മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത ഒരേയൊരു സൂപ്പർ സ്റ്റാർ.


സുരേഷ് ഗോപി എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പോലീസ് വേഷമായിരിക്കും. നെടുനീളൻ സംഭാഷണങ്ങളുമായി പ്രതിനായകരെ നിലം പരിശാക്കുന്ന പോലീസുകാരൻ. "മോഹൻ തോമസിന്റെ ഉച്ചിഷ്ടവും അമേധ്യവും നാല് നേരം കൂട്ടി കുഴച്ച് മൃഷ്ടാനം വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിയിരിക്കുന്ന തന്നേയും ഇയാളേയും പോലുള്ളവർക്കേ ആ പേര് ചേരൂ എനിക്ക് ചേരില്ല ഓർത്തോ.... ഐആം ഭരത് ചന്ദ്രൻ.... ജസ്റ്റ്‌ റിമംബർ ദാറ്റ്." കമ്മീഷണറിലെ ഈ രംഗം കണ്ടാൽ ഇപ്പോഴും രോമാഞ്ചമാണ് ഇതുപോലെ ഒരുപാട് ഡയലോഗുകൾ ഉണ്ട് ഏകലവ്വ്യനിലെ മാധവനും, ക്രൈം ഫയലിലെ ഈശോ പണിക്കരും,  എഫ് ഐ ആറിലെ മുഹമ്മദ്‌ സർക്കാരും,  സത്യമേവ ജയതേയിലെ ചന്ദ്രചൂഢനും, നരിമാനിലെ അശോക് നരിമാനും, കമ്മീഷണറുടെ തുടർച്ചയായ ഭരത് ചന്ദ്രൻ ഐ പി എസ്സും, ടൈഗറിലെ ചന്ദ്രശേഖരനും, ട്വന്റി ട്വന്റിയിലെ ആന്റണി പുന്നേക്കാടനും തുടങ്ങി പല കഥാപാത്രങ്ങളും ഇത്തരം മാസ്സ് ഡയലോഗുകൾ പറഞ്ഞ് നമ്മെ കോരിത്തരിപ്പിച്ചവരാണ്..... സുരേഷ് ഗോപിയെ പോലീസ് വേഷത്തിൽ എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല താനും. അതേപോലെ ലേലത്തിലെ ആനക്കാട്ടിൽ ചാക്കോച്ചിയും, പത്രത്തിലെ നന്ദഗോപാലും,  വാഴുന്നോരിലെ കുട്ടപ്പായിയും , ചിന്താമണി കൊലക്കേസിലെ ലാൽ കൃഷ്ണ വിരാഡിയാരും തുടങ്ങിയ മാസ്സും ക്ലാസ്സും ചേർന്ന ഫയർ ബ്രാൻഡ് കഥാപാത്രങ്ങൾ വേറെ. പറഞ്ഞു വന്നത് ഫയർ ബ്രാൻഡ് കഥാപാത്രങ്ങളിലേക്ക് മാത്രം ആ അഭിനേതാവിനെ തളച്ചിട്ടപ്പോൾ നമുക്ക് നഷ്ടമായത് അതിലേറെ മനോഹരമായ അനേകം കണ്ണൻ പെരുമലയന്മാരേയും, ഡെന്നീസുമാരെയും,  നകുലന്മാരേയും,  കണ്ണൻ മുതലാളിമാരേയും, അനന്തകൃഷ്ണന്മാരേയും, മിന്നൽ പ്രതാപൻമാരേയും, മേജർ ഉണ്ണികൃഷ്ണന്മാരേയുമൊക്കെയാണ്. 

മഞ്ജു വാര്യരും ജയറാമും ഒക്കെ പൂണ്ട് വിളയാടിയ അഥിതി വേഷത്തിൽ വന്ന സാക്ഷാൽ മോഹൻലാൽ വരെ ഞെട്ടിച്ച സമ്മർ ഇൻ ബത്ലഹേമിൽ പക്ഷേ മിക്കവരുടേയും പ്രിയപ്പെട്ട കഥാപാത്രം ഡെന്നീസ് ആയിരിക്കും ബത്ലഹേമിലെ ഡെന്നീസ്. സുരേഷ് ഗോപി എന്ന നടന്റെ പ്രകടന മികവ് തന്നെയാണ് അതിന് കാരണം. അത്രമേൽ മനോഹരമായിരുന്നു ഡെന്നീസ് ആയിട്ടുള്ള അദ്ദേഹത്തിന്റെ പ്രകടനം. മോഹൻലാലും ശോഭനയും അത്ഭുതപ്പെടുത്തിയ മണിച്ചിത്രതാഴിലും അവരോടൊപ്പം തന്നെ ഏവരും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ഗംഗയുടെ നകുലൻ. തമാശയും മുരട സ്വഭാവവും പ്രണയവും സെന്റിമെന്റ്സും എല്ലാം കൂടിച്ചേർന്ന തെങ്കാശിപ്പട്ടണത്തിലെ കണ്ണൻ മുതലാളിയും എത്ര മനോഹരമാണ്.... മനു അങ്കിളിലെ മിന്നൽ പ്രതാപൻ ആ സിനിമയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രം...  അഥിതി ആയിട്ടാണേലും ആ കഥാപാത്രം അത്രമേൽ ഓർമ്മിക്കപ്പെടാൻ കാരണം സുരേഷ് ഗോപിയുടെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ്.... അത്രയ്ക്ക് ചിരിപ്പിച്ചിട്ടുണ്ട് മിന്നൽ പ്രതാപൻ. മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയെടുത്ത കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ അദ്ദേഹത്തിന്റെയൊരു വിസ്മയ പ്രകടനം തന്നെയാണ്. രണ്ടാം ഭാവത്തിലെ അനന്തകൃഷ്ണനും അനുഭൂതിയിലെ ശിവൻ കുട്ടിയും എല്ലാം എത്ര മനോഹരമായ പ്രകടനമാണ്. 

ആക്ഷൻ കിങ് എന്ന ഇമേജിലേക്ക് തളച്ചിടപ്പെട്ടപ്പോൾ കിട്ടിയത് സുരേഷ് ഗോപി എന്ന താരത്തേയും നഷ്ടമായത് സുരേഷ് ഗോപി എന്ന അഭിനേതാവിനെയുമാണ്. 

കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് നല്ല കഴിവുണ്ട് പി.സി 369ലെ ഗോപിക്കുട്ടനും മനു അങ്കിളിലെ മിന്നൽ പ്രതാപനും എല്ലാം ഉദാഹരണങ്ങൾ മാത്രം.... പ്രണയരംഗങ്ങളും അതിമനോഹരമായി സുരേഷ് ഗോപി കൈകാര്യം ചെയ്യുന്നത് നമ്മൾ ഒരുപാട് കണ്ടതല്ലേ.... അഥിതി വേഷങ്ങളിൽ വന്ന് ഞെട്ടിക്കാനും ഒരു പ്രത്യേക കഴിവാണ് ആ മനുഷ്യന്.... ഇന്നലെയിലെ ഡോക്ടർ നരേന്ദ്രനും നോട്ട്ബുക്കിലെ ബ്രിഗേഡിയർ അലക്ക്‌സാണ്ടറും എല്ലാം അങ്ങനെയുള്ളതല്ലേ.... 

ഇനി അദ്ദേഹത്തിന്റെ മാസ്സ് കഥാപാത്രങ്ങളുള്ള സിനിമകളിലേക്ക് വന്നാൽ ഫാൻസ്‌ പോലും അധികം എവിടേം പറഞ്ഞു കണ്ടിട്ടില്ലാത്ത ചിത്രമാണ് സത്യമേവ ജയതേ.... ഭരത് ചന്ദ്രനും, മാധവനും, മുഹമ്മദ്‌ സർക്കാരും നരിമാനും, ഈശോ പണിക്കരും, ആന്റണി പുന്നേക്കാടനും വരെ കൊണ്ടാടുമ്പോൾ പലരും മറന്നു പോകുന്നൊരു ഫയർ ബ്രാൻഡ് ഐറ്റമാണ് ചന്ദ്രചൂഢൻ ഒരുപക്ഷേ പ്രകടനത്തിന്റെ കാര്യത്തിൽ ആയാലും മാസ്സിന്റെ കാര്യത്തിൽ ആയാലും ഈ പറഞ്ഞവയുടെയെല്ലാം മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് ചന്ദ്രചൂഢൻ. സുരേഷ് ഗോപി എന്ന താരത്തേയും സുരേഷ് ഗോപി എന്ന അഭിനേതാവിനേയും ഒരുപോലെ ഉപയോഗിച്ച സിനിമ. 

ഇനി അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്ക് വന്നാൽ.... അദ്ദേഹം ഒരു രാഷ്ട്രീയപ്പാർട്ടിയിൽ വിശ്വസിക്കുന്നു അതിൽ പ്രവർത്തിക്കുന്നു.... അതിന് സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. ആ കാര്യത്തിന്റെ പേരിലാണ് ആ മനുഷ്യൻ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് അത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.... ആ വെറുപ്പ് പലരും അദ്ദേഹത്തിന്റെ സിനിമകളോടും കാണിക്കുന്നു എന്നതാണ് സങ്കടം. കലാകാരന്റെ രാഷ്ട്രീയം നോക്കിയാണോ സിനിമയ്ക്ക് കയറുന്നത്..? അങ്ങനെയാണേൽ ഇവിടെ ഒരു സിനിമയും ഓടില്ലല്ലോ.... സിനിമ വേറെ ജീവിതം വേറെ. സിനിമ എന്നത് പലർക്കും ഒരു വിനോദ ഉപാധിയാണ്.... സിനിമ തങ്ങളെ രസിപ്പിക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരേ അല്ലാതെ അതിൽ അഭിനയിക്കുന്നവർ തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ നടന്നാലേ കാണൂ എന്നൊക്കെയുള്ള ചിന്താഗതിയൊക്കെ എന്തിനാ ആാവൊ..? എല്ലാവരുടേയും പോലെ അവർക്കും അവകാശമുണ്ട് അവരുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന്. 

ഇനി സുരേഷ് ഗോപി എന്ന മനുഷ്യനിലേക്ക് വന്നാൽ ഇത്രത്തോളം ജനങ്ങളെ സഹായിക്കുന്ന ഒരു സിനിമാക്കാരൻ ഉണ്ടോ എന്നത് സംശയമാണ്. അനുഭവമുള്ള പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഒരു അസാധ്യ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്ന്. കൊടിയുടെ നിറമോ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും നോക്കിയല്ല ആ മനുഷ്യൻ ആളുകളെ സഹായിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്ത് തന്നെ ആയാലും സുരേഷ് ഗോപി എന്ന മനുഷ്യൻ ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരാളാണ്. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തൊരു മനുഷ്യൻ. 

കടുത്ത മോഹൻലാൽ ആരാധകനായ എനിക്ക് പോലും സുരേഷ് ഗോപിയുടെ മാസ്സ് സിനിമകൾ തരുന്ന ഒരു രോമാഞ്ചമുണ്ടല്ലോ അത് ലാലേട്ടന്റെ പല മാസ്സ് സിനിമകളിൽ നിന്ന് പോലും കിട്ടാറില്ല. സുരേഷ് ഗോപിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അദ്ദേഹത്തിന്റെ ശബ്ദമാണ്. ആ ഘനഗാംഭീര്യമായ ശബ്ദവും അതിനൊത്ത ശരീരവും.... മലയാളമായാലും ഇംഗ്ലീഷ് ആയാലും ഇത്രയേറെ സ്ഫുടതയോടെ പറയുന്ന മറ്റൊരു അഭിനേതാവില്ല. അത് തന്നെയാണ് അദ്ദേഹത്തിന്റെ നെടുനീളൻ സംഭാഷണങ്ങൾക്കുള്ള ഭംഗിയും,  ശക്തിയും. 

ഷാജി കൈലാസിന്റെ സംവിധാനത്തിൽ രഞ്ജി പണിക്കരുടെ രചനയിൽ സുരേഷ് ഗോപി നായകനായി ഒരു പക്കാ ഫയർ ബ്രാൻഡ് ചിത്രം വന്നാൽ തിയ്യേറ്ററുകൾ ഒക്കെ ഇപ്പോഴും പൂരപ്പറമ്പുകളായിരിക്കും.... ഇപ്പോഴും പല റെക്കോർഡുകളും തകർക്കാൻ കെൽപ്പുള്ളൊരു കോമ്പിനേഷനാണ് അത്. ഏറ്റവും കൂടുതൽ കാത്തിരിക്കുന്നതും അങ്ങനൊരു സിനിമയ്ക്ക് വേണ്ടിയാണ്. മോഹൻലാൽ ആരാധകൻ ആയിരുന്നിട്ട് പോലും ഷാജി കൈലാസിന്റേയും സുരേഷ് ഗോപിയുടേയും തിരിച്ചു വരവ് ഇങ്ങനെയാവണം എന്നാണ് ആഗ്രഹം. അത്രയ്ക്ക് ഗംഭീരമാണ് ആ കൂട്ടുകെട്ട്. 

എന്തായാലും അഭിനേതാവ് സുരേഷ് ഗോപിയെ തിരിച്ചു തരാൻ സത്യൻ അന്തിക്കാടിന്റെ മകൻ വേണ്ടി വന്നു.... വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അത്ര ഗംഭീരമാണ് സുരേഷ് ഗോപിയുടെ പ്രകടനം. ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ ഒരു പ്രധാന കാരണവും മേജർ ഉണ്ണികൃഷ്ണനാണ്. 

ഇനി സുരേഷ് ഗോപിയെന്ന താരത്തെ തിരിച്ചു തരാൻ മറ്റൊരു സംവിധായക പുത്രനായ നിതിൻ രഞ്ജിപണിക്കർക്കാകട്ടെ.... കാവൽ അത്തരത്തിലുള്ളൊരു ചിത്രമാകട്ടെ. 

സുരേഷ് ഗോപിയുടെ ഒരു പ്രത്യേകത ഒരുമാതിരിപ്പെട്ട എല്ലാ ആരാധകരിലും ഒരു സുരേഷ് ഗോപി ആരാധകൻ ഉണ്ട് എന്നതാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, പൃഥ്വിരാജ്, etc തുടങ്ങിയ താരങ്ങളുടെയെല്ലാം മിക്ക ആരാധകർക്കും ഇഷ്ടമാണ് സുരേഷ് ഗോപിയെന്ന താരത്തെ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു മികച്ച സിനിമ വന്നാൽ എല്ലാവരും ചേർന്നത് ആഘോഷമാക്കും. 

ഇത്രയൊക്കെ പറഞ്ഞിട്ടും ലാസ്റ്റ് വീണ്ടും മാസ്സിൽ എത്തിയല്ലേ.... ഇത് തന്നെയാണ് ഞാനടക്കമുള്ളവരുടെ പ്രശ്നം... എത്രയൊക്കെ പറഞ്ഞാലും സുരേഷ് ഗോപിയെ പറ്റി പറഞ്ഞു വന്നാൽ അവസാനം വീണ്ടും ഫയർ ബ്രാൻഡുകളിലേക്ക് എത്തും. 

അദ്ദേഹത്തിന്റെ മുഴുവൻ മികച്ച പ്രകടനങ്ങളേയും പറ്റിയൊന്നും പറഞ്ഞിട്ടില്ല അദ്ദേഹം മികവുറ്റതാക്കിയ അനേകം കഥാപാത്രങ്ങൾ ഇനിയുമേറെയുണ്ട്. വളരെ കുറച്ച് മാത്രേ പരാമർശിച്ചിട്ടുള്ളൂ.... സുരേഷ് ഗോപിയെന്ന ഫയർ ബ്രാൻഡ് താരം മാത്രമല്ല അദ്ദേഹത്തിൽ ഉള്ളത് എന്ന് വ്യക്തമാക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. സുരേഷ് ഗോപിയെന്ന താരത്തിലേക്ക് മാത്രമായി തളച്ചിടപ്പെട്ടപ്പോൾ നഷ്ടമായത് ഈ പറഞ്ഞത് പോലെ അനേകം കഥാപാത്രങ്ങളാണ്.... അഭിനയ മുഹൂർത്തങ്ങളാണ്.... ഇനിയെങ്കിലും സംവിധായകരും എഴുത്തുകാരും അദ്ദേഹത്തിലെ താരത്തെ മാത്രം ഉപയോഗിക്കാതെ അതിനൊപ്പം തന്നെ അദ്ദേഹത്തിലെ അഭിനേതാവിനേയും ഉപയോഗിക്കട്ടെ. 

കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചു വരവിനായ്..... മലാളികൾക്ക് മമ്മൂട്ടിയും മോഹൻലാലും Suresh Gopiയും  തന്നെയാണ് സൂപ്പർ സ്റ്റാർസ്... അന്നും ഇന്നും എന്നും.... അതിന് ഒരു മാറ്റവും ഉണ്ടാവില്ല. 

-വൈശാഖ്.കെ.എം
മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത ഒരേയൊരു സൂപ്പർ സ്റ്റാർ. മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത ഒരേയൊരു സൂപ്പർ സ്റ്റാർ. Reviewed by on 23:59 Rating: 5

1 comment:

Powered by Blogger.