ഭൂമിയിലെ മാലാഖമാർക്ക് ആശംസകൾ
ഭൂമിതൻ മടിത്തട്ടിൽ അവശരായ് വീഴുന്നവർക്കാശ്രയമാം കരങ്ങൾ, തൻ സൗഖ്യങ്ങളെ ത്യജിച്ച് അന്ന്യന്റെ വേദനകളാം അഗ്നിയെ ചേർത്തുപിടിച്ചണക്കുന്നവർ, തൻ വേദനകളെ കടിച്ചമർത്തി മനോഹരമായൊരു പുഞ്ചിരിയിലൂടെ താൻ ആശ്രയമായവർക്ക് ധൈര്യം പകരുന്നവർ, പിറന്നുവീഴുന്ന കുഞ്ഞിനെ അമ്മയ്ക്ക് മുൻപേ നിറമനസ്സാലെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവർ.... സ്‌നേഹത്തോടെ ആദ്യമായ് തലോടുന്നവർ, കാവലായ്, കരുതലായ്, ആശ്രയമായ് രാപ്പകലില്ലാതെ നില കൊള്ളുന്നവർ അവർ.... ഭൂമിയിലെ മാലാഖമാർ. അവർക്കും ചിറകുകളുണ്ട് പക്ഷേ അവർ പറക്കാറില്ല തൻ ചിറകുകളെ ഒരു രക്ഷാകവചമാക്കി തന്നിലേക്കഭയം പ്രാപിച്ചവരെ സംരക്ഷിക്കുന്നു. സേവനം കൊണ്ട് അവരും ദൈവങ്ങളാണ് ആരാധനാലയങ്ങളിലെയല്ല ആശുപത്രികളിലെ ദൈവങ്ങൾ. ജീവിച്ചിരിക്കുന്ന ജീവനുള്ള ദൈവങ്ങൾ.
ഉറ്റവരും ഉടയവരും പോലും അകറ്റി നിർത്തുന്ന സമയത്ത് വരെ സ്വന്തം ജീവൻ പണയം വെച്ച് മനുഷ്യരെ നെഞ്ചോട് ചേർക്കുന്ന ഈ മാലാഖാമാർക്കും കൂടെ വേണ്ടിയുള്ളതാവട്ടെ നമ്മുടെ പ്രാർത്ഥനകളും സഹായങ്ങളും. ഒരു വൈറസോ മാറാവ്യാധിയോ വരുമ്പോൾ മാത്രം ഓർക്കപ്പെടേണ്ടവരല്ല ഇവർ.... നമ്മുടെ ജീവനും ജീവിതവും അവരുടെ കൂടെ കരുതലാണ് എന്ന ഓർമ്മയിൽ എന്നും അവരേയും നമ്മളിലൊരാളായി കൂടെ കൊണ്ട് നടക്കണം. ഒരു സിനിമയിൽ പറഞ്ഞത് പോലെ മാലാഖ എന്ന വിളിപ്പേര് മാത്രേ അവർക്കുള്ളൂ അവരുടെ വീട്ടിലെ അവസ്ഥയൊന്നും ആരും ചിന്തിക്കില്ല.... നമ്മുടെയൊക്കെ ജീവൻ സംരക്ഷിച്ചു പിടിക്കുമ്പോഴും അവരുടെ ജീവിതം ഒരു പോരാട്ടമാണ്.... മാറി മാറി വരുന്ന സർക്കാരുകളോടും ആശുപത്രികൾ ബിസിനസ്സ് സ്ഥാപനമായി മാത്രം കാണുന്നവരോടുമൊക്കെ അവരുടെ വേദനത്തിനും സ്ഥിരപ്പെടുത്താത്ത ജോലിക്കും വേണ്ടിയുള്ള സമരങ്ങൾ.... വീട്ടിൽ അടുപ്പ് പുകയ്ക്കാനുള്ള പോരാട്ടം.... അപ്പോഴൊന്നും ആരും അവർക്ക് തുണയായി നിൽക്കാറില്ല ഇനിയെങ്കിലും ആ അവസ്ഥകൾ മാറട്ടെ.
ദൈവങ്ങൾക്ക് പോലും ഇടവും വലവും മാലാഖമാർ വേണം അപ്പൊ പിന്നെ ദൈവീകമായ ഒരു സേവനത്തെ... ഒരു കർമ്മത്തെ സ്വയം മറന്ന് ചെയ്യുന്നവരെ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ എന്നല്ലാതെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്....
ഏറെ ബഹുമാനത്തോടെ.... ആരാധനയോടെ.... കാണുന്നൊരു സേവനമാണ് നേഴ്‌സിങ്.... ഭൂമിയിലെ മാലാഖമാരെ കൈകൂപ്പി വണങ്ങുന്നു. ആശംസകൾ ❤️❤️
#HappyInternationalNursesDay
-വൈശാഖ്.കെ.എം
ഭൂമിയിലെ മാലാഖമാർക്ക് ആശംസകൾ
Reviewed by
on
23:59
Rating:

No comments: