പ്രണയാനുഭൂതി




  താഴിട്ട് പൂട്ടിയ ഉമ്മറവാതിലിൻ നേരിയ പഴുതിൽ കാതോർത്തിരിക്കുമ്പോൾ ദലമർമ്മരങ്ങൾ പോലും അവളുടെ പദനിസ്വനമായ് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു.... പണ്ടൊരാ സായാഹ്നത്തിൽ ഓർമ്മകളെ കൈകോർത്തു പിടിച്ച് സരസ്വതീ ക്ഷേത്രാങ്കണത്തിലൂടെ നടന്നകലുമ്പോൾ പ്രണയപരവശയായ് എനിക്കായ് പരവതാനി വിരിച്ച് കാത്തിരുന്ന വാകമരത്തിൻ ദളങ്ങൾ കാലടിയിൽ ഞെരിഞ്ഞമരുമ്പോൾ ഞാനറിഞ്ഞിരുന്നില്ല അവരുടെ വേദന. സായാഹ്നത്തിലെ ശക്തി കുറഞ്ഞ സൂര്യ രശ്മികളിൽ നിന്ന് പോലും തണലേകി എന്നെ കാത്ത ഗുൽമോഹറിന്റെ പ്രണയവും ഞാനറിഞ്ഞില്ല.... ചുവന്ന പട്ടും ചുറ്റി എനിക്കായ് അണിഞ്ഞൊരുങ്ങി വന്ന് നിന്നപ്പോഴും മാലോകർ മുഴുവൻ ആ ചന്തത്തെ വാഴ്ത്തിയപ്പോഴും ഞാനാ സൗന്ദര്യം കണ്ടില്ല.... എൻ നോക്കിനായ് അവളുടെ വർണ്ണങ്ങൾ ഓരോന്നായ് പുഷ്പവൃഷ്ടിയായ് വേദനയോടെ എന്നിലേക്ക് പൊഴിച്ചപ്പോഴും തട്ടിയകറ്റിയതല്ലാതെ ഞാൻ ആ സൗന്ദര്യത്തെ കണ്ടില്ല.... ഓർമ്മകളുടെ കൂച്ചു വിലങ്ങിൽ ബന്ധനസ്ഥനായ ഞാൻ എനിക്കായ് മണം പടർത്തിയ മുല്ലയുടെ സൗരഭ്യവും തിരിച്ചറിഞ്ഞില്ല.... പൊൻപുലരിയിൽ എന്മേൽ പൊഴിഞ്ഞ ഹിമകണങ്ങളെ തുടച്ച് മാറ്റിയപ്പോൾ അവരുടെ പ്രണയവും ഞാൻ തിരസ്കരിക്കുകയല്ലായിരുന്നോ.....? മീനവേനലിൽ ആദിത്യന്റെ രൗദ്രത്തിൻ മേൽ നിന്നും എനിക്കായ്‌ ശീതമേകി തഴുകിയകന്ന വേനൽമഴയുടെ പ്രണയവും തിരിച്ചറിഞ്ഞില്ല.... അപ്പോഴും ഞാൻ ഓർമ്മകളുടെ മാധുര്യവും പേറി ഏതോ മായികമായ സ്വപ്നലോകത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇവരുടെ ശാപമോ എൻ പ്രണയ സാഫല്യത്തിൻ വിലങ്ങുതടി..? എൻ കണ്മുന്നിൽ ആ ദേവീരൂപത്തിൻ ചൈത്യന്യമല്ലാതൊന്നും തെളിഞ്ഞു വന്നിരുന്നില്ലെൻ പ്രിയരേ.... കാലമേ നീയെനിക്കായ്‌ ഒരുക്കിയ വിസ്മയങ്ങളെല്ലാം  എൻ പ്രണയമാം  വിസ്മയത്തിൻ മുന്നിൽ നിഷ്പ്രഭമായല്ലോ. ഈ വേദനയോ മായികമാം പ്രണയാനുഭൂതി..? ആ ദിവ്യാനുഭൂതി..? 

-വൈശാഖ്.കെ.എം
പ്രണയാനുഭൂതി പ്രണയാനുഭൂതി Reviewed by on 02:37 Rating: 5

No comments:

Powered by Blogger.