നും വന്നീല, നിനക്കെന്റെ മനസ്സിലെ, പൈക്കുറുമ്പിയെ മേയ്ക്കും, വിളിച്ചതെന്തിന്, മലയാള സിനിമയിലെ എക്കാലത്തേയും മികച്ച എന്റർടൈനറുകളിലൊന്നായ മീശമാധവനിലെ എന്റെ എല്ലാമെല്ലാം, കരിമിഴിക്കുരുവിയെ, പെണ്ണേ പെണ്ണേ, ചിങ്ങമാസം, എലവത്തൂര് കായലിന്റെ, വാളെടുത്താൽ, കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒന്നാം കിളി പൊന്നാംകിളി, ഒന്നാനാം കുന്നിന്മേലെ, വിളക്കു കൊളുത്തി വരും, കസവിന്റെ തട്ടമിട്ട്, സി ഐ ഡി മൂസയിലെ ചിലമ്പൊലിക്കാറ്റേ, പട്ടാളത്തിലെ ആരൊരാൾ, ആലിലക്കാവിലെ, വെണ്ണക്കല്ലിൻ, പമ്പാ ഗണപതി, രസികനിലെ തൊട്ടുരുമ്മി, ആലീസിൽ ഇൻ വണ്ടർലാന്റിലെ കണ്ണിലുമ്മവെച്ചു, ചന്ദ്രോത്സവത്തിലെ മുറ്റത്തെത്തും, ആരാരും, കൊച്ചിരാജാവിലെ മുന്തിരിപ്പാടം, ചാന്തുപൊട്ടിലെ ഓമനപ്പുഴ, രാക്കിളിപ്പട്ടിലെ ധും ധും ധും ധും, ശാരികെ നിന്നെ, ഗോളിലെ എന്താണിന്നെന്നോടൊന്നും, റോക്ക് ൻ റോളിലെ രാവേറെയായി, മുല്ലയിലെ കനലുകൾ, കണ്ണിൻ വാതിൽ, നീലത്താമരയിലെ അനുരാഗ വിലോചനനായി, പാപ്പി അപ്പച്ചയിലെ തമ്മിൽ തമ്മിൽ, മേക്കപ്പ് മാനിലെ മൂളിപ്പാട്ടും പാടി, സ്പാനിഷ് മസാലയിലെ ആരെഴുതിയാവോ, ഓർഡിനറിയിലെ എന്തിനീ മിഴി രണ്ടും, സുൻ സുൻ സുന്ദരി, ഡയമണ്ട് നെക്‌ലെയ്സിലെ നിലാമലരേ, താപ്പാനയിലെ ഊരും പേരും അറിയാതെ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയുമിലെ ഒറ്റത്തുമ്പി, ഗീതാഞ്ജലിയിലെ ദൂരെ ദൂരെ, ഒരു ഇന്ത്യൻ പ്രണയകഥയിലെ ഓമനക്കോമള, എന്നും എപ്പോഴുമിലെ മലർവാക കൊമ്പത്ത്, നിലാവും മായുന്നു, അനാർക്കലിയെ അതിമനോഹരമാക്കിയ ആ ഒരുത്തി, ഈ തണുത്ത, സാഹിബ, വാനം, ജോമോന്റെ സുവിശേഷങ്ങളിലെ നോക്കി നോക്കി, തുടങ്ങി മലയാളികൾ പല സമയങ്ങളിലായി മൂളി നടന്നതും ഹൃദയത്തിലേറ്റിയതുമായ നിരവധി മനോഹരമായ ഗാനങ്ങളുടെ ഈണം പിറന്നത് വിദ്യാസാഗർ എന്ന മജീഷ്യനിൽ നിന്നാണ്.
ഏതൊരു മലയാളിയുടേയും എക്കാലത്തേയും പ്രിയപ്പെട്ട ഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ എന്തായാലും വിദ്യാസാഗറിന്റെ ഒരുപിടി ഗാനങ്ങൾ കാണും എന്നത് തീർച്ചയാണ്. അദ്ദേഹത്തിന്റെ പല ഗാനങ്ങളും സ്ലോ പോയ്സണാണ്.... പതിയെ പതിയെ സിരകളിൽ പടർന്നു കയറി നമ്മിൽ അലിഞ്ഞു ചേരുന്നവ. വല്ലാത്തൊരു തരം ഫീൽ ആണ് വിദ്യാസാഗറിന്റെ ഈണങ്ങൾക്ക്.... വല്ലാതെ അഡിക്ട് ആയിപ്പോകുന്ന ഒരു തരം മാജിക്ക്..... വിസ്മയം.
മില്ലേനിയം സ്റ്റാർസിലെ പറയാൻ ഞാൻ മറന്നു എന്ന ഗാനമൊക്കെ അദ്ദേഹം ചെയ്തത് 2000ത്തിൽ ആണെന്ന് ഓർക്കണം.... ഇന്നും പല പ്രമുഖർക്കും അപ്രാപ്യമായത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തും, പ്രണയവർണ്ണങ്ങളുമൊക്കെ മലയാളിക്ക് പ്രിയപ്പെട്ടതാകുന്നത് അതിലെ അതിമനോഹരമായ ഗാനങ്ങൾ കൊണ്ടാണ് . ദേവദൂതൻ എന്ന ചിത്രം നമുക്കൊക്കെ ഒരു അത്ഭുതമാകുന്നതും അതിലെ വിസ്മയങ്ങളായ ഗാനങ്ങൾ കൊണ്ടും കൂടെയാണ്. മീശമാധവൻ ഒരു ആഘോഷമാകുന്നതും ഗാനങ്ങൾ ചേരുമ്പോഴാണ്. അഴകിയ രാവണനും, ചന്ദ്രോത്സവവും, ചന്ദ്രനുദിക്കുന്ന ദിക്കിലിനും മാറ്റ് കൂട്ടുന്നതും ഗാനങ്ങളാണ്. റോക്ക് ൻ റോളിനോട് ചെറിയ ഇഷ്ടം തോന്നാൻ കാരണവും അതിലെ ഗാനങ്ങളാണ്. നീലത്താമര എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അനുരാഗ വിലോചനനായി എന്ന ഗാനം വലിയ തരംഗമായിരുന്നു.... ആ ഗാനം മൂളാത്തവർ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. അനാർക്കലി എന്ന ചിത്രം ഏവർക്കും പ്രിയപ്പെട്ടതാകുന്നത് അതിന്റെ സംഗീതം കൊണ്ടാണ്.... ഓരോ ഗാനങ്ങളും പശ്ചാത്തല സംഗീതവും അത്രമേൽ മനോഹരമായിരുന്നു. എടുത്തെടുത്തു പറഞ്ഞാൽ തീരില്ല അദ്ദേഹത്തിന്റെ ഗാനങ്ങളുടെ മഹിമ.
മലയാളം മാത്രമല്ല തമിഴിലും തെലുങ്കിലുമായി ഹിന്ദിയിലുമായി അനേകം ഹിറ്റുകൾ ആ മനുഷ്യന്റെ പേരിലുണ്ട്. റണ്ണും, ധൂളും, ഗില്ലിയും, മധുരയും, ചന്ദ്രമുഖിയും, മൊഴിയും, സിരുത്തൈയും, കാവലനുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.
മെലഡി കിംഗ് എന്നാണ് വിളിപ്പേരെങ്കിലും മെലഡികൾ കൊണ്ട് മാത്രമല്ല എല്ലാത്തരം ഗാനങ്ങൾ കൊണ്ടും ആ മനുഷ്യൻ അത്ഭുതപ്പെടുത്താറുണ്ട്.
ഒന്നോ രണ്ടോ സിനിമകൾ ചെയ്‌ത ഇന്നലെ വന്ന പിളേളര് അടക്കം ആഘോഷിക്കപ്പെടുമ്പോഴും പലരും മനഃപൂർവം മറക്കുന്ന ഒരു വിസ്മയമാണ് വിദ്യാസാഗർ. പലരുടേയും ഇഷ്ടഗാനങ്ങൾ ആ മനുഷ്യന്റെ ആയിരിക്കും പക്ഷേ ഇഷ്ട സംഗീത സംവിധായകരെ കുറിച്ചു പറയുമ്പോൾ ആ മനുഷ്യന്റെ പേര് കാണാറില്ല എന്നതാണ് വാസ്തവം.
ഇനിയും ഒരുപാട് വിസ്മയ ഗാനങ്ങൾ അദ്ദേഹത്തിൽ നിന്നും പിറവിയെടുക്കാനുണ്ട് അതിനായ് കാത്തിരിക്കുന്നു..... ശ്രീ ലാൽജോസ് വേണം പലപ്പോഴും ഇദ്ദേഹത്തെ ഒന്ന് മലയാളത്തിലേക്ക് കൊണ്ട് വരണേൽ ഇനി വരാനുള്ളതും ഒരു ലാൽജോസ് സിനിമ തന്നെ. കാത്തിരിക്കുന്നു സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന വിസ്മയത്തിന്റെ അതിമനോഹരമായ ഗാനങ്ങൾക്കായ്.
എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വിസ്മയമാണ്.... ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനാണ്.... ആഘോഷിക്കപ്പെടാതെ പോകുന്ന ആഘോഷിക്കപ്പെടേണ്ട വിസ്മയം. സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... മധുരസംഗീതത്തിന്റെ രാജാവ്. ❤️❤️
-വൈശാഖ്.കെ.എം
വിദ്യാസാഗർ : മധുരസംഗീതത്തിന്റെ രാജാവ്
Reviewed by
on
09:13
Rating:

No comments: