ദുർഗ്ഗ കൃഷ്ണമാരും സോഷ്യൽ മീഡിയയും

  ഈയടുത്ത കാലത്ത് വന്ന മലയാള സിനിമകളിൽ ഒരു നായികാ കഥാപാത്രത്തിന്റെ പ്രകടനങ്ങളിൽ ഏറ്റവും മികച്ചതെന്ന് തോന്നിയവയിൽ ഒന്നാണ് ഉടൽ എന്ന ചിത്രത്തിലെ ദുർഗ്ഗാ കൃഷ്ണയുടെ ഷൈനി എന്ന കഥാപാത്രമായുള്ള പ്രകടനം. അവരുടെ കരിയർ ബെസ്റ്റ് എന്ന് നിസ്സംശയം പറയാവുന്ന പ്രകടനമായിരുന്നു ഉടലിലേത്. പലപ്പോഴും കൂടെ പെർഫോം ചെയ്ത അഭിനേതാക്കളിലും മുകളിൽ പോയൊരു പെർഫോമൻസ് ആയിരുന്നു ചിത്രത്തിൽ ദുർഗ്ഗയുടേത്. അത്തരം ഒരു കഥാപാത്രം തിരഞ്ഞെടുത്ത് അതിനെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച ദുർഗ്ഗ വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്ന കലാകാരിയാണ്. ഇതിപ്പോ മറ്റേതെങ്കിലും കലാകാരിയൊക്കെയാണ് ചെയ്തിരുന്നത് എങ്കിൽ പ്രത്യേകിച്ച് ഓരോ ലോബി ഗ്യാങ് എന്നൊക്കെ പേരിട്ട് വിളിക്കുന്ന കൂട്ടത്തിലെ ആരെങ്കിലുമാണ് ചെയ്തിരുന്നത് എങ്കിൽ അവരുടെ സോഷ്യൽ മീഡിയ പി ആറുകളും സ്തുതി പാടകരും അതിനെ പൊക്കിയടിച്ചു നടന്നേനെ. ഇതിപ്പോ ഇവര് അതിലൊന്നും പെടാത്തത് കൊണ്ടാവണം പലർക്കും ബോൾഡ് ആയി തോന്നാത്തത്.

അപ്പൊ പറഞ്ഞു വന്നത് മറ്റൊരു കാര്യമാണ് ഉടൽ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആ സിനിമയുടെ ഭാഗമായ ദുർഗ്ഗയടക്കമുള്ളവർ പങ്കെടുത്ത ഒരു പ്രെസ്സ്മീറ്റിനെ പറ്റിയാണ്. അതിൽ ദുർഗ്ഗക്ക് നേരെ വന്ന ചോദ്യമാണ് "സാധാരണ ചുംബന രംഗങ്ങൾ ഒക്കെ വരുമ്പോൾ നായകന്മാർക്ക് അത്ര വിമർശനങ്ങൾ വരാറില്ല നായികമാരിലേക്ക് മാത്രം ഫോക്കസ്സ് ചെയ്യപ്പെടാറാണ് പതിവ് അതിനോടുള്ള മറുപടി എന്താ..?"

ദുർഗ്ഗയുടെ മറുപടി : ഈ രംഗം ചെയ്യുന്നത് ഞാൻ ഒരിക്കലും വായുവിലേക്ക് നോക്കി ഉമ്മ വെക്കുകയല്ല, എന്റെ ഒപ്പം ഒരു മെയിൽ ആർട്ടിസ്റ്റുമുണ്ട്. പക്ഷേ വിമർശനങ്ങൾ മൊത്തം എനിക്കാണ് കൂടെയുള്ള ആൾക്ക് ഒരു കുഴപ്പവുമില്ല,എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ ഫാമിലി വളരെ മോശപ്പെട്ട ആൾക്കാരും കൂടെയുള്ള ആളുടെ.... ഹീറോ ആവുന്നവരുടെ ഫാമിലി ഭയങ്കര സപ്പോർട്ടീവ് ആയിട്ടുള്ളൊരു ഫാമിലിയുമാവുന്നു അപ്പൊ അത് എന്ത് കൊണ്ട് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ ഈ രംഗം ചെയ്യുന്നത് ഒറ്റയ്ക്ക് അല്ല കൂടെയുള്ള ആള് ഹീറോ ആവുന്നു നമ്മൾ എപ്പോഴും മോശക്കാരി ആകുന്നു.ഹീറോയിൻസിന് എപ്പോഴും കിട്ടുന്നൊരു മോശമായിട്ടുള്ള കാര്യമാണത്.

ദുർഗ പറഞ്ഞ കാര്യം വളരെ ശരിയാണ് സിനിമക്ക് ആവശ്യമായി വന്നാൽ അത്തരം ഒരു രംഗത്തിൽ അഭിനയിച്ചാൽ കൂടെയുള്ള ആളെ പൊക്കി വെച്ചാണ് അല്ലേൽ അവൻ ഭയങ്കര കഴിവുള്ളവൻ എന്ന തരത്തിലും അഭിനയിച്ച സ്ത്രീ വളരെ മോശമെന്നുമുള്ള രീതിയിൽ ആണ് വലിയൊരു വിഭാഗം ആളുകളും സംസാരിക്കാറുള്ളത്. ഈ പറഞ്ഞ ഇന്റർവ്യൂ തന്നെ പല ക്ലിപ്പുകളായി സോഷ്യൽ മീഡിയയിൽ പല ഓൺലൈൻ മാധ്യമങ്ങളും പോസ്റ്റ്‌ ചെയ്തിട്ടുണ്ട് അതിന്റെയൊക്കെ കമന്റ് ബോക്ക്സ്സിൽ പോയി നോക്കിയാൽ കാണാം ദുർഗ പറഞ്ഞ കാര്യത്തിലെ വാസ്തവം.

"ഇവള് ആരാന്നാ ഇവളുടെ വിചാരം, ഇവള് പോക്ക് കേസ് ആണ്, നിന്റെ ഭർത്താവ് കഴിവില്ലാത്തവൻ ആണ്, നീയൊക്കെ ആരുടെ മുൻപിലും തുണി അഴിക്കുന്നവൾ ആണ്, നീ പടക്കമാണ്, ഭൂലോക പിഴയാണ്, അഹങ്കാരിയാണ്" എന്ന് തുടങ്ങി പല വിധത്തിൽ ആണ് അവരെ വലിയൊരു വിഭാഗം തെറി വിളിക്കുന്നത്. അതിൽ മുൻപന്തിയിൽ കുലസ്ത്രീ, കുല പുരുഷന്മാരും, അമ്മാവൻമാരും അമ്മായിമാരും മാത്രമാണ് എന്നാണ് ധാരണയെങ്കിൽ തെറ്റി ഈ പറഞ്ഞവർക്ക് ഒപ്പം തന്നെ വലിയൊരു വിഭാഗം യുവതലമുറയും ഈ പറഞ്ഞ അശ്ലീല പരാമർശങ്ങളും തെറി വിളികളുമായി കൂട്ടിനുണ്ട്.

സ്ത്രീയെന്നാൽ ശരീരം മുഴുവൻ മൂടി നടക്കേണ്ടവൾ ആണ്, പുരുഷന്റെ അടിമയാണ്, പുരുഷന് എന്തും ആവാം സ്ത്രീക്ക് പലതിനും ബോർഡർ ഉണ്ട് എന്നൊക്കെ ധരിച്ചു നടക്കുന്ന കുറേ വിവരദോഷികൾ ഇപ്പോഴും ഈ സമൂഹത്തിൽ ഉണ്ട്. സ്ത്രീധനത്തെയടക്കം പ്രോത്സാഹിപ്പിക്കുന്നതും മറ്റുമൊക്കെ ഈ ഗണത്തിൽപ്പെടുന്ന വേസ്റ്റുകൾ ആണ്.

ഒരു സ്ത്രീ അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ അപ്പൊ സദാചാരം പറഞ്ഞു വന്ന് അവരെ തെറി വിളിക്കുന്ന വിഭാഗമാണ് എല്ലാ വർഷവും ഓഗസ്റ്റ് പതിനഞ്ചിന് മറക്കാതെ സ്വാതന്ത്ര്യദിനാശംസകൾ എന്ന് വിഷ് ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. എന്താണ് സ്വാതന്ത്ര്യം എന്നുള്ളത് പോലും അറിയാത്ത അതിന്റെ അർത്ഥം പോലുമറിയാത്ത കുറേ ജന്മങ്ങൾ. ഇവിടെ പുരുഷനും സ്ത്രീക്കും രണ്ട് നിയമങ്ങൾ ഒന്നും ഇല്ല പുരുഷന് പറ്റുന്നത് സ്ത്രീക്കും പറ്റും. ഒരാൾക്ക് മാത്രമായി ഇവിടെ ഒരു സ്വാതന്ത്ര്യവും ആരും അനുവദിച്ചു കൊടുത്തിട്ടില്ല മനുഷ്യർ മാറി വരുന്ന ഈ നൂറ്റാണ്ടിലും ഇതുപോലുള്ള ആളുകൾ ഉണ്ട് എന്നത് വലിയ നിരാശയാണ്.

ആരുടെയെങ്കിലും കൂടെ ഒരു പെൺകുട്ടിയെ കണ്ടാൽ അവള് വെടിയാണ് എന്നും പറഞ്ഞ് ചാപ്പ കുത്തി നടക്കുന്ന ആരും ഒന്നിലധികം ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് നടക്കുന്ന ആണിനെ ഇത്തരം പേരിട്ട് വിളിക്കുന്നത് കണ്ടിട്ടില്ല. അതെന്താ അത് ഒരു തെറ്റ് ആണേൽ അവിടെ എങ്ങനാ പെണ്ണ് മാത്രം കുറ്റക്കാരിയാകുന്നത്..? അല്ലേൽ അവൾക്ക് മാത്രം എങ്ങനാ അത്തരം ഒരു പട്ടം ചാർത്തി നൽകുന്നത്..? മറ്റേ ആള് എങ്ങനാ വീരനും സ്ത്രീ മോശക്കാരിയുമാകുന്നത്..?

തിരിച്ച് സിനിമയിലെ അഭിനേത്രികളുടെ കാര്യത്തിലേക്ക് വന്നാൽ സോഷ്യൽ മീഡിയയിൽ അഭിനേത്രികളുടെ ഇന്റർവ്യൂകളും മറ്റും പോസ്റ്റ് ചെയ്യുന്ന പേജുകളുടെയൊക്കെ കമന്റ്‌ ബോക്ക്സ്സിൽ കയറി നോക്കണം (ഇന്റർവ്യൂ മാത്രമല്ല അവര് അവരുടെ പേജുകളിൽ പോസ്റ്റ്‌ ചെയ്യുന്ന ഫോട്ടോകൾക്ക് താഴേയും കാണാം)
ഇന്നാട്ടിലെ സകല ഞെരമ്പന്മാരുടേയും സംസ്ഥാന സമ്മേളനം കാണാം. സദാചാര ആങ്ങളമാർ മുതൽ ഭരണി പാടുന്ന ആൾക്കാരേയും മേക്കപ്പ് ഇട്ടതിന്റെ പേരിൽ കുറ്റപ്പെടുത്തുന്ന സ്ത്രീകളേയും അടക്കം വലിയൊരു വിഷം തുപ്പുന്ന കൂട്ടങ്ങളെ അവിടെ കാണാം. ഇന്റർവ്യൂ ഒക്കെ ആണേൽ അവര് പറയുന്ന കാര്യമൊന്നും ശ്രദ്ധിക്കാതെ അവള് അഹങ്കാരി ആണെന്നും പിഴ ആണെന്നും പറഞ്ഞു കൂവാൻ ഒരു വിഭാഗവും ഡ്രെസ്സിന്റെ വലുപ്പം അളക്കാൻ മറ്റൊരു വിഭാഗവും, മേക്കപ്പിനെ കുറ്റം പറയാൻ വേറൊരു വിഭാഗവും മാത്രമാണ് അവിടെ ഉണ്ടാവുക. ആ അഭിനേത്രിക്ക് പിന്തുണയോടെ ആരെങ്കിലും സംസാരിച്ചാൽ പിന്നെ ആ പറഞ്ഞ ആളുടെ നേർക്കായി വാളോങ്ങൽ. വല്ലാത്തൊരു സമൂഹം തന്നെയാണിത്.

ഈ കാലത്തും സ്ത്രീ എന്നാൽ അടിമയെന്നും അടുക്കളയിൽ ഒതുങ്ങി കൂടേണ്ടവൾ ആണെന്നുമുള്ള വൃത്തികെട്ട ചിന്തയുള്ള ആളുകൾ ആണ് കൂടുതൽ എന്നതിന്റെ തെളിവുകൾ ആണ് ഇതൊക്കെ. സൈബർ ഇടത്തിൽ പബ്ലിക് ആയി ഇതൊക്കെ വിളിച്ചു കൂവുന്നു എങ്കിൽ ഇതിലും വലിയ വിഷമായിരിക്കുമല്ലോ ഇവരുടെയൊക്കെ ഉള്ളിൽ.

സിനിമയിലേക്ക് തന്നെ വന്നാൽ അവര് ചെയ്യുന്നത് അവരുടെ തൊഴിൽ ആണെന്നും അത് അവരുടെ സ്വാതന്ത്ര്യം ആണെന്നും ഇക്കൂട്ടർക്ക് ഒക്കെ മനസ്സിലാകുന്ന സമയം വരട്ടെ എന്ന് പ്രത്യാശിക്കാം. ഈ വിഷം തുപ്പുന്നതിൽ അറിയുന്നവർ ഉണ്ടേൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം.

Durga Krishna യുടെ കാര്യത്തിൽ തുടങ്ങിയ എഴുത്ത് ആയത് കൊണ്ട് അവരിൽ തന്നെ അവസാനിപ്പിക്കാം. ഒരിക്കൽ കൂടെ പറയുന്നു ഉടൽ എന്ന ചിത്രത്തിൽ ദുർഗ്ഗയുടെ പ്രകടനം അതിഗംഭീരമാണ്. ഇത്തരമൊരു ശക്തമായ കഥാപാത്രം തിരഞ്ഞെടുത്ത് അതിഗംഭീരമാക്കിയതിന് അവർക്ക് ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അർഹിക്കുന്ന അംഗീകാരങ്ങൾ അവരെ തേടിയെത്തട്ടെ.

-വൈശാഖ്.കെ.എം
ദുർഗ്ഗ കൃഷ്ണമാരും സോഷ്യൽ മീഡിയയും ദുർഗ്ഗ കൃഷ്ണമാരും സോഷ്യൽ മീഡിയയും Reviewed by on 00:32 Rating: 5

No comments:

Powered by Blogger.