ധനുഷ്ക്കൊടിയെന്ന സ്വപ്നലോകം


പ്രണയം അത് പെണ്ണിനോട് മാത്രം തോന്നുന്ന ഒന്നല്ലല്ലോ ലോകത്തുള്ള സർവ്വ ചരാചരങ്ങളോടും തോന്നാവുന്ന ഒരു വികാരമല്ലേ പ്രണയം. ഓരോന്നിനോടും ഓരോ തരത്തിൽ ആയിരിക്കുമെന്ന് മാത്രം. യാത്രയോട് പ്രണയമില്ലാത്ത ആരുണ്ട്..? ആരും തന്നെ കാണില്ല. സ്ഥലങ്ങളോട് പ്രണയം തോന്നാത്ത ആരുണ്ട്..? ആരുമുണ്ടാവില്ല. എനിക്കുമുണ്ട് അത്തരത്തിലുള്ളൊരു പ്രണയം. 

കൂട്ടുകെട്ടുകളേറെയുണ്ടേലും യാത്ര പോകുമ്പോൾ തനിച്ചു പോകുന്നതാണ് എനിക്കിഷ്ടം. കാമുകിമാരൊത്തുള്ള യാത്രയിൽ മറ്റാരും കൂടെയുണ്ടാവുന്നത് ആർക്കും വലിയ താല്പര്യമുള്ള കാര്യമായിരിക്കില്ലല്ലോ അല്ലേ..? ജീവിതത്തിൽ നടത്തിയ യാത്രകളിൽ മിക്കതും തനിച്ചുള്ളതായിരുന്നു. കയ്പ്പും മധുരവും നിറഞ്ഞ ഓർമ്മകളെ തിരികെ കണ്മുന്നിൽ കൊണ്ട് വന്ന് അവയെ മതിയാവോളം നോക്കിയിരുന്ന് കണ്ണ് നിറഞ്ഞ് തുളുമ്പി പോകുന്ന ഒരു തുള്ളി കണ്ണീരിനൊപ്പം അവരേയും യാത്രയാക്കി ട്രെയിനിന്റെ സൈഡ് സീറ്റിലോ കെ.എസ്.ആർ.ടി.സി ബസ്സിന്റെ സൈഡ് സീറ്റിലോ കവിളിന് മേൽ ഒരു കൈയ്യും വെച്ച് അകത്ത് മറ്റൊരു ലോകത്തെയോർത്ത് പുറത്തേക്ക് ഇങ്ങനെ നോക്കിയിരിക്കുമ്പോൾ കിട്ടുന്നൊരു സുഖം അതൊന്ന് വേറെ തന്നെയല്ലേ..? പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതിയാണത്.... അനുഭവിച്ചവർക്കറിയാം. പിന്നെ ഈ ഏസി കോച്ചുകളിൽ അടച്ചിട്ടുള്ള യാത്രകളോടുന്നും ഒട്ടും താല്പര്യമില്ലാട്ടോ... സാധാരണക്കാരിൽ സാധാരണക്കാർക്കൊപ്പം ജനറൽ ആയിട്ടുള്ളവയിൽ യാത്ര ചെയ്താലേ ഒരുപാട് അനുഭവങ്ങൾ ഉണ്ടാവൂ.... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റൂ. ശ്ശെടാ ഇത് പറഞ്ഞ് പറഞ്ഞിതിങ്ങോട്ടാ പോകുന്നേ.... ഇങ്ങനെ വള വളാ സംസാരിക്കുന്നത് കാരണം പലപ്പോഴും ബ്രേക്ക് ഇടാൻ മറന്ന് പോകും അതുകൊണ്ടാണല്ലോ പ്രബന്ധൻ എന്ന പേര് വീണത്. അപ്പൊ പറഞ്ഞു വന്ന കാര്യത്തിലേക്ക് മടങ്ങാം അല്ലേ..? 

ഈ പ്രായത്തിനിടയ്ക്ക് ചെറുതും വലുതുമായ ഒരുപാട് യാത്രകൾ നടത്തി.... അതിൽ പഠന സംബന്ധമായവയും, തീർത്ഥാടന സംബന്ധമായവയും, വിനോദത്തിന് വേണ്ടിയുള്ളതും, പലതിൽ നിന്നുമുള്ള ഒളിച്ചോട്ടമായതും തുടങ്ങി പല വിധത്തിൽ ഉള്ളവയുണ്ട്. അങ്ങനെ ഒരുപാട് ഒരുപാട് സ്ഥലങ്ങളിൽ കറങ്ങി. പല സ്ഥലങ്ങളും പല സംസ്കാരങ്ങളും കണ്ടെങ്കിലും അവയിൽ പലതും ഏറെയിഷ്ടമായെങ്കിലും, അത്ഭുതപ്പെടുത്തിയെങ്കിലും ഒന്നിനോടും പ്രണയം തോന്നിയിരുന്നില്ല. പണ്ടെപ്പോഴോ മനസ്സിൽ ഉടക്കിയൊരു പേരുണ്ട് ആദ്യമായി കേട്ടപ്പോൾ തന്നെ എന്തോ ഒരു ആകർഷണം തോന്നിയൊരു പേര്.... വല്ലാതെ ഇഷ്ടപ്പെട്ടൊരു പേര്.... "ധനുഷ്ക്കൊടി". ആ പേര് കേട്ടപ്പോൾ തന്നെ ജീവിതത്തിൽ എന്നേലും അവിടെ പോകണം എന്നൊരു ആഗ്രഹം മനസ്സിൽ മുള പൊട്ടിയിരുന്നു. ആദ്യമായി അതിന് അവസരം ലഭിക്കുന്നത് ഏകദേശം അഞ്ചെട്ട് വർഷങ്ങൾക്ക് മുൻപ് ആണെന്നാണ് ഓർമ്മ. ശബരിമല തീർത്ഥാടനം കഴിഞ്ഞുള്ള മടക്കത്തിൽ സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കയറുന്നത് പണ്ട് മുതലേ ഒരു പതിവായിരുന്നു.... ഇന്നും അത് തുടർന്നു പോരുന്നു. അങ്ങനൊരു യാത്രയിലാണ് ആദ്യമായി ഞാനെന്റെ സ്വപ്നലോകം കാണുന്നത്. സാധാരണ ഒരു സ്ഥലപ്പേര് കേട്ടാൽ നമ്മൾ മനസ്സിൽ ആ സ്ഥലത്തെ പറ്റി ഒരു രൂപമുണ്ടാക്കും പക്ഷേ ധനുഷ്ക്കൊടിയെന്ന പേര് കേട്ടപ്പോൾ ഞാൻ മനസ്സിൽ ഒന്നും കണ്ടിരുന്നില്ല എന്നതാണ് സത്യം. കാരണം എന്താണെന്ന് അറിയില്ല.... നേരിൽ കാണുമ്പോൾ എങ്ങനാണോ അതായിരുന്നാൽ മതി എന്നൊരു തോന്നലായിരുന്നു. സിനിമാ ഭാഷ ഉപയോഗിച്ചാൽ പ്രതീക്ഷകളുടെ അമിതഭാരം കയറ്റി വെച്ചിരുന്നില്ലെന്ന് സാരം. 

രാമേശ്വരത്ത് നിന്ന് ഏകദേശം 20 കിലോമീറ്ററിനടുത്തുണ്ട് ധനുഷ്ക്കൊടിക്ക് രാമേശ്വര ക്ഷേത്ര ദർശ്ശനമൊക്കെ ഒരു പേരിനെന്നോണം കഴിച്ചാണ് ഇറങ്ങിയത്.... കാരണം മനസ്സിൽ ധനുഷ്ക്കൊടി മാത്രമായിരുന്നു. ക്ഷേത്ര ദർശ്ശനത്തിനായി ക്യൂ നിന്ന ഓരോ മിനുട്ടുകളും മണിക്കൂറുകളായാണ് ഫീൽ ചെയ്തിരുന്നത്. എങ്ങനെയൊക്കെയോ അവിടത്തെ ദർശ്ശനം കഴിഞ്ഞ് പുറത്തിറങ്ങി.... അപ്പോഴാണ് അറിയുന്നത് ധനുഷ്ക്കൊടിക്ക് ബസ്സ് ഒന്നും പോകില്ല റോഡിന്റെ വർക്ക്‌ ഒക്കെ തുടങ്ങിയിട്ടേയുള്ളുവെന്ന്.... അവിടെ കുറേ ഓട്ടോറിക്ഷക്കാർ നിൽക്കുന്നുണ്ട് അവര് കൂട്ടത്തോടെ നമുക്ക് മുന്നിലേക്ക് വന്ന് വിലപേശലാണ് എത്ര ആളെ വേണേലും കുത്തി നിറച്ച് കൊണ്ട് പോകും ഒരാൾ 250 രൂപ വെച്ച് കൊടുക്കണം.... (ഏകദേശ കണക്കാണ് കൃത്യമായി ഓർമ്മയില്ല) പോകുന്ന വഴിക്ക് അവിടത്തെ പ്രസിദ്ധമായ സ്ഥലങ്ങൾ എല്ലാം കാണിച്ചു തരും അബ്ദുൾ കലാം സാറിന്റെ വീട് മുതൽ പലതും. എന്നിട്ട് ഒരു സ്ഥലത്ത് ഇറക്കി തരും അവിടന്ന് നമ്മൾ ഒരു വാനിൽ വേണം പോകാൻ... തിരിച്ചു വരുന്നത് വരെ ഓട്ടോ അവിടെ വെയിറ്റ് ചെയ്യും. ഡീൽ ഒക്കെ ആണേൽ അപ്പൊ പോകാം. 250 അല്ല ചേട്ടാ വേണേൽ 500 തരാം ഒന്ന് വേഗം വണ്ടിയെടുക്ക് എന്നായിരുന്നു മനസ്സിൽ.... അപ്പോഴേക്കും വയസ്സായ കുറച്ച് അമ്മാവന്മാർ ഇടഞ്ഞു ഇത്രയൊന്നും കൊടുത്ത് പോകാൻ പറ്റില്ല അവിടെ പോകണം എന്ന് ഇപ്പൊ ഇത്ര നിർബന്ധം എന്താ എന്നൊക്കെയായി ചോദ്യങ്ങൾ.... ഇവരെ മിക്കവാറും കൈകാര്യം ചെയ്യേണ്ടി വരും എന്ന് മനസ്സിൽ പറഞ്ഞ് പല്ലും കൂട്ടി കടിച്ച് നിൽക്കുമ്പോൾ ഗൈഡ് പറഞ്ഞു "പോകേണ്ടവർക്ക് പോകാം ലിസ്റ്റിൽ ഉള്ള സ്ഥലമാണ് ഒരാൾ ആണേലും അവര് പോയി വന്നിട്ടേ ഇവിടന്ന് ബസ്സ് എടുക്കൂ" അപ്പൊ ഉണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാനാകില്ല അങ്ങനെ താല്പര്യമുള്ള കുറച്ച് ആളുകൾ ഓട്ടോയിൽ കയറി.... അവര് പറഞ്ഞ എല്ലാ സ്ഥലങ്ങളിലും കൊണ്ട് പോയി... കലാംസ് ഹൌസിലും, രാമർ പാഥത്തിലും തുടങ്ങി ഒൻപതോളം സ്ഥലങ്ങൾ. അവസാനം ഒരു വാനിന്റെ അടുത്ത് നിർത്തി.... അതിൽ കൊള്ളുന്ന അത്രയും ആളുകൾ കയറി.... കടലിന് നടുക്കിൽ കൂടെ വേണം പോകാൻ വണ്ടി പകുതി വെച്ച് നിന്ന് പോയാൽ അവിടെ കിടക്കേണ്ടി വരും.... അല്പം പേടിയോടെ യാത്ര തുടർന്നു.... പിന്നെ ധനുഷ്ക്കൊടി എന്ന ലക്ഷ്യം മനസ്സിലേക്ക് വരുമ്പോൾ പേടിയെല്ലാം പമ്പ കടക്കും. 

അങ്ങനെ ഞാൻ എന്റെ സ്വപ്നഭൂമിയിൽ കാല് കുത്തി.... ചുറ്റും ഇങ്ങനെ അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ കൂടെ വന്ന ഒരാൾ പറഞ്ഞു "അയ്യേ ഇവിടെ എന്ത് തേങ്ങയാ ഉള്ളത് വെറുതേ പൈസ പോയല്ലോ... കടല് മാത്രം അല്ലാതെ എന്ത് കുന്തമാ ഉള്ളത്". ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഇങ്ങനെ നടന്നു. കുറേ ബിൽഡിങ്ങുകളുടെ അവശിഷ്‌ടങ്ങൾ ഒക്കെ അങ്ങിങ്ങായി കിടപ്പുണ്ട്.... ഇതൊക്കെ ഇപ്പൊ എന്താ സംഭവം...?  വളരെ കുറച്ച് മാത്രം ആളുകളേ അവിടെ ഉണ്ടായിരുന്നുള്ളൂ.... കല്ലുമാലകളും ശംഖുകളുമൊക്കെ കച്ചവടം ചെയ്യുന്ന കുറച്ചു പേരുണ്ട് അവിടെ.... എല്ലാം അവിടെ താമസിക്കുന്നവർ.... ഓലമേഞ്ഞ അവരുടെ കൂരകളും അവിടേയും ഇവിടേയുമായ് കാണുന്നുണ്ട്. മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉടലെടുത്ത് തുടങ്ങിയിരുന്നു.... ആദ്യം കണ്ട ഒരു കടയുടെ അടുത്തേക്ക് നടന്നു.... അവിടെ ഒരു ചെറുപ്പക്കാരനാണ് "വാങ്ക തമ്പീ എന്ന വേണം..?" "ഒന്നുമേ വേണ്ട അണ്ണാ" പിന്നെ അറിയാവുന്ന തമിഴിൽ അദ്ദേഹത്തോട് ധനുഷ്ക്കൊടിയുടെ ചരിത്രം ചോദിച്ചു.... അറിയാനുള്ള ആഗ്രഹം അത്രമാത്രം ഉണ്ടായിരുന്നു. "നീങ്ക എന്ത ഊര്" കോഴിക്കോട് എന്ന് മറുപടി പറഞ്ഞു..... അദ്ദേഹം കഥപറയാൻ ആരംഭിച്ചു.... അയ്യോ തെറ്റി കഥയല്ല അവരുടെ ജീവിതം. 

"ഒരു കാലത്ത് ഞങ്ങളുടെ നാട് തമിഴ്നാട്ടിലെ ഏറ്റവും വലുതും മനോഹരവുമായ നഗരമായിരുന്നു.... വ്യാപാരികളും ടൂറിസ്റ്റുകളും ഒഴുകിയെത്തിയിരുന്ന സ്ഥലം.... ഹോസ്പിറ്റലും,  റെയിൽവേ സ്റ്റേഷനും, പോസ്റ്റ് ഓഫീസും, പള്ളികളും, അമ്പലവും തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള നഗരം.... ഒരുപാട് ആളുകൾ താമസിച്ചിരുന്ന സ്ഥലം.... ഇന്നത്തെ ചെന്നൈ പോലും ഞങ്ങളുടെ മുന്നിൽ ചെറുത് ആയിരുന്നു. സന്തോഷകരമായ ഞങ്ങളുടെ ജീവിതം കണ്ടിട്ട് ഈശ്വരന് അസൂയ തോന്നിയിട്ടാകണം 1964 ഡിസംബർ മാസത്തിൽ വലിയൊരു ചുഴലികൊടുങ്കാറ്റിനെ ഇങ്ങോട്ട് പറഞ്ഞയച്ചു.... ഞങ്ങളുടെ സ്വപ്നങ്ങളെ മുഴുവൻ തകർത്തു കൊണ്ട് ഞങ്ങളുടെ എല്ലാം കൈക്കിലാക്കി കൊണ്ട് തലയ്ക്ക് മുകളിലൂടെ അത് കടന്നു പോയി ഈ കാണുന്ന അവശിഷ്ടങ്ങൾ മാത്രമാണ് ബാക്കി വെച്ചത്.... അന്ന് ഇവിടെ ഒരു ട്രെയിൻ വന്നിരുന്നു ഏതോ വിദ്യാലയത്തിലെ കുട്ടികളായിരുന്നു അതിൽ മുഴുവൻ.... അവര് ടൂർ വന്നതായിരുന്നു.... അവശിഷ്ടം പോലും ബാക്കി വെക്കാതെയാണ് അവരേയും കൊണ്ട് ആ മഹാമാരി കടലിനടിയിലേക്ക് ഊളിയിട്ട് പോയത്. ഇപ്പൊ ഇവിടെ ആകെ നൂറ് കണക്കിനാളുകൾ മാത്രമാണ് താമസം മീൻ പിടിച്ചും മറ്റുമൊക്കെ ജീവിതം തള്ളി നീക്കുന്നു.... ദേ ആ കാണുന്നത് ആയിരുന്നു പള്ളി.... അപ്പുറത്ത് ഉള്ളത് റെയിൽവേ സ്റ്റേഷൻ.... കുറച്ച് അപ്പുറം പോയാൽ ആശുപത്രിയുടെ ബാക്കി വെച്ച കോലം കാണാം.... മുഴുവനായും ബാക്കി വെച്ചത് ദാ ഈ ശിവന്റെ പ്രതിഷ്ഠയാണ് അത് അനക്കാൻ കഴിഞ്ഞിട്ടില്ല.... രാത്രി ആയാൽ ദേ ഇവിടന്ന് അങ്ങോട്ട്‌ നോക്കിയാൽ ശ്രീലങ്കയിൽ ലൈറ്റുകൾ തെളിയുന്നത് കാണാം" ഇത്രയും പറഞ്ഞ് കേട്ടപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... അവരുടെ ജീവിതത്തെ പറ്റി പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. പെട്ടന്ന് അവിടെ നിന്നും ഞാൻ തിരിഞ്ഞു നോക്കാതെ നടന്നകന്നു. കുറേ നേരം ഒരു സ്ഥലത്ത് ഒറ്റയ്ക്ക് പോയി ഇരുന്നു. പിന്നീട് എഴുന്നേറ്റ് അവിടെ മൊത്തം നടന്നു കാണാൻ തുടങ്ങി എല്ലാത്തിന്റേയും ഓർമ്മകൾ ചിന്നി ചിതറി കിടക്കുന്നു.... ആദ്യമായി ഞാൻ എന്റെ സ്വപ്ന ഭൂമിയുടെ ഒരു പഴയ രൂപം മനസ്സിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചു.... തകർന്നു വീണ ഓരോന്നും ഞാൻ മനസ്സിൽ കെട്ടിപ്പടുത്തു. നാല് ഭാഗവും കടല് മാത്രമായ ഒരു സ്ഥലം.... ഒരു ഭാഗത്ത്‌ എത്രയൊക്കെ മുൻപോട്ട് പോയാലും തിരമാലകൾ വരില്ല മുട്ടറ്റം മാത്രം വെള്ളം.... മറ്റൊരു ഭാഗത്ത് വീശിയടിക്കുന്ന തിരമാലകളും നീലക്കടലും.... മറ്റൊരു ഭാഗത്ത് ശ്രീരാമന് വേണ്ടി ഹനുമാൻ ലങ്കയിലേക്ക് കടലിലൂടെ നിർമ്മിച്ചു എന്ന് പറയുന്ന കല്ലുകളുടെ പാലം.... കണ്ണുകൊണ്ട് കാണാൻ പറ്റുന്ന അത്രയടുത്ത് ശ്രീലങ്കയെന്ന രാജ്യം. എത്രയൊക്കെ കണ്ടിട്ടും മതി വന്നില്ല. മനസ്സില്ലാ മനസ്സോടെ എന്റെ സ്വപ്ന ഭൂമിയോട് വിട പറഞ്ഞ് ഞാൻ അവിടെ നിന്നും തിരികെ പോന്നു.ഒപ്പം മനസ്സിൽ സകല ദൈവങ്ങളോടുമായി ദേഷ്യത്തിൽ ഒരു ചോദ്യവും.... എന്തിനായിരുന്നു...? എന്തനായിരുന്നീ ക്രൂരത..? 

പിന്നീട് പലപ്പോഴായും ധനുഷ്ക്കൊടി എന്നെ വിളിച്ചു കൊണ്ടിരുന്നു.... ഒറ്റയ്ക്കും അല്ലാതേയും ഒരുപാട് തവണ ഞാൻ അവിടേക്ക് യാത്ര തിരിച്ചു.... അവസാനമായി പോയത് കഴിഞ്ഞ വർഷമാണ്.... ഇപ്പൊ അവിടേക്ക് ബസ്സ് ഒക്കെയുണ്ട്.... അവിടേക്ക് റോഡ് ഒക്കെ ആയിട്ടുണ്ട്. രാമേശ്വരത്ത് നിന്നും ട്രാൻസ്‌പോർട്ട് ബസ്സിൽ കയറി വീണ്ടും എന്റെ പ്രണയിനിയുടെ അടുത്തേക്ക്.... ഇത്തവണ അവിടെ കാല് കുത്താൻ സ്ഥലമില്ല അത്രയ്ക്ക് ടൂറിസ്റ്റുകൾ ആയിരുന്നവിടെ.... ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടായിരുന്നു. പക്ഷേ എന്തോ അവിടെ കണ്ട പുത്തൻ കാഴ്ച്ചകൾ.... അത് എനിക്കത്ര ദഹിച്ചില്ല. അവിടെ കൈതച്ചക്കയും തണ്ണിമത്തനുമൊക്കെ വിറ്റിരുന്ന ഒരു ചേച്ചിയുടെ അടുത്ത് പോയി ഇരുന്നു..... "അക്കാ ഇങ്കെ നിറയെ മാറ്റം വന്തിരിച്ചില്ലേ"..? 

"ആമാ തമ്പീ ആനാ എങ്കളുടെ വാഴ്ക്കൈ മട്ടും അപ്പ്ടിയേ ഇരുക്ക്"

അവരുടെ കഥയിലേക്ക്.... 

"ഇത്രയും കാലം പ്രേത നഗരം എന്നും പറഞ്ഞ് ഞങ്ങളെ തിരിഞ്ഞു നോക്കാതിരുന്ന സർക്കാർ ഇവിടേക്ക് നാലാള് വരുന്നത് കണ്ടപ്പോൾ വികസനം എന്ന പേരിൽ ഒരു റോഡും കെട്ടി ഞങ്ങളുടെ വിശ്വാസങ്ങളെയൊക്കെ ഇവിടന്ന് എടുത്ത് കളയാൻ നോക്കുന്നു.... ഈ കാണുന്നതൊക്കെ ഞങ്ങളുടെ പൂർവ്വികരുടെ ഓർമ്മയാണ് ഇതേയുള്ളൂ ഞങ്ങൾക്ക് ബാക്കി.... ഇതൊന്നും ഇവിടന്ന് തുടച്ച് നീക്കാൻ ഞങ്ങള് സമ്മതിക്കില്ല.... ഇതൊക്കെ കാണാൻ തന്നെയാണ് ഇവിടെ ആളുകളും വരുന്നത് അല്ലാതെ കടല് കാണാനല്ല.... വികസനം എന്നൊക്കെ പറഞ്ഞിട്ട് ഞങ്ങൾക്ക് ഒരു വീട് ഇവര് വെച്ച് തരുന്നുണ്ടോ...? ഇല്ലല്ലോ ഇപ്പോഴും ഈ ചോർന്നൊലിക്കുന്ന കുടിലിൽ അല്ലേ ഇവിടെ എല്ലാരും.... പ്രായമായ പെൺകുട്ടികളും ചെറിയ പൊടി പിള്ളേരും വരെയുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ.... അതൊന്നും ആരും ശ്രദ്ധിക്കില്ല.... വികസനം എന്ന പേരിൽ ഒരു ഉപകാരവും ഇല്ലാത്ത ഓരോന്ന് ചെയ്ത് വീണ്ടും ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്നു. റോഡ് കെട്ടിയത് നല്ല കാര്യം എന്ന് വെക്കാം ബാക്കി ഒക്കെ എന്തിനായിരുന്നു....? അവർക്ക് ഇവിടന്ന് കാശ് ഉണ്ടാക്കണം അല്ലാതെ എന്താ.... മാറി മാറി വന്ന ഒരു സർക്കാരും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല.... അവർക്ക് ഒക്കെ ഇത് പ്രേത നഗരമല്ലേ... എല്ലാം ഞങ്ങളുടെ വിധി അല്ലാതെ എന്ത് പറയാൻ.... ഞങ്ങൾക്ക് വേണ്ടി പ്രതികരിക്കാൻ ആരും ഇല്ല".

ആദ്യം വന്നപ്പോൾ ഉണ്ടായ അതേ സങ്കടം തന്നെയാണ് ഇപ്പോഴും അവിടത്തെ കഥ കേട്ടപ്പോൾ ഉണ്ടായത്.... സഹായിച്ചില്ലേലും ദ്രോഹിക്കാതിരുന്നൂടെ അല്ലേ..? ഇപ്പൊ ഏറ്റവും അറ്റത്ത് പോയി നിന്നാൽ ഫോണിൽ മെസ്സേജ് ഒക്കെ വരും വെൽക്കം ടു ശ്രീലങ്ക എന്ന്.... എന്ത് കാര്യം.... അവിടത്തെ ഭംഗി എന്ന് പറയുന്നത് അവരുടെ ഓർമ്മകൾ തന്നെയാണ്.... അതിനെ തുടച്ച് കളഞ്ഞാൽ പിന്നെ എന്ത് അർത്ഥമാണുള്ളത്..? വികസനം വേണം അത് അവർക്ക് താമസിക്കാനുള്ള സൗകര്യം ഒക്കെ ചെയ്യൽ ആവണം അല്ലാതെ അവരുടെ ഓർമ്മകളെ നശിപ്പിക്കലാവരുത്. ഇപ്പൊ പോലീസുകാരുടെ കൊള്ള വേറേയുമുണ്ട്.... റോഡിൽ കാത്ത് നിന്ന് അന്ന്യ സംസ്ഥാന വാഹനങ്ങളെ കൈ കാട്ടി നിർത്തി പല പേരിലും കാശ് വാങ്ങുന്നത്. എല്ലാ രേഖകളും കറക്റ്റ് ആയ രണ്ട് മലയാളി ഫാമിലികളോട് വണ്ടി അവിടെ നിർത്തി ബസ്സിന് പോകാനാണ് പറഞ്ഞത്. 

കാണുന്നതിന് മുൻപ് ഞാൻ എത്രത്തോളം ആ പട്ടണത്തെ സ്നേഹിച്ചിരുന്നോ അതിന്റെ ഇരട്ടിയാണ് ആ നഗരത്തോട് ഇപ്പൊ പ്രണയം.... വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ഏക സ്ഥലം.... പലർക്കും ഇതൊരു ഭ്രാന്ത് ആയി തോന്നുമായിരിക്കും.... നാല് ഭാഗം കടലും കുറേ പൊട്ടി പൊളിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മാത്രമുള്ള ഒരു സ്ഥലത്ത് എന്ത് കാണാനാ ഇങ്ങനെ വീണ്ടും വീണ്ടും പോകുന്നത് എന്ന ചിന്തയായിരിക്കും. 

ആ നഗരം മിക്കവർക്കും പ്രേത നഗരമായിരിക്കും.... മറ്റു ചിലർക്ക് അവിടെ ഉള്ളവരോടുള്ള സഹതാപം ആയിരിക്കും.... പക്ഷേ എനിക്ക് അതെന്റെ സ്വപ്നഭൂമിയാണ് ഞാൻ ഏറെ പ്രണയിക്കുന്ന സ്വപ്നഭൂമി.... തമിഴ്നാട്ടിൽ പാമ്പൻ ദ്വീപിന്റെ തെക്ക് കിഴക്കേ അറ്റത്തായി ഒരു ഉപേക്ഷക്കപ്പെട്ട നഗരമായി സ്ഥിതി ചെയ്യുന്ന ധനുഷ്ക്കൊടി.ധനുസ്സിന്റെ അറ്റം എന്നാണ് ധനുഷ്ക്കൊടി എന്ന വാക്കിനർത്ഥം. ശരിയാണ് അത്രത്തോളം മനോഹരമാണവിടം. 

ഓർമ്മകളെ പ്രണയിക്കുന്നവർക്കറിയാം അതിന്റെ ശക്തിയും മാധുര്യവും. അവിടെയിരിക്കുന്ന ഓരോ നിമിഷവും ഞാൻ കാണുന്നത് അവരുടെ ഓർമ്മകളാണ്.... അവരുടെ പൂർവ്വികരോടാണ് എന്റെ കുശലം പറച്ചിൽ.... അവരെ ഇങ്ങനൊരു അവസ്ഥയിലാക്കിയ ദൈവങ്ങളോടാണ് എന്റെ പരാതിയും പരിഭവങ്ങളും.... ഓർമ്മകൾക്ക് അല്ലേലും ചന്തം കൂടുതലല്ലേ.

രാമേശ്വരത്തേക്ക് യാത്ര പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടൊരു സ്ഥലമാണ് ധനുഷ്ക്കൊടി.... കണ്ണുകൊണ്ട് അല്ലാതെ മനസ്സുകൊണ്ട് കാണാൻ ശ്രമിച്ചാൽ അവിടം നിങ്ങളെ വിസ്മയിപ്പിക്കും. 

"ധനുഷ്ക്കൊടി" ഓർമ്മകൾ തളം കെട്ടി കിടക്കുന്ന അതി സുന്ദരിയായ ഒരു മായിക സുന്ദര സ്വപ്നലോകം. 

-വൈശാഖ്.കെ.എം
ധനുഷ്ക്കൊടിയെന്ന സ്വപ്നലോകം ധനുഷ്ക്കൊടിയെന്ന സ്വപ്നലോകം Reviewed by on 23:59 Rating: 5

No comments:

Powered by Blogger.