നമുക്ക് മുന്നിലൂടെ വളർന്നു വലുതായ രണ്ട് കുഞ്ഞ് മിന്നും താരങ്ങൾ


കുഞ്ഞുന്നാളിലേ സിനിമയിലെത്തി നമ്മുടെ പ്രിയപ്പെട്ട അഭിനേതാക്കളായി മാറിയ ഒത്തിരിപ്പേരുണ്ട്.... ബേബി ശാലിനി മുതൽ അനിഖ സുരേന്ദ്രൻ വരെ നീളുന്ന വലിയൊരു ലിസ്റ്റ് തന്നെയുണ്ട് ആ കാര്യത്തിൽ. നമ്മുടെ കണ്മുന്നിലൂടെ വളർന്ന് വലുതായവർ. എല്ലാവരെ പറ്റിയുമല്ല അങ്ങനെയുള്ള രണ്ട് പേരെ പറ്റിയാണ് ഈ പോസ്റ്റ്‌. ഒരുപാട് കഴിവുകളുള്ള രണ്ട് കലാകാരിമാരെ പറ്റി.... ഒന്നൂടെ വ്യക്തമാക്കിയാൽ നമുക്ക് മുന്നിലൂടെ വളർന്ന് മലയാള സിനിമയുടെ അതിരും താണ്ടി പോയ രണ്ട് കുഞ്ഞനുജത്തിമാരെ കുറിച്ച്. അനിഖ സുരേന്ദ്രനും എസ്ഥേർ അനിലും. 

1.Anikha Surendran-ബെന്നി.പി.നായരമ്പലത്തിന്റെ രചനയിൽ അൻവർ റഷീദ് സംവിധാനം നിർവ്വഹിച്ച സൂപ്പർ ഹിറ്റ്‌ മോഹൻലാൽ ചിത്രം ഛോട്ടാമുംബൈലൂടെയാണ് അനിഖ സിനിമാ ലോകത്തേക്ക് എത്തുന്നത്. ഛോട്ടാമുംബൈയിൽ എവിടെയാ എന്നല്ലേ..? സിനിമയുടെ ടെയ്ൽ എൻഡ് സീനിൽ ലാലേട്ടന്റെ കഥാപാത്രം പൊറോട്ടമാവ് കുഴക്കുമ്പോൾ ലാലേട്ടൻ ടാറ്റാ കൊടുക്കുന്ന ഭാവനയുടെ കൈയ്യും പിടിച്ച് നിൽക്കുന്ന ആ കൊച്ച് കുഞ്ഞ് ഇല്ലേ... അത് തന്നെ. 2007-ൽ ഛോട്ടാമുംബൈയിൽ മുഖം കാണിച്ചതിന് ശേഷം പിന്നീട് അനിഖ വരുന്നത് മൂന്ന് വർഷത്തിന് ശേഷമാണ്. അതായത് 2010ൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രം കഥ തുടരുന്നു ആയിരുന്നു അത്. ആസിഫ് അലി - മംമ്ത മോഹൻദാസ് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകൾ ആയിട്ടായിരുന്നു രണ്ടാം വരവ്. ലയ എന്ന ആ കുറുമ്പുള്ള കഥാപാത്രത്തെ ആരും മറക്കാനിടയില്ല. ജയറാമും, മംമ്തയും, ഇന്നസെന്റും, കെ.പി.എ.സി. ലളിതയുമെല്ലാം നിറഞ്ഞു നിന്ന ചിത്രത്തിൽ അവർക്കൊപ്പം തന്റെ നിഷ്കളങ്കത കൊണ്ട് നിറഞ്ഞു നിന്ന കഥാപാത്രമായിരുന്നു ലയ. ഒരുപാട് ആളുകൾ പ്രശംസിച്ച പ്രകടനം.  പിന്നീട് സജി സുരേന്ദ്രൻ സംവിധാനം ചെയ്ത വലിയ താരനിര അണി നിരന്ന ഫോർ ഫ്രണ്ട്സിലെ ദേവൂട്ടി, റേസ് എന്ന ചിത്രത്തിലെ അച്ചു, മമ്മൂക്കയ്ക്ക് ഒപ്പം ബാവൂട്ടിയുടെ നാമത്തിൽ, അഞ്ച് സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ ഏവർക്കും ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമായ സേതുലക്ഷ്മിയെന്ന ചിത്രത്തിലെ ടൈറ്റിൽ റോൾ. ഏവരും പ്രശംസകൾ കൊണ്ട് മൂടിയ സേതുലക്ഷ്മിയിലെ അഭിനയത്തിന് അനിഖയ്ക്ക് ആദ്യമായ് മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാർഡും ലഭിച്ചു. പിന്നീട് ദുൽക്കർ സൽമാൻ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ വഫ മോൾ എന്ന കഥാപാത്രമായാണ് അനിഖയെത്തിയത്. അതിന് ശേഷം ടൈറ്റിൽ റോളിൽ എത്തിയ നയന, ജയറാം ചിത്രം ഒന്നും മിണ്ടാതേയിലെ കുഞ്ചി മോൾ. പിന്നീട് അനിഖയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ഗൗതം മേനോൻ താൻ തമിഴകത്തിന്റെ സാക്ഷാൽ തല അജിത് കുമാറിനെ വെച്ച് ആദ്യമായ് സംവിധാനം ചെയ്യാൻ പോകുന്ന യെന്നൈ അറിന്താൽ എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചു. അങ്ങനെ ആദ്യമായ് അനിഖ മലയാള സിനിമയുടെ പുറത്തേക്കും ചുവടുവെച്ചു. അച്ഛനും മകളും തമ്മിലുള്ള മനോഹരമായ ബന്ധത്തിന്റെ കൂടെ കഥ പറഞ്ഞ യെന്നൈ അറിന്താലിൽ ഇഷ എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിച്ചത്. "ഉനക്കെന്ന വേണം സൊല്ല്" എന്ന മനോഹര ഗാനത്തിൽ സ്ക്രീൻ പ്രെസൻസിന്റെ മറ്റൊരു പര്യായമായ അജിത്തിനൊപ്പം അനിഖയും നിറഞ്ഞു നിന്നു. ഇന്നും പലരുടേയും പ്ലേ ലിസ്റ്റിൽ മുഴങ്ങി കേൾക്കുന്ന ഗാനമാണത്. ഇഷയെന്ന കഥാപാത്രത്തെ മനോഹരമാക്കിയ അനിഖയെ തമിഴ്നാട്ടുകാർക്കും വലിയ ഇഷ്ടമായി എന്ന് വേണം പറയാൻ. ആ ചിത്രത്തെ പറ്റി പറയുന്നവർ എടുത്ത് പറയുന്ന ഒന്നാണ് അനിഖയുടെ പ്രകടനം. വീണ്ടും മലയാളത്തിലേക്ക്.... സിദ്ദിഖ് സംവിധാനം നിർവ്വഹിച്ച് മമ്മൂട്ടിയും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തിയ ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്ന ചിത്രത്തിൽ നയൻതാരയുടെ മകളുടെ വേഷത്തിലാണ് അനിഖയെത്തിയത്. ശിവാനി എന്ന ആ കഥാപാത്രം ആ മിടുക്കിയുടെ കൈയ്യിൽ ഭദ്രമായിരുന്നു. വീണ്ടും തമിഴിലേക്ക്.... വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത വിജയ് സേതുപതിയും നയൻ‌താരയും പ്രധാന വേഷങ്ങളിലെത്തിയ നാനും റൗഡി താൻ എന്ന ചിത്രത്തിൽ നയൻ‌താര അവതരിപ്പിച്ച കാദംബരിയെന്ന കഥാപാത്രത്തിന്റെ ചെറുപ്പ കാലം അവതരിപ്പിച്ചത് അനിഖയായിരുന്നു. ജയം രവി നായകനായ മിരുതൻ എന്ന ചിത്രത്തിലെ വിദ്യ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹനീഫ് അഥേനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്‌ ഫാദറിലെ സാറ ഡേവിഡ്, മാർത്താണ്ഡൻ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പയിലെ നന്ദന തുടങ്ങിയ കഥാപാത്രങ്ങളായും അനിഖ നമുക്ക് മുൻപിലെത്തി. വീണ്ടും തമിഴിൽ അജിത്തിനൊപ്പം.... ശിവ സംവിധാനം ചെയ്ത തമിഴിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായ വിശ്വാസത്തിൽ അജിത് അവതരിപ്പിച്ച തൂക്കു ദുരൈയുടേയും നയൻതാര അവതരിപ്പിച്ച നിരഞ്ജനയുടേയും മകളായ ശ്വേത എന്ന കഥാപാത്രത്തെ അനിഖ ഗംഭീരമാക്കി. ചിത്രത്തിലെ "കണ്ണാന കണ്ണേ" എന്ന ഗാനം ആരും മറക്കാനിടയില്ല പലരുടേയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായി മാറിയിട്ടുണ്ടല്ലോ അത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള കഥ പറഞ്ഞ വിശ്വാസത്തിലെ ശ്വേതയെ തമിഴ്നാട്ടുകാർ നെഞ്ചോടു ചേർത്തു.  ഓൺലൈൻ സീരീസ് ആയ ക്വീനിൽ രമ്യാ കൃഷ്ണൻ അവതരിപ്പിച്ച ശക്തി ശേഷാദ്രിയുടെ ചെറുപ്പകാലം അഭിനയിച്ചതും അനിഖയാണ്. വരാനിരിക്കുന്ന വിജയ് സേതുപതി ചിത്രം മാമനിതനിലും അനിഖ അഭിനയിക്കുന്നുണ്ട് എന്ന് കേൾക്കുന്നു. മലയാള സിനിമയുടെ അതിരുകളും ബേധിച്ച് ഈ കൊച്ചു കലാകാരി വളർന്നിട്ടുണ്ടേൽ അത് അവരുടെ കഴിവ് കൊണ്ട് തന്നെയാണ്. സ്വാഭാവികമായ അഭിനയ ശൈലി തന്നെയാണ് അനിഖയുടെ പ്രത്യേകത. ഒരുപാട് മികച്ച ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്താൻ അനിഖയ്ക്ക് കഴിയട്ടെ.  ഒരുപാട് അംഗീകാരങ്ങളും മറ്റും തേടിയെത്തട്ടെ. അറിയപ്പെടുന്ന വലിയൊരു നായികയായി.... അഭിനേത്രിയായി മാറട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 

2.Esther Anil- ശ്രീനിവാസന്റെ രചനയിൽ മോഹൻലാലിനെ നായകനാക്കി ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത ഒരു നാൾ വരും, ജയസൂര്യയെ നായകനാക്കി അജി ജോൺ സംവിധാനം നിർവ്വഹിച്ച നല്ലവൻ എന്നീ ചിത്രങ്ങളിലൂടെയാണ് എസ്ഥേർ സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ആദ്യം അഭിനയിച്ചത് നല്ലവൻ എന്ന ചിത്രത്തിലായിരുന്നു.... ജയസൂര്യയുടെ കാലിന് പരിക്ക് പറ്റി ഷൂട്ടിങ് നിന്നപ്പോഴാണ് ഒരുനാൾ വരും എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. ആദ്യം ഒരുനാൾ വരും പൂർത്തിയാക്കിയതിന് ശേഷമാണ് നല്ലവൻ ചെയ്യുന്നത്. പ്രത്യേകതയെന്താണെന്ന് വെച്ചാൽ രണ്ട് സിനിമകളും ഒരു ദിവസം തന്നെയായിരുന്നു റിലീസ്. മോഹൻലാൽ - സമീര റെഡ്ഢി എന്നിവരുടെ കഥാപാത്രങ്ങളുടെ മകളായിട്ടാണ് ഒരു നാൾ വരും എന്ന ചിത്രത്തിൽ എസ്ഥേർ എത്തിയത്. ചിത്രത്തിൽ മനോഹരമായ പ്രകടനമായിരുന്നു കുഞ്ഞ് എസ്ഥേറിന്റേത്. പിന്നീട് ദിലീപ് നിർമ്മിച്ച് നിവിൻ പോളി, ശരത് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിബിൻ പ്രഭാകർ സംവിധാനം ചെയ്ത മെട്രോ,അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് ജയസൂര്യ, അനൂപ് മേനോൻ, സംവൃത സുനിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കോക്ക്ടൈൽ, കെ.ബിജുവിന്റെ കുഞ്ചാക്കോ ബോബൻ ചിത്രം ഡോക്ടർ ലൗ, സിബി മലയിൽ ആസിഫ് അലി, നിത്യ മെനൻ എന്നിവരെ വെച്ച് ഒരുക്കിയ വയലിൻ, കുഞ്ചാക്കോ ബോബനെ നായകനാക്കി മംഗലത്ത് രാധാകൃഷ്ണൻ സംവിധാനം ചെയ്ത സകുടുംബം ശ്യാമള,  വൈശാഖ് സംവിധാനം ചെയ്ത ഉണ്ണി മുകുന്ദനും, കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തിയ മല്ലു സിംഗ്, ടി.വി ചന്ദ്രൻ സംവിധാനം ചെയ്ത ഭൂമിയുടെ അവകാശികൾ, കെ.ബി.വേണുവിന്റെ ഓഗസ്റ്റ് ക്ലബ്, ബിനോയ് ജോർജ്ജിന്റെ ഒമേഗ Exe, .കെ.കെ. രാജീവിന്റെ ജയറാം ചിത്രം ഞാനും എന്റെ ഫാമിലിയും,ജമീല,  സലിം അഹമ്മദിന്റെ മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കട, കുറച്ചേറെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തി. 2013 ഡിസംബർ 19ന് കേരളത്തിൽ ഒരു സിനിമ റിലീസ് ആയി ഒരു കുഞ്ഞു ചിത്രം. പക്ഷേ ആ കുഞ്ഞു ചിത്രം മലയാള സിനിമയുടെ തന്നെ തലവര മാറ്റിമറിക്കാൻ പോകുന്നൊരു ദൃശ്യവിസ്മയമാണെന്ന് അന്ന് ആരും അറിഞ്ഞു കാണില്ല ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാലും മീനയും പ്രധാന വേഷങ്ങളിൽ എത്തിയ ആ സിനിമയുടെ പേരാണ് ദൃശ്യം. അനവധി കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ബോക്സ്സ്ഓഫീസിൽ അശ്വമേധം നടത്തിയ.... പ്രേക്ഷകരുടെ മനസ്സിൽ അത്ഭുതം സൃഷ്ടിച്ച.... ദൃശ്യം മലയാള സിനിമ സ്വപ്നം പോലും കാണാത്ത പലതും സ്വാന്തമാക്കി. മലയാള സിനിമയുടെ മാത്രമല്ല ഒരുപാട് പേരുടെ ജീവിതവും മാറ്റി മറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. രാജ്യം മുഴുവൻ വാഴ്ത്തിയ സിനിമ. ആശാ ശരത്, നീരജ് മാധവ്, അൻസിബ ഹസ്സൻ, etc  തുടങ്ങിയവരുടെ സിനിമ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എല്ലാം ദൃശ്യത്തിലൂടെയാണ്. ദൃശ്യത്തിൽ പ്രകടനം കൊണ്ട് ഏവരുടേയും ശ്രദ്ധയും അഭിനന്ദവും പിടിച്ചു പറ്റിയ.... ജീവിതം മാറി മറിഞ്ഞ  മറ്റൊരു കലാകാരി കൂടെയുണ്ടായിരുന്നു..... ജോർജ്ജ് കുട്ടിയുടേയും റാണിയുടേയും ചെറിയ മകളായി വേഷമിട്ട എസ്ഥേർ അനിൽ. അനുമോൾ എന്ന കഥാപാത്രത്തെ അതിഗംഭീരമാക്കിയ എസ്ഥേർ അനിൽ. ക്ലൈമാക്സ്‌ അടുപ്പിച്ച് ഉള്ള ചിത്രത്തിന്റെ മർമ്മ പ്രധാനമായ രംഗങ്ങളിൽ എല്ലാം എസ്ഥേറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. പാളിപ്പോയാൽ അരോചകമായിപ്പോകാവുന്ന രംഗങ്ങൾ എത്ര ഗംഭീരമായാണ് അന്ന് ആ കുഞ്ഞു കലാകാരി കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെയാണ് ഭാഷകളുടെ അതിർവരമ്പുകൾ ബേധിച്ച ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലേക്ക് എസ്ഥേറിന്റെ റോളുകളിലേക്ക് സംവിധായകർ മറ്റാരേയും സങ്കല്പിക്കാതിരുന്നത് പോലും. കൂടെയുണ്ടായിരുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച മിക്ക കലാകാരിമാരേയും മാറ്റി മാറ്റി ചിന്തിച്ചപ്പോഴും അനു എന്ന വേഷത്തിൽ അവര് മറ്റാരേയും പകരക്കാരിയായി കണ്ടില്ല. ദൃശ്യത്തിന്റെ സൃഷ്ടാവ് ആയ ജീത്തു ജോസഫ് തന്നെയാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ആയ പാപനാശവും ഒരുക്കിയത്. മലയാളത്തിൽ സാക്ഷാൽ മോഹൻലാലിനൊപ്പമായിരുന്നു എസ്ഥേർ തിരശ്ശീലയിൽ വിസ്മയിപ്പിച്ചത് എങ്കിൽ തമിഴിൽ സാക്ഷാൽ കമൽ ഹാസനൊപ്പവും. അധികമാർക്കും കിട്ടാത്തൊരു മഹാഭാഗ്യമാണ് എസ്ഥേറിന് ലഭിച്ചത് ഇന്ത്യൻ സിനിമയിലെ രണ്ട് വിസ്മയങ്ങൾക്കൊപ്പം വളരെ പ്രാധാന്യമുള്ള വേഷങ്ങൾ. ദൃശ്യം തെലുങ്കിൽ എത്തിയപ്പോൾ വിക്ടറി വെങ്കിടേഷ് ആയിരുന്നു നായകൻ. തെലുങ്കിലെ സൂപ്പർ താരങ്ങളിലൊരാളായ വെങ്കിടേഷിനൊപ്പവും എസ്ഥേറിന് അഭിനയിക്കാനായി. ഭാഷയുടെ അതിർവരമ്പുകൾ താണ്ടി പോയ ദൃശ്യത്തിനൊപ്പം എസ്ഥേറിന്റെ ജീവിതവും മാറി മറഞ്ഞു. അനു എന്ന കഥാപാത്രത്തെ എല്ലാവരും ഒരുപോലെ ഏറ്റെടുത്തു. പി.കെ.ബാബുരാജ് സംവിധാനം ചെയ്ത ജെമിനി, മഹേഷ്‌ കേശവിന്റെ കലാഭവൻ മണി ചിത്രം മായാപുരി, ജീത്തു ജോസഫിന്റെ മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, തുടങ്ങിയ അനവധി ചിത്രങ്ങളിലും വലുതും ചെറുതുമായ കുറേ വേഷങ്ങളിൽ എസ്ഥേർ അഭിനയിച്ചു.  ഷാജി.എൻ.കരുണിന്റെ ഓള് എന്ന ചിത്രത്തിലെ മായ എന്ന പക്വതയേറിയ കഥാപാത്രവും എസ്ഥേറിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. തെലുങ്കിൽ എസ്ഥേർ പ്രധാന വേഷങ്ങളിൽ എത്തുന്ന ജത്സ റായുഡു, ജോഹർ എന്നീ ചിത്രങ്ങളും മലയാളത്തിൽ സന്തോഷ് ശിവന്റെ സംവിധാനത്തിൽ മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജില്ലും എസ്ഥേറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്. സിനിമകളിൽ മാത്രമല്ല പ്രേക്ഷക പ്രിയ റിയാലിറ്റി ഷോയായ ഫ്ലവേഴ്സ് ടീവിയിലെ ടോപ്പ് സിംഗറിന്റെ ആദ്യത്തെ ഒരുപാട് എപ്പിസോഡുകളിലെ അവതാരികയുമായിരുന്നുഎസ്ഥേർ.  എസ്ഥേറിന്റെ അനുജനും മലയാളികൾക്ക് ഏറെ സുപരിചിതനാണ്. വിമാനം, ടേക്ക് ഓഫ് തുടങ്ങിയ അനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത എറിക്ക് സക്കറിയ. നല്ല കഴിവുള്ള കലാകാരനാണ് ആ കുട്ടി. മറ്റൊരു സഹോദരനായ ഇവാനും സിനിമ ലോകത്തേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്. ഏറെ കലാകാരന്മാരെ സമ്മാനിച്ച വയനാട്ടിൽ നിന്നും മലയാള സിനിമയ്ക്ക് ലഭിച്ച മറ്റൊരു അനുഗ്രഹീത കലാകാരിയാണ് എസ്ഥേർ. സ്വാഭാവികമായ അഭിനയ ശൈലി തന്നെയാണ് എസ്ഥേറിനെ വേറിട്ടു നിർത്തുന്നത്... മലയാളവും തമിഴകവും തെലുങ്ക് പ്രേക്ഷകരേയും പ്രകടനം കൊണ്ട് കീഴടക്കിയ എസ്ഥേറിന് മികച്ച ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങളിലൂടെ മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയട്ടെ. ഒരുപാട് അംഗീകാരങ്ങളും മറ്റും തേടിയെത്തട്ടെ.... ഏവരുടേയും പ്രിയപ്പെട്ട അറിയപ്പെടുന്ന വലിയൊരു നായികയും അഭിനേത്രിയുമൊക്കെയായി വളരാൻ എസ്ഥേറിന് കഴിയട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 

നമുക്ക് മുന്നിലൂടെ വളർന്നു വലുതായ ഈ കുഞ്ഞനുജത്തിമാർ ഭാഷയുടെ അതിർവരമ്പുകൾ ബേധിച്ച് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന അഭിനേത്രികളായി മാറിക്കൊണ്ടിരിക്കുമ്പോൾ ഒരു മലയാളി എന്ന നിലയ്ക്ക് ഒരുപാട് അഭിമാനം. രണ്ട് പേർക്കും സിനിമാ മേഖലയിൽ തങ്ങളുടേതായ വ്യക്തി മുദ്രകൾ പതിപ്പിക്കാൻ സാധിക്കട്ടെ. അതിനേക്കാളുപരി നല്ല വ്യക്തിത്വങ്ങൾക്ക് ഉടമകളാകാൻ സാധിക്കട്ടെ. നാലാളറിയപ്പെടുമ്പോൾ കൂടുന്ന അഹങ്കാരവും തലക്കനവുമൊന്നും ഇവർക്ക് ഇല്ലാതിരിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. 

-വൈശാഖ്.കെ.എം
നമുക്ക് മുന്നിലൂടെ വളർന്നു വലുതായ രണ്ട് കുഞ്ഞ് മിന്നും താരങ്ങൾ നമുക്ക് മുന്നിലൂടെ വളർന്നു വലുതായ രണ്ട് കുഞ്ഞ് മിന്നും താരങ്ങൾ Reviewed by on 04:59 Rating: 5

No comments:

Powered by Blogger.