സ്വവർഗാനുരാഗം ഒരു തെറ്റല്ല

  ഒരുപാട് സന്തോഷം നൽകിയൊരു വാർത്തയാണ് താഴെ കാണുന്നത്. പ്രായപൂർത്തിയായ ഏവരും അവരുടെ ഇഷ്ടത്തിന്, താല്പര്യത്തിന് സ്വതന്ത്രമായി ജീവിക്കട്ടെ.

ഈയൊരു സന്തോഷം തരുന്ന വാർത്തക്കിടയിലും സോഷ്യൽ മീഡിയയിൽ ആ വാർത്തകൾ പുറത്ത് വിട്ട മീഡിയകളുടെ കമന്റ് ബോക്ക്സ്സ് ആണ് പേടിപ്പെടുത്തുന്നത് ഇപ്പോഴും LGBTQ വിഭാഗത്തിൽപ്പെടുന്ന ആളുകളെ എന്തോ അപൂർവ ജീവികളെപ്പോലെ കണ്ട് അവരോട് അയിത്തം കൽപ്പിച്ച് അവരെ തേജോവധം ചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. അറപ്പോടും ദേഷ്യത്തോടും കൂടെ അവരോട് പെരുമാറുന്ന, അവരുടെ ജീവിതത്തിനും അവരുടെ ഇഷ്ടങ്ങൾക്കും , സ്വാതന്ത്ര്യത്തിനുമെല്ലാം പുല്ല് വില നൽകി അവരെ മാക്സിമം ദ്രോഹിക്കുന്നവർ. ഇത് അവരുടേയും കൂടെ ലോകമാണ് അവർക്കും ഇവിടെ മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

ഇതൊക്കെ ആരോട് പറയാൻ.... പറഞ്ഞാൽ സംസ്കാരത്തേയും പൊക്കി പിടിച്ചു വരും. ആ സംസ്കാരമാണ് ഏറ്റവും കോമഡി അതിൽ ഒന്നാണ് ആർത്തവ സമയത്ത് സ്ത്രീകളെ അകറ്റി നിർത്തുന്നതും ഒറ്റപ്പെടുത്തുന്നതും ആട്ടിപ്പായിക്കുന്നതും. ഇപ്പോഴും സ്ത്രീകൾ ശാരീരികമായും മാനസികമായും ഏറ്റവും വേദനയനുഭവിക്കുന്ന സമയത്ത് അവരെ ചേർത്തു പിടിക്കേണ്ട സമയത്ത്  വലിയൊരു വിഭാഗം അവരെ ഒറ്റപ്പെടുത്തി തന്നെ കഴിയുന്നവരാണ്. ഈ പറഞ്ഞതിൽ സ്ത്രീകളും പുരുഷന്മാരും എല്ലാം പെടുന്നുണ്ട്. എല്ലാ ദിവസവും അവരിൽ നിന്നും എല്ലാ സൗകര്യങ്ങളും അനുഭവിച്ചിട്ട് ഈ സമയം വരുമ്പോൾ അവരെ കാണാനും അവരുടെ കൈയ്യിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം പോലും മേടിച്ചു കുടിക്കാനും അറക്കുന്ന ആൾക്കാർ ഒരുപാട് ഉണ്ട് പറഞ്ഞു വന്നത് ഇതൊക്കെയാണ് വീമ്പിളക്കുന്ന സംസ്‍കാരം എന്ന് പറയുന്നത്.

ഇഷ്ടമുള്ളവർ അത് ആണ് ആണിന്റെ കൂടെ ആയാലും പെണ്ണ് പെണ്ണിന്റെ കൂടെ ആയാലും അല്ലാതെ ആയാലും ജീവിക്കട്ടെ അത് അവരുടെ ഇഷ്ടമാണ് അവകാശമാണ് സ്വാതന്ത്ര്യമാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ. ഒമ്പത് എന്നും ചാന്ത് പൊട്ട് എന്നും കുണ്ടൻ എന്നും മറ്റുമൊക്കെ പേരിട്ട് വിളിച്ച് അവരെ അപമാനിക്കാതിരിക്കൂ. കഴപ്പ് ആണ് എന്നും പറഞ്ഞു പുച്ഛിച്ചു തള്ളാതെ എന്താണ് ആ അവസ്ഥ എന്ന് പഠിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കൂ. സ്വവർഗാനുരാഗം ഒരിക്കലും ഒരു അപാരതമോ തെറ്റോ അല്ല. അതിനെ വൃത്തികേടായി എന്തിന് കാണണം..? ലിംഗവ്യക്തിത്വം ഒരു തടസ്സമാകാതെ അവർക്ക് പ്രണയിക്കാൻ സാധിക്കുന്നു എങ്കിൽ അതിൽ മറ്റുള്ളവർക്ക് എന്താണ് കുഴപ്പം..? അവരുടെ ജീവിതം,അവരുടെ ഇഷ്ടം,അവരുടെ സന്തോഷം, അവരുടെ അവകാശം,അവരുടെ സ്വാതന്ത്ര്യം. പിന്തുണച്ചില്ലേലും ദ്രോഹിക്കാതിരുന്നൂടെ.... അവരും ജീവിക്കട്ടെ. നമുക്ക് ഒക്കെ ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടേൽ അവർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അവരും മനുഷ്യരാണ് ആരേയും ദ്രോഹിക്കാതെ പരസ്പരം സ്നേഹിച്ച് ജീവിക്കാൻ തീരുമാനം എടുത്തവരല്ലേ അവരെ ദ്രോഹിക്കാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടൂ.

-വൈശാഖ്.കെ.എം
സ്വവർഗാനുരാഗം ഒരു തെറ്റല്ല സ്വവർഗാനുരാഗം ഒരു തെറ്റല്ല Reviewed by on 08:36 Rating: 5

No comments:

Powered by Blogger.