Putham Pudhu Kaalai

  OTT റിലീസുകളിൽ Soorarai Pottru വരുന്നതിന് മുൻപ് മനസ്സിനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ ഏക സിനിമ. നാളുകൾക്ക് ശേഷം ഒരുപാട് ആസ്വദിച്ചു കണ്ട.... മനസ്സ് നിറച്ചൊരു ദൃശ്യാനുഭവം.

ലോക്ക് ഡൗൺ പശ്ചാത്തലവും ബന്ധങ്ങളുടെ വിലയും മാത്രം സാമ്യതയുള്ള അഞ്ച് വ്യത്യസ്ഥ കഥകൾ.

ഫ്രാൻസിസ് തോമസും, ശ്രുതി രാമചന്ദ്രനും രചിച്ച് നികേത് ബൊമ്മിയുടെ ഛായാഗ്രഹണത്തിൽ സുധ കൊനഗര സംവിധാനം നിർവ്വഹിച്ച് ജയറാമും, ഉർവ്വശിയും, കാളിദാസ് ജയറാമും, കല്ല്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിൽ എത്തിയ "ഇളമൈ ഇദോയിദോ", 

രേഷ്മ ഘട്ടലയുടെ രചനയിൽ പീ. സി ശ്രീറാം ക്യാമറ ചലിപ്പിച്ച് ഗൗതം മേനോൻ സംവിധാനം ചെയ്ത് എം. എസ്. ഭാസ്ക്കറും, ഋതു വർമ്മയും പ്രധാന വേഷങ്ങളിൽ എത്തിയ "അവരും നാനും /അവളും നാനും",

മണിരത്നവും സുഹാസിനി മണിരത്നവും രചിച്ച് എസ്. സെൽവകുമാർ ഛായാഗ്രഹണം നിർവ്വഹിച്ച് സുഹാസിനി തന്നെ സംവിധാനം ചെയ്ത്  സുഹാസിനിയും, അനു ഹാസനും, ശ്രുതി ഹാസനും, കാത്താടി രാമമൂർത്തിയും, കോമളം ചാരുഹാസനും പ്രധാന വേഷങ്ങളിൽ എത്തിയ "കോഫീ എനിവൺ..?",

ആദിത്യ. കെ. ആറും,കൃഷ്ണസ്വാമി റാംകുമാറും, രാജീവ്‌ മേനോനും ചേർന്ന് രചിച്ച് രാജീവ് മേനോൻ തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച് ആൻഡ്രിയ ജെറേമിയ,ലീല സാംസൺ, ഗുരുചരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ "റീയൂണിയൻ",

കാർത്തിക്ക് സുബ്ബരാജ് രചിച്ച് സംവിധാനം ചെയ്‌ത്, ശ്രേയസ് കൃഷ്ണ ഛായാഗ്രഹണം നിർവ്വഹിച്ച ബോബി സിംഹയും, കെ. മുത്തുകുമാറും പ്രധാന വേഷങ്ങളിൽ എത്തിയ "മിറാക്കിൾ"
തുടങ്ങിയവയാണ് അഞ്ച് ചിത്രങ്ങൾ.

ഇളമൈ ഇദോയിദോ

"സീ.... ഇന്ത ലൗവ്വ പൊരുത്തവര നമ്മ ലൗ പൻഡ്രവങ്ക പാക്ക എപ്പടി ഇരുപ്പാങ്കേ, എന്ന പണ്ട്രാങ്കെ, എന്ന വയസ്സ്, എന്ത റിലീജ്യൻ, കാസ്റ്റ്,ജെൻഡർ,മൈ%#%, എതുവും മാറ്റർല്ലെ നമ്മൾ അവങ്കെ എപ്പടി  ഫീൽ പണ്ണ്ര വെക്കരാങ്കന്താ മാറ്റർ. ഫൂളിഷ്, ഹാപ്പി ആൻഡ് മോസ്റ്റ്‌ ഇമ്പോർട്ടന്റ്ലി യങ്." ചിത്രത്തിന്റെ തുടക്കത്തിൽ നടൻ മാധവന്റെ ശബ്ദത്തിൽ കേട്ടതാണ് ഈ പറഞ്ഞത്. ഇത് തന്നെയാണ് ഇളമൈ ഇദോയിദോ. പ്രണയത്തിന് പ്രായമോ, കാലമോ തുടങ്ങിയ ഒന്നും വിഷയമല്ല എന്ന് പറയുകയാണ് ചിത്രം. സുധ കൊനഗരയുടെ വ്യത്യസ്ഥമായ മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ജയറാമും, ഉർവ്വശിയും, കാളിദാസും,കല്ല്യാണിയും എല്ലാം മനോഹരമായി തന്നെ അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. നായകനായതിന് ശേഷമുള്ള കാളിദാസിന്റെ മികച്ച പ്രകടനവും ഈ ചിത്രത്തിലാണ്.

അവരും നാനും / അവളും നാനും

അഞ്ച് ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രം.... എം. എസ്. ഭാസ്‌ക്കറിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അപ്പൂപ്പനും കൊച്ചുമകളും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്റെ മനോഹരമായ കാഴ്ച്ചയാണ് ചിത്രം. പല ബന്ധങ്ങളിലും ഉണ്ടാവുന്ന അകൽച്ച ഒരുമിച്ചിരുന്ന് ഒന്ന് മനസ്സ് തുറന്നാൽ തീരാവുന്നതേയുള്ളൂ എന്ന് മനോഹരമായി പറഞ്ഞു തരുന്നു ചിത്രം. "വാട്സ് യുവർ വാട്സ്ആപ്പ് പ്രൊഫൈൽ സ്റ്റാറ്റസ് ഡാ കണ്ണാ..? ഏ.ആർ. റഹ്മാൻ താങ്ക് യൂ വെരിമച്ച് ഫോർ ബീയിങ് ബോൺ ഇൻ മൈ ലൈഫ് ടൈം. താങ്ക് യൂ ഫോർ ദി മ്യൂസിക്ക്. ഫോർ ഇൻഡീഡ് ഫോർ ഈസ്‌ മൈ വിൽ ടു ലീവ് അത് താനേ..? മം.... അന്ത റഹ്മാനെ ഉങ്കിട്ടിരുന്ത് യരാവത് തിരുടിയിട്ടാ..? ഉങ്കിട്ടിരുന്ത്.... ഉന്നമാരി ഇരിക്കക്കൂടിയ അന്ത പയ്യനുടിയ ലക്ഷക്കണക്കാന രസികർക്കിട്ടിരുന്ത് അവനുടെ ഇസയെ തിരുടിയിട്ടാ..? അവനോടെ ഇസയിലിരുന്ത് കിടക്കക്കൂടിയ അന്ത സന്തോഷമേ എന്നന്ററേത് ഉങ്കളുക്ക് തെരിയില്ലേന" ചിത്രത്തിലെ ഏറ്റവും വൈകാരികവും ഹൃദ്യവുമായൊരു രംഗമാണിത്. മനസ്സിനെ ഏറെ സ്പർശിച്ചൊരു രംഗം. ഗൗതം മേനോന്റെ മികച്ച സംവിധാനത്തോടൊപ്പം എം.എസ്. ഭാസ്ക്കറിന്റെ ഗംഭീര പ്രകടനവും അതോടൊപ്പം മികച്ച രീതിയിൽ ഋതു വർമ്മയും കൂടെ  ചേർന്ന് നിന്നപ്പോൾ ലഭിച്ചത് മനോഹരമായൊരു ദൃശ്യാനുഭവമായിരുന്നു. മനസ്സിനെ ഒരുപാട് സ്വാധീനിച്ചൊരു ദൃശ്യാനുഭവം.

കോഫീ എനി വൺ..?

മക്കളുടെ തിരക്കിട്ട ജീവിതത്തിനിടയിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാക്കൾ. അസുഖത്തിലേക്ക് വഴുതി വീണ അമ്മയെ കാണാനും അമ്മയുടെ പിറന്നാൾ ആഘോഷിക്കാനും തിരക്കുകൾ മാറ്റി വെച്ച് വരുന്ന മക്കൾ. അവിടെ നിന്ന് മക്കൾക്ക് വലിയൊരു പാഠം പഠിപ്പിച്ചു നൽകുകയാണ് അവർ. എന്തേലുമൊക്കെ വന്ന് കിടന്നു പോയാൽ ആശുപത്രിയിൽ കൊണ്ട് ചെന്നാൽ എല്ലാമായി എന്ന് കരുതുന്നവരോട് ചികിത്സയേക്കാൾ എത്രയോ വലുതാണ് പ്രിയപ്പെട്ടവരുടെ സാമീപ്യവും സ്‌നേഹവും എന്ന് പറഞ്ഞു തരുന്നു. സുഹാസിനിയുടെ കുട്ടിയുടെ കാര്യം പറഞ്ഞ് പഠിക്കുന്ന സ്ഥലത്ത് നിന്നും ഫോൺ വന്ന് അവര് വിഷമിച്ച് നിൽക്കുമ്പോൾ അച്ഛൻ പകർന്നു നൽകുന്ന ഒരു ധൈര്യമുണ്ട് ചിത്രത്തിലെ ഏറ്റവും മികച്ച സീനുകളിൽ ഒന്ന്. കൂടുതൽ പറഞ്ഞാൽ കാണുമ്പോൾ ആ ഒരു ഫീൽ നഷ്ടപ്പെടും. ബന്ധങ്ങളുടെ വില പഠിപ്പിച്ചു തരുന്നൊരു മികച്ച കലാസൃഷ്ടി. സുഹാസിനിയുടെ സംവിധാനവും സുഹാസിനി, അനുഹാസൻ അടക്കമുള്ളവരുടെ അഭിനയവുമെല്ലാം മികച്ചു നിന്നു.

റീയൂണിയൻ

അപ്രതീക്ഷിതമായി വീട്ടിൽ എത്തിപ്പെടുന്ന സഹപാഠി സാധനയുടെ വരവും അതിന് ശേഷം ഡോക്ടർ വിക്രമിന്റേയും അമ്മ ഭൈരവിയുടേയും ജീവിതത്തിലെ കുറച്ച് മനോഹര നിമിഷങ്ങളും പറഞ്ഞു പോകുന്ന ചിത്രം. ചിത്രത്തിലും തിരക്ക് പിടിച്ച് ഓടുന്ന ജീവിതങ്ങൾക്ക് കിട്ടാക്കനിയാകുന്ന സ്‌നേഹത്തെ പറ്റി തന്നെയാണ് പറയുന്നത്. ഒപ്പം വഴിതെറ്റി പോകുന്ന യുവത്വത്തിന് ഒരു ചെറിയ ഉപദേശവും നൽകുന്നുണ്ട് ചിത്രം. രാജീവ്‌ മേനോന്റെ മികച്ച സംവിധാനവും ആൻഡ്രിയ അടക്കമുള്ളവരുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ പ്രത്യേകതയാണ്.

മിറാക്കിൾ

സിനിമയെന്ന സ്വപ്നം വഴിമുട്ടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഒരു യുവസംവിധായകന്റേയും, പെട്ടെന്ന് കുറേ കാശുണ്ടാക്കാൻ നടക്കുന്ന പാവപ്പെട്ട രണ്ട് കള്ളന്മാരുടേയും, ജീവിതത്തിൽ അത്ഭുതം സംഭവിക്കുമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചു കഴിയുന്ന ഒരു ആൾദൈവത്തിന്റേയും കഥ നർമ്മത്തിൽ പൊതിഞ്ഞു പറഞ്ഞ ചിത്രം. വലിയ തിന്മയിൽ നിന്നും ചെറിയ തിന്മ നന്മയ്ക്ക് വെട്ടം പകരാൻ നിമിത്തമാകുന്ന കഥ. കാർത്തിക്ക് സുബ്ബാരാജിന്റെ മികവുറ്റ മേക്കിങ്ങും ബോബി സിംഹയുടേയും, കെ. മുത്തുകുമാറിന്റേയും രസകരമായ പ്രകടനവും കൂടെയായപ്പോൾ കുറച്ചധികം ചിരിപ്പിച്ച ചിത്രം.

പുത്തം പുതുകാലത്തിൽ സംഭവിക്കുന്ന അഞ്ച് കഥകളെ ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഏറ്റവും വ്യത്യസ്ഥമായും മനോഹരമായും അവതരിപ്പിച്ച അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ കൈയ്യടി.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം ചിത്രങ്ങളുടെ എഡിറ്റർമാരുടേയും സംഗീത സംവിധായകരുടേതുമാണ്. സംഗത്തമിഴനും,അന്തോണിയും,ശ്രീകർ പ്രസാദും,സുരേഷും,വിവേക് ഹർഷനുമടക്കമുള്ളവർ മികച്ച രീതിയിൽ ഒരോ ചിത്രങ്ങളേയും കൂട്ടി യോജിപ്പിച്ചപ്പോൾ ജീ. വി. പ്രകാശ് കുമാറും,ഗോവിന്ദ് വസന്തയും,സതീഷ് രഘുനാഥനും, നിവാസ്.കെ. പ്രസന്നയും അടക്കമുള്ളവർ ഓരോ ചിത്രങ്ങൾക്കും ഏറെ ചേർന്ന് നിൽക്കുന്ന തരത്തിലുള്ള സംഗീതമൊരുക്കി.

ലോക്ക് ഡൗണിനെ പശ്ചാത്തലമാക്കി ബന്ധങ്ങളുടെ വിലയില്ലാതായിക്കൊണ്ടിരിക്കുന്ന ഈ പുതിയ കാലത്ത് ബന്ധങ്ങളുടെ ശക്തിയും, മേന്മയും ഓർമ്മിപ്പിച്ചു കൊണ്ട് ഒരുക്കിയ അതിമനോഹരമായ അതിലേറെ ഹൃദ്യമായ നാല് ചിത്രങ്ങളും ഒപ്പം ആക്ഷേപഹാസ്യ രൂപേണ കുറച്ചധികം ചിരിപ്പിച്ചൊരു ചിത്രവും കൂടെ ചേർന്നതാണ് പുത്തം പുതു കാലൈ . OTT പ്ലാറ്റ് ഫോമുകളിൽ റിലീസ് ആയതിൽ മനസ്സിനെ എല്ലാ അർത്ഥത്തിലും തൃപ്തിപ്പെടുത്തിയ രണ്ട് ചിത്രങ്ങളിൽ ഒന്ന്.❤️

-വൈശാഖ്.കെ.എം
Putham Pudhu Kaalai Putham Pudhu Kaalai Reviewed by on 05:15 Rating: 5

No comments:

Powered by Blogger.