മാറുന്ന ലോകത്തിനിടയിലെ മാറാത്തൊരു വിസ്മയം
നമുക്കിടയിലൂടെ കാലങ്ങളായി വേനലും വർഷവും കടന്നു പോകുന്നുണ്ട്, ജീവിതത്തിൽ പലപ്പോഴും സുഖവും ദുഃഖവും കടന്നു പോകും. വേനലിൽ വർഷത്തേയും വർഷത്തിൽ വേനലിനേയും പ്രാകുന്ന നമ്മൾ മലയാളികൾക്കിടയിൽ നിന്നും ഒരിക്കലും കടന്നു പോകാതെ നിലനിൽക്കുന്നൊരു ഇഷ്ടമുണ്ട്.... വാനോളം വളർന്നൊരു ഇഷ്ടം. പത്ത് നാല്പത്ത് കൊല്ലത്തോളമായി നമ്മുടെയുള്ളിൽ കൂടുകൂട്ടി താമസമാക്കിയൊരു മനം മയക്കുന്ന തേജസ്സുള്ളൊരു വ്യക്തിയോടുള്ള ഇഷ്ടം. അകവും പുറവും ഒരുപോലെ സുന്ദരമായൊരു മനുഷ്യനോടുള്ള ഇഷ്ടം.
നാല് ചുവരുകൾക്കുള്ളിൽ തിരശ്ശീലയിൽ തെളിയുന്ന സിനിമയെന്ന അത്ഭുതം നമ്മൾ ആസ്വദിക്കാൻ തുടങ്ങിയ കാലം തൊട്ട് ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ഒരുപാട് മുഖങ്ങൾ മിന്നി മാഞ്ഞു പോയിട്ടുണ്ട്. ആ നാല് ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ആ അത്ഭുതം നമുക്ക് വെറും കഥകളായി മാറാറാണ് പതിവ്. ആ മുഖങ്ങളെ നമ്മൾ അവിടെ മറക്കും തിരികെ സ്വന്തം കൂരയിലെത്തുമ്പോൾ വീണ്ടും ജീവിതമെന്ന തിരക്കുകളിലേക്ക് ഊളിയിട്ട് പോകും. വർഷങ്ങൾക്ക് മുൻപ്.... കൃത്യമായി പറഞ്ഞാൽ 1980 ഡിസംബർ മാസം ഇരുപത്തിയഞ്ചാം തിയ്യതി കേരളത്തിലെ സിനിമാ പ്രദർശ്ശന ശാലകളിൽ ഒരു സിനിമ റിലീസ് ആയി. സിനിമയുടെ പേര് "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" സത്യൻ മാഷും നസീർ സാറും, ജയൻ സാറും, സോമൻ ചേട്ടനും, സുകുമാരൻ ചേട്ടനുമൊക്കെ നിറഞ്ഞു നിന്നിരുന്ന സിനിമയെന്ന നമ്മുടെ ലോകത്തേക്ക് കുറച്ച് പുതുമുഖങ്ങളുമായി എത്തിയൊരു ചിത്രം. സിനിമ ആളുകൾക്കിടയിൽ വലിയ ചർച്ചയായി മാറി.... ചർച്ചയ്ക്ക് കാരണം വേറൊന്നുമല്ല.... ഹിപ്പി മുടിയും നീട്ടി ചരിഞ്ഞ തോളുമായി ചിത്രത്തിൽ നിറഞ്ഞു നിന്ന പ്രതിനായകനായിരുന്നു ചർച്ചയിൽ താരം. ജോസ് പ്രകാശും, ബാലൻ.കെ.നായരും.ടി.ജി. രവിയുമൊക്കെ സിനിമയിലെ പേടി സ്വപ്‌നങ്ങളായി നിന്നിടത്തേക്കാണ് വലിയ കോലമൊന്നും ഇല്ലാത്ത അലസനായൊരു ചെറുപ്പക്കാരൻ എത്തിപ്പെട്ടത്. പലർക്കും അതൊരു അത്ഭുതമായിരുന്നു.... പുത്തൻ അനുഭവമായിരുന്നു. പല തരത്തിലായിരുന്നു ആളുകളുടെ ചിന്തകൾ.... "ഇവൻ കൊള്ളാം ഇവന് ഭാവിയുണ്ട്, അയ്യേ ഈ കോലമുള്ളവനൊക്കെ സിനിമയിൽ പറ്റ്വോ, എന്നാലും ഏതാ ഈ പയ്യൻ, ഇങ്ങനേം ദുഷ്ടൻമാർ ഉണ്ടാവോ" തുടങ്ങി പല തരം ചിന്തകളായിരുന്നു ആളുകൾക്ക്. പിന്നീട് പലപ്പോഴും അവരുടെ പേടി സ്വപ്‌നമായി അവൻ പല സിനിമകളിലും കടന്നു വന്നു. പ്രതിനായകനിൽ നിന്നും പതിയെ നന്മയുള്ളവനിലേക്കും നായകനിലേക്കുമുള്ള ചുവടുമാറ്റം മലയാളി അത്ഭുതത്തോടെ നോക്കി നിന്നു. സാധാരണക്കാരന്റെ പ്രതിനിധിയായി അയാൾ പല സിനിമകളിലൂടെയും വന്നപ്പോൾ പലരും അവരവരെ തന്നെ അയാളിൽ കണ്ടു. പതിയെ പതിയെ അയാൾ മലയാളികളുടെ മനസ്സിലേക്കുള്ള ഒരു വേരോട്ടം തുടങ്ങിയിരുന്നു.
1986 ജൂലൈ 17..... കേരളത്തിലെ തിയ്യേറ്ററുകളിൽ അവരുടെ കണ്ണിലുണ്ണിയായി മാറിക്കൊണ്ടിരുന്ന ചെറുപ്പക്കാരൻ നായകനായ മറ്റൊരു സിനിമ റിലീസ് ആയി. ചിത്രത്തിന്റെ പേര് "രാജാവിന്റെ മകൻ". ചിരിച്ചും കുസൃതി കാണിച്ചുമൊക്കെ നടന്ന ആ ചെറുപ്പക്കാരനിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു വേഷമായിരുന്നു രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ്. ഒരു നോട്ടം കൊണ്ട് പോലും എതിരാളികളെ ഭയപ്പെടുത്തുന്ന വിൻസെന്റ് ഗോമസ് യുവാക്കളുടെ ലഹരിയായി മാറി. പുതിയൊരു സൂപ്പർ സ്റ്റാറിന്റെ ജനനം. "ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, മൈ ഫോൺ നമ്പർ ഈസ് 2255" തുടങ്ങിയ ചിത്രത്തിലെ സംഭാഷണങ്ങളൊക്കെ അന്നത്തെ യുവത്വം ആഘോഷമാക്കി. ഇരുപതാം നൂറ്റാണ്ടും, ഭൂമിയിലെ രാജാക്കന്മാരുമൊക്കെ യുവാക്കളുടെ സിരകളിൽ ലഹരിയായി മാറിയപ്പോൾ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളും തൂവാനത്തുമ്പികളുമൊക്കെ യുവതികളും ആഘോഷമാക്കി. പതിയെ പതിയെ അയാളിലെ ആ കള്ള ചിരി കേരളത്തിലെ യുവതികളുടെ ഉറക്കം കളഞ്ഞു.... ആ മാന്ത്രികതയിൽ വീഴാത്തവർ വിരളമായിരുന്നു എന്ന് വേണം പറയാൻ. അവരുടെ സങ്കൽപ്പത്തിലെ കാമുകന്മാർക്ക് ആ കള്ളച്ചിരിക്കാരന്റെ മുഖം മാത്രമായി മാറി. യുവാക്കൾക്ക് അയാൾ അവരുടെ റോൾ മോഡലായി മാറി തുടങ്ങിയിരുന്നു. ചിത്രവും, താളവട്ടവുമൊക്കെ അവരെ ഒരുപാട് ചിരിപ്പിച്ചപ്പോൾ അവരറിഞ്ഞിരുന്നില്ല അവസാനം അവരുടെ ഉറക്കം കളയാൻ പോകുന്നവയായിരുന്നു ആ ചിത്രങ്ങളെന്ന്. ആ ചെറുപ്പക്കാരൻ കരയുമ്പോൾ പരിസരം മറന്ന് കേരളത്തിലെ കുടുംബങ്ങളും ഏങ്ങലടിക്കാൻ തുടങ്ങി. തൊണ്ണൂറുകളുടെ തുടക്കമായപ്പോഴേക്കും അയാൾ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞിരുന്നു. അയാൾക്ക് അടിമപ്പെടാത്ത യുവത്വം വിരളമായിരുന്നു. കുടുംബങ്ങൾക്ക് അവൻ തങ്ങളിലൊരുവനായി മാറി.
1993 ഏപ്രിൽ പതിനാല്..... ദേവനും അസുരനും കൂടിച്ചേർന്നൊരു അപൂർവ്വ ജന്മത്തിന് തിരശ്ശീലയിൽ ആ മനുഷ്യൻ ജന്മം കൊടുത്തു. മംഗലശ്ശേരി നീലകണ്ഠൻ മലയാളികൾക്ക് ഒരു വികാരമായി മാറി.
1995 മാർച്ച് മുപ്പതിന് പുതിയൊരു വേഷത്തിൽ അയാൾ എത്തി. മുണ്ട് പറിച്ച് എതിരാളികളുടെ മുഖത്ത് കെട്ടി തലങ്ങും വിലങ്ങും ഇട്ട് അടിക്കുന്ന ഒരു പ്രത്യേക തരം കഥാപാത്രം. കഥാപാത്രത്തിന്റെ പേര് എന്താണെന്നല്ലേ.... തോമ.... ആടുതോമ.... മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന.... പോലീസുകാരനെ അടിച്ച് പൊട്ടക്കിണറ്റിൽ താഴ്ത്തിയ ആ ഓട്ടക്കാലണയുടെ റൈബാനും വെച്ചുള്ള സ്റ്റൈൽ കേരളത്തിൽ വലിയ തരംഗമായി മാറി. ഇന്നും മലയാളികളുടെ ജീവനാണ് തോമാച്ചായൻ.
2000 ജനുവരി 26. മലയാളികൾ സാക്ഷിയായത് കേരളം കണ്ട ഏറ്റവും വലിയ പൂരത്തിന്റെ കൊടിയേറ്റത്തിന് ആയിരുന്നു. വെള്ളത്തിൽ നിന്നും പൊങ്ങി വന്ന് "മോനേ ദിനേശാ എന്നും വിളിച്ച് വെള്ളം ഊർന്നിറങ്ങിയ മീശ തട്ടിയകറ്റി മുണ്ടും മടക്കി കുത്തി പൂവള്ളി ഇന്ദുചൂഢൻ നിറഞ്ഞാടിയപ്പോൾ സിനിമാ ശാലകളിലേക്ക് ഒഴുകിയെത്തിയത് കേരളം ഒന്നടങ്കമാണ്. അന്ന് വരെ മലയാളം കണ്ടതിൽ വെച്ച് എക്കാലത്തേയും വലിയ സാമ്പത്തിക വിജയം അവിടെ പിറന്നു. മലയാളി ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു ചിത്രമില്ല. അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നു നരസിംഹം.
സിരകളിൽ ആവേശം നിറക്കുന്നൊരു സൂപ്പർ ഹീറോയായി അയാൾ മാനം മുട്ടെ വളർന്നു..... കുടുംബ പ്രേക്ഷകർക്ക് അയാൾ മകനായും സഹോദരനായും മാറി.... യുവതികൾക്ക് കാമുകനായും ഏട്ടനായും മാറി. യുവാക്കൾക്ക് അയാൾ അണയാത്ത ആവേശവും.
2013 ഡിസംബർ പത്തൊൻപതിന് അയാൾ ഒരു കുഞ്ഞു ചിത്രവുമായി വന്നു.... ഒരു സാധാരണക്കാരന്റെ കഥ പറഞ്ഞ ആ സിനിമ പക്ഷേ മലയാള സിനിമ സ്വപ്നം പോലും കാണാത്ത തരത്തിലുള്ള നേട്ടങ്ങളായിരുന്നു സ്വന്തമാക്കിയത്. ജോർജ്ജ് കുട്ടിയും കുടുംബവും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയപ്പോൾ ദൃശ്യം ദൃശ്യവിസ്മയമായി മാറി.
2016 ഒക്ടോബറിൽ അയാൾ അവതരിച്ചത് ഒരു പുലി വേട്ടക്കാരൻ മുരുകനായിട്ടായിരുന്നു.... രാവെന്നോ പകലെന്നോ ഇല്ലാതെ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധരായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും വരെ തിയ്യേറ്ററിന്റെ പടിക്കൽ എന്തൊക്കെ വന്നാലും മുരുകനെ കണ്ടിട്ടേ പോകൂ എന്ന വാശിയിൽ ഇരിക്കുന്നത് നമ്മൾ കണ്ടു. മലയാള സിനിമയ്ക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത പല നേട്ടങ്ങളും മുരുകൻ വേലെറിഞ്ഞു വീഴ്ത്തി കാൽചുവട്ടിലാക്കി. പ്രായബേധമന്യേ പലരും മുരുകനെ അനുകരിക്കുന്ന കാഴ്ച്ചകളും നാം കണ്ടു.
മുരുക താണ്ഡവത്തിന്റെ അലയൊലികൾ അടങ്ങും മുൻപേ മറ്റൊരു അവതാരമായി അയാൾ പിറവിയെടുത്തു. 2019 മാർച്ച് ഇരുപത്തിയെട്ടിന് കേരളത്തിലെ തിയ്യേറ്ററുകളെ പൂരപ്പറമ്പുകളാക്കി അവരുടെ ഒരേയൊരു രാജാവിന്റെ മറ്റൊരു അശ്വമേധം തുടങ്ങി. ഇത്തവണ അയാൾ സ്റ്റീഫൻ നെടുമ്പള്ളിയാണ്... ഒന്നൂടെ വ്യക്തമാക്കിയാൽ ലൂസിഫർ.
മലയാള സിനിമയുടെ തലവര മാറ്റാൻ പോകുന്ന അറബിക്കടലിന്റെ സിംഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ ആ രാജാവിന്റെ പ്രജകൾ.
വില്ലനായ് അവതരിച്ച് ജനമനസ്സുകളിൽ ചേക്കേറി കൂട് കൂട്ടി അവരുടെ ഊണിലും ഉറക്കത്തിലും ഭാഗമായി മാറിയ.... സഹോദരരനും കാമുകനും മകനുമൊക്കെയായി മാറിയ മനുഷ്യൻ. "മോഹൻലാൽ".
മോഹൻലാൽ.... ആ പേര് ഉച്ചരിക്കാത്ത.... ആ രൂപത്തെ ഏതെങ്കിലും വിധേന കാണാത്ത.... ആ മനുഷ്യനെ പറ്റി സംസാരിക്കാത്ത ഒരു ദിവസവും മലയാളികൾക്കിടയിലൂടെ കടന്നു പോകാറില്ല. നാല് ചുവരുകൾക്കുള്ളിൽ വലിയ സ്‌ക്രീനിൽ സിനിമയെന്ന അത്ഭുതത്തിൽ മിന്നി മറിഞ്ഞു പോയ അനേകം മുഖങ്ങൾ ഉണ്ടായിട്ടും ഒന്നിനെ പോലും അവര് ഹൃദയത്തിൽ കുടിയേറ്റിയിരുന്നില്ല. കാണുന്നത്... അല്ലേൽ കണ്ടത് സിനിമയാണെന്ന് മറന്ന് ദിവസങ്ങൾ കഴിഞ്ഞും മലയാളി ആ കാര്യമോർത്ത് കരഞ്ഞിട്ടുണ്ടേൽ.... ഓർത്തോർത്ത് ചിരിച്ചിട്ടുണ്ടേൽ.... ആവേശം അണപൊട്ടി ഒഴുകിയിട്ടുണ്ടേൽ അത് ഒരൊറ്റയാളുടെ പേരിലാണ്. നാല് പതിറ്റാണ്ടായി അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി അലിഞ്ഞു ചേർന്ന മോഹൻലാൽ എന്ന മനുഷ്യന്റെ പേരിൽ.
അയാള് കരയുമ്പോൾ അവരും കരഞ്ഞു... അയാള് ചിരിക്കുമ്പോൾ പരിസരം മറന്ന് അവരും ചിരിച്ചു... അയാള് ആരെയെങ്കിലും ഇടിച്ചിടുമ്പോൾ അവരിലെ രോമകൂപങ്ങൾ നൃത്തമാടി.... അവര് പോലും അറിയാതെ അവര് അയാൾക്ക് അടിമപ്പെട്ടുപോയി. അതെങ്ങനെയാണെന്ന് ചോദിച്ചാൽ അവർക്ക് ഉത്തരം കാണില്ല. അവരെ തന്നെയാണ് അവർക്ക് പലപ്പോഴും തിരശ്ശീലയിൽ കാണാനായത്. ഒരു സിനിമയാണെന്ന തോന്നലുണ്ടാക്കാത്ത വിധം പകർന്നാടി കാണിച്ചു കൊടുത്ത അയാൾക്ക് അവര് എങ്ങനെ അടിമപ്പെടാതിരിക്കും.
അവരുടെ ഹൃദയത്തെ കവർന്നെടുത്ത ആ കള്ളച്ചിരിയുടെ തമ്പുരാന് അവര് ഒരു പേര് ചാർത്തി നൽകി.... പ്രായബേധമന്യേ ഹൃദയത്തിൽ തൊട്ട് അവരയാളെ വിളിച്ചു ലാലേട്ടാ.....
വേനലും വർഷവും മാറി മാറി വന്നു.... ജീവിതത്തിൽ സന്തോഷങ്ങളും ദുഃഖങ്ങളും മാറി മാറി വന്നു.... തലമുറകൾ മാറി മാറി വന്നു.... മലവെള്ളപ്പാച്ചിൽ പോലെ സിനിമകളും സിനിമാക്കാരും മാറി മാറി വന്നു... അപ്പോഴും മാറാതെ മായാതെ തെളിഞ്ഞു നിൽക്കുന്ന ഒന്നേ മലയാളികൾക്കിടയിലുള്ളൂ.... "മോഹൻലാൽ" അവരുടെ സ്വന്തം ലാലേട്ടൻ.
സിനിമ വലുതോ ചെറുതോ ആവട്ടെ ആ മുഖം സ്ക്രീനിൽ കാണുന്നത് അവർക്ക് ഉത്സവമാണ്..... അതിന് ഉദാഹരണങ്ങൾ ആണല്ലോ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നേടിയെടുത്ത മറ്റ് പലർക്കും സ്വപ്നം മാത്രമായ നേട്ടങ്ങൾ.
ഇനി ഞാനെന്ന മോഹൻലാൽ ഭക്തനിലേക്ക് വന്നാൽ....
സിനിമയെന്ന മായാലാലോകത്തെ അളവറ്റ് സ്നേഹിച്ചിരുന്ന ഒരു കുടുംബത്തിൽ പിറന്നത് കൊണ്ടാകണം.... കുഞ്ഞുന്നാള് മുതലേ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചിരുന്നത് സിനിമയെന്ന അത്ഭുതത്തെയാണ്. ഓർമ്മയുറക്കാത്ത പ്രായത്തിലെപ്പോഴോ മനസ്സിൽ പതിഞ്ഞൊരു രൂപമാണ് ലാലേട്ടന്റേത്.... കൗതുകം ഇഷ്ടത്തിലേക്കും ഇഷ്ടം ആരാധനയിലേക്കും ആരാധന അത്ഭുതത്തിലേക്കും ദിനംപ്രതി വളർന്നുകൊണ്ടിരുന്നു. സിനിമയെന്താണ് എന്നറിയാത്ത കാലത്ത് ആ മനുഷ്യൻ ആവേശമായിരുന്നെങ്കിൽ സിനിമയെ അറിഞ്ഞ കാലം തൊട്ട് ആ മനുഷ്യൻ അത്ഭുതമായി മാറി.സിനിമ എനിക്കൊരു ദേവാലയമാണ്.... മൂർത്തിയില്ലാതെ അമ്പലം കാണില്ലല്ലോ അല്ലേ.... സിനിമയെന്ന ദേവാലയത്തിൽ ഞാൻ ഉപാസിക്കുന്ന മൂർത്തിയാണ് മോഹൻലാൽ. ഏറ്റവും കൂടുതൽ അടികൂടിയിട്ടുള്ളതും ഏറ്റവും കൂടുതൽ അടി കിട്ടിയിട്ടുള്ളതും ഏറ്റവും കൂടുതൽ കളിയാക്കപ്പെട്ടിടയുള്ളതും ഏറ്റവും കൂടുതൽ അഭിമാനിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ തർക്കിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ സങ്കടപ്പെട്ടിട്ടുള്ളതും ഏറ്റവും കൂടുതൽ സംഘർഷമനുഭവിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ അർമ്മാധിച്ചിട്ടുള്ളതും ഈ മനുഷ്യന് വേണ്ടിയാണ്. ഏറ്റവും കൂടുതൽ സംസാരിച്ചിട്ടിട്ടുള്ളത് ഈ മനുഷ്യന്റെ കാര്യമാണ്.... ഏറ്റവും കൂടുതൽ ഉച്ചരിച്ചിട്ടുള്ളത് ഈ മനുഷ്യന്റെ നാമമാണ്.
ഏതൊരു മലയാളിയേയും പോലെ എന്റെ മനസ്സും കീഴടക്കിയത് ആ കള്ളച്ചിരി തന്നെ ആയിരുന്നിരിക്കണം.... ലോകത്തിലെ ഏറ്റവും മികച്ച പുഞ്ചിരി.
മോഹൻലാൽ എന്ന അഭിനേതാവിലേക്ക് വന്നാൽ..... തിരശ്ശീലയിലെ ആ പകർന്നാട്ടങ്ങൾക്ക് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വാക്ക് തന്നെ ഇട്ടല്ലേ വിളിക്കാൻ പറ്റൂ.... അതെ വിസ്‌മയം. നടനവിസ്മയം. ലിമിറ്റേഷൻസ് ഇല്ലാത്ത അഭിനേതാവ്. തമാശ, സെന്റിമെന്റ്സ്, റൊമാൻസ്, ആക്ഷൻ, ഡാൻസ്, പാട്ട് തുടങ്ങി സിനിമയെന്ന അത്ഭുതത്തിൽ എന്തൊക്കെ കാണിക്കാൻ പറ്റുമോ അതൊക്കെ ആ മനുഷ്യന്റെ പക്കലുണ്ട്. സ്വാഭാവികാഭിനയത്തിന്റെ ചക്രവർത്തി. പറഞ്ഞു പഴകിയ വാക്കുകൾ ആണെങ്കിൽ പോലും വീണ്ടും പറയുന്നു.... ശരീരത്തിന്റെ ഓരോ പാർട്സും അഭിനയത്തിലേക്ക് കൊണ്ട് വരുന്ന എത്ര പേരുണ്ട് ഇവിടെ..? അഭിനയം അനായാസമാണെന്ന് തോന്നാൻ കാരണം തന്നെ ഈ മനുഷ്യനാണ്. ഒരു പാട്ടിനനുസരിച്ച് മനോഹരമായി നൃത്തം ചെയ്യുന്നത് പോലെയാണ് ആ മനുഷ്യന്റെ ബോഡി ലാംഗ്വേജ്. ദശരഥവും, ഭരതവും, കിരീടവും, ചെങ്കോലും, ഇരുവറും, വാനപ്രസ്ഥവും, കമലദളവും, തന്മാത്രയും, പ്രണയവും, ഭ്രമരവും, ചന്ദ്രലേഖയും തുടങ്ങി ആ മനുഷ്യൻ അവിസ്മരണീയമാക്കി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്ന എത്രെയെത്ര ദൃശ്യ വിസ്മയങ്ങൾ.
ചിരിച്ചു കൊണ്ട് കരയാനും ചിരിച്ചു കൊണ്ട് കരയിക്കാനും സാധിക്കുന്ന ഒരു അപ്പൂർവ്വ ജന്മം. നിമിഷ നേരങ്ങൾകൊണ്ട് ആ മുഖത്ത് മിന്നി മറിയുന്ന ഭാവങ്ങൾ കാണുമ്പോഴാണ് ഒരു മനുഷ്യന്റെ ഉള്ളിൽ ഇത്രയേറെ വ്യത്യസ്ഥങ്ങളായ ഭാവങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്.
പ്രിയദർശന്റെ വാക്കുകൾ കടമെടുത്താൽ... "മിഥുനം എന്ന സിനിമയിൽ 200 മീറ്റർ ട്രാക്കിൽ എടുക്കുന്ന നീണ്ടൊരു ഷോട്ടുണ്ട്. പെങ്ങളുടെ കല്ല്യാണം മുടങ്ങിയ ശേഷം അച്ഛന്റെ കാലിൽ വീണു കരയുന്ന ലാലിന്റെ ഷോട്ട്. തിക്കുറിശ്ശി ചേട്ടനും ലാലും ഉച്ചയ്ക്ക് മുതൽ ചെവിയിൽ പരസ്പരം സംസാരിച്ചു ചിരിക്കുകയാണ്. വിഷയം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ രണ്ട് പേജ് ഡയലോഗ് ഉണ്ട് ലാലിന്, അത് മറിച്ചു നോക്കുന്നതല്ലാതെ പഠിക്കുന്നില്ല. ഞാൻ ദേഷ്യം പിടിച്ച്, ഒരു ഷോട്ട് വെറുതേ എടുത്തു വെയ്ക്കാനായി ആക്ഷൻ പറഞ്ഞു. രണ്ട് പേജ് ഡയലോഗും തെറ്റാതെ പറഞ്ഞ് അവൻ തിക്കുറിശ്ശി ചേട്ടന്റെ കാലിൽ വീണു കരഞ്ഞു. സെറ്റിലെ പലർക്കും കണ്ണ് നിറഞ്ഞു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൻ ഏതോ അരഞ്ഞാണത്തെക്കുറിച്ചു പറഞ്ഞു ചേട്ടന്റെ മടിയിൽ തലവെച്ചു ചിരിക്കുകയാണ്. അവർ നേരത്തെ പറഞ്ഞു നിർത്തിയതിന്റെ ബാക്കി. എന്തൊരു ജന്മം."
ഈ വരികളിലുണ്ട് മോഹൻലാൽ എന്ന അഭിനേതാവ് ആരാണെന്നും എന്താണെന്നും.
മോഹൻലാൽ എന്ന മനുഷ്യനിലേക്ക് വന്നാൽ.... സഹ ജീവികളോട് ഇത്രെയേറെ കരുണയും കരുതലുമുള്ള മറ്റേത് സൂപ്പർ സ്റ്റാറുണ്ട്..? ലോക സിനിമാ ചരിത്രത്തിൽ പോലും ആരും കാണില്ല. വലതു കൈ ചെയ്യുന്നത് ഇടത് കൈ അറിയാൻ പാടില്ല എന്ന് പറയുന്നത് പോലെയാണ് ആ മനുഷ്യൻ പലരേയും സഹായിക്കുന്നത്.... അതൊന്നും ആരും അറിയുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. ക്ഷമയുടെ പര്യായം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. ഇത്രെയേറെ ആരാധകർ ആ മനുഷ്യന് ഉണ്ടായത് അഭിനയം കൊണ്ട് മാത്രമല്ല നിഷ്കളങ്കമായ കാപട്യമില്ലാത്ത പെരുമാറ്റവും സ്വഭാവവും കൂടെ അതിന് കാരണമാണ്.
മലയാളി ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നതും ഈ മനുഷ്യനെ തന്നെയാണ്. കാരണം മറ്റൊന്നുമല്ല മോഹൻലാൽ അവർക്കൊക്കെ അവരുടെ വീട്ടിലെ അംഗമാണ്.... അപ്പോൾ അദ്ദേഹം അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ തന്നെ നടക്കണം എന്ന ഒരു തരം നിഷ്കളങ്കമായ സ്വാർത്ഥത കലർന്ന വാശി. കഴിഞ്ഞ നാല്പത് വർഷക്കാലമായി മോഹൻലാൽ ഇല്ലാത്ത ഒരു ദിവസവും അവരുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടില്ല. തന്നേക്കാൾ മുൻപ് വന്നവരും തനിക്കൊപ്പം വന്നവരും തനിക്ക് ശേഷം വന്നവരും കളം വിട്ടപ്പോഴും ശോഭ മങ്ങിയപ്പോഴും ഈ മനുഷ്യൻ മാത്രം അനങ്ങിയില്ല.... വജ്രശോഭയിൽ ഒരേ തിളക്കത്തോടെ ആ മനുഷ്യൻ എന്നും തിളങ്ങി നിൽക്കുന്നു. ജനങ്ങളുടെ മനസ്സിൽ അത്രയ്ക്ക് ആഴത്തിലാണ് അയാളുടെ സ്ഥാനം. ക്രിക്കറ്റ് അറിയപ്പെടുന്നത് സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ദൈവത്തിലൂടെയാണേൽ മലയാള സിനിമ അറിയപ്പെടുന്നത് എല്ലാ അർത്ഥത്തിലും അവിടം ഭരിക്കുന്ന മോഹൻലാൽ എന്ന നടന വിസ്മയത്തിലൂടെയാണ്.
മറ്റു പല സ്ഥലങ്ങളിലും മികച്ച നടനും മികച്ച താരവും വ്യത്യസ്ഥരായിരിക്കും ഇവിടെ പക്ഷേ രണ്ടും ഒരാള് തന്നെയാണ്. മികച്ച നടനും വലിയ താരവും ഒരാള് തന്നെ.
കളിയാക്കുന്നവരുടെ ഭാഷ തന്നെ കടമെടുത്താൽ..... ഒരേയൊരു രാജാവ്.
അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങൾ ഒക്കെ പറഞ്ഞോണ്ട് ഇരുന്നാൽ ദിവസങ്ങൾ പോരാതെ വരും.... പിന്നെ അതൊക്കെ മലയാളികൾ എത്രയോ തവണ കേട്ടതുമാണ്... എന്നാലും അവർക്ക് മടുക്കില്ല എന്നത് വേറെ കാര്യം. എത്രയൊക്കെ എഴുതിയാലും മതിവരാത്ത വാക്കുകൾ പോരാതെ വരുന്നൊരു വിസ്മയം.
മോഹൻലാൽ നിനക്ക് എന്ത് തന്നു..? ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ചോദ്യം.
ഉത്തരം : മനോഹരമായൊരു ബാല്യവും, ഗംഭീരമായൊരു കൗമാരവും തന്നു. ഇപ്പൊ വിസ്മയകരമായൊരു യൗവ്വനവും തന്നോണ്ട് ഇരിക്കുന്നു.
മറ്റുപലർക്കും ഇങ്ങനെ തന്നെ ആയിരുന്നിരിക്കണം. ജീവിതത്തിൽ വന്നു പോകുന്ന പല അവസ്ഥകളിലും ഒരു താങ്ങെന്ന പോലെ ഒരു മകനായും ഏട്ടനായും അവരുടെ ഉള്ളിൽ തെളിഞ്ഞു വന്നിരുന്നത് ആ രൂപമായിരുന്നിരിക്കണം. അവരുടെ ദുഃഖങ്ങളിൽപ്പോലും അവര് സന്തോഷം കണ്ടെത്തിയിരുന്നത് ഈ മുഖം കണ്ടിട്ടായിരുന്നിരിക്കണം. വെറുമൊരു അഭിനേതാവ് ഇങ്ങനെയൊക്കെ വലിയൊരു വികാരമായി തീരണേൽ ആലോചിച്ചു നോക്കിയാൽ പോരേ ആ മനുഷ്യന്റെ റേഞ്ച് എന്തായിരിക്കുമെന്ന്.
റോൾ മോഡലും ഇൻസ്പിരേഷനും സൂപ്പർ ഹീറോയും എല്ലാമായ ഒരു വിസ്മയം.
മലയാളികൾക്ക് ഇന്ന് ഉത്സവമാണ്... ഓണവും വിഷുവും പെരുന്നാളുകളും പൂരങ്ങളും പോലെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അവര് കൊണ്ടാടുന്ന അവരുടെ ജീവിതത്തിന്റെ.... ജീവന്റെ ഒരു ഭാഗമായി മാറിയ വിസ്മയത്തിന്റെ ജന്മദിനം. അതെ ഞങ്ങളുടെ ലാലേട്ടന്റെ ജന്മദിനം. തങ്ങളുടെ ജനന ദിവസം മറന്നാലും മലയാളി മറക്കാത്തൊരു ജന്മദിനം.
ഓർമ്മയുറക്കും മുൻപേയെന്നുള്ളിൽ കൗതുകമായ് കുടിയേറിയൊരെൻ താര നക്ഷത്രമേ.... ഓർമ്മയുറച്ചൊരെൻ നാളിലാ കൗതുകത്തെ ഇഷ്ടമായ് രൂപാന്തരപ്പെടുത്തിയോരെൻ പൊൻ താരകമേ.... ചോരതിളക്കുമെൻ കൗമാരത്തിൽ ആവേശമായ് ആരാധനയായ് പരിണമിച്ചൊരെൻ ചലച്ചിത്രമാം ദേവാലയത്തിൽ കുടിയിരിക്കുന്നോരാ മൂർത്തീ ഭാവമേ.... പക്വത കൈവന്നോരെൻ യൗവ്വനത്തിൽ വിസ്മയമായ് ഉദിച്ചൊരെൻ തിരശ്ശീല വാഴും രേവതി നക്ഷത്രത്തിൽ പിറന്നോരാ നടനവിസ്മയമേ.... അങ്ങേയ്ക്കായി നേരുന്നു ഹൃദയത്തിൽ ചാലിച്ചൊരെൻ ജന്മദിനാശംസ.
പ്രായത്തെ വെറും അക്കങ്ങളായി മാത്രം കണ്ട് തോൽപ്പിച്ചു കൊണ്ടിരിക്കുന്ന വിസ്മയങ്ങളുടെ തമ്പുരാൻ അറുപതിന്റെ നിറവിൽ......
ഏറ്റവും പ്രിയപ്പെട്ട ലാലേട്ടന്..... ഏട്ടന്.... ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️😘
#HappyBirthdayLaletta
-വൈശാഖ്.കെ.എം
മാറുന്ന ലോകത്തിനിടയിലെ മാറാത്തൊരു വിസ്മയം
Reviewed by
on
21:27
Rating:

No comments: