വീണ്ടും ക്രിക്കറ്റിനുമപ്പുറം
(2020 IPL ഫൈനലിന് മുൻപ് എഴുതിയത് )
സച്ചിൻ ടെണ്ടുൽക്കറിലൂടെയാണ് ക്രിക്കറ്റിനെ അറിഞ്ഞു തുടങ്ങിയത് അതിനാൽ തന്നെ ആ ഗെയിമിനുമപ്പുറമാണ് ആ മനുഷ്യനോടുള്ള സ്നേഹവും ആരാധനയും. ക്രിക്കറ്റ് ഒരു മതവും ആ മനുഷ്യൻ അതിലെ ദൈവവുമാണ് എന്ന് വെറുതേ പറയുന്നതല്ല അത്രയ്ക്ക് ആഴത്തിൽ ആണ് ആ മനുഷ്യൻ ഹൃദയത്തിൽ പതിഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ പല പിള്ളേർക്കും അതൊക്കെ പറയുമ്പോഴും, കേൾക്കുമ്പോഴുമെല്ലാം പുച്ഛം ആയിരിക്കും സച്ചിൻ എന്നെപ്പോലുള്ളവർക്ക് എന്തായിരുന്നു എന്ന് ഒരുപക്ഷേ അവർക്ക് പറഞ്ഞാൽ മനസ്സിലാവണം എന്നില്ല. ബാല്യവും, കൗമാരവും, യൗവ്വനത്തിന്റെ തുടക്കവും വിസ്മയമാക്കിയിട്ടാണ് ആ മനുഷ്യൻ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയത്. അതിന് ശേഷം ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശത്തിന് ഒരു അയവ് വന്നിരുന്നു. അദ്ദേഹത്തിന്റെ വിരമിക്കലിന് ശേഷമാണ് ക്രിക്കറ്റിനേക്കാളേറെ സച്ചിനെയാണ് ഇഷ്ടപ്പെട്ടിരുന്നത് എന്ന് ബോധ്യമാവുന്നത്. അപ്പൊ പറഞ്ഞു വന്നത് ആ ആവേശം വീണ്ടും തിരിച്ചു കൊണ്ട് വന്ന ഒരാളെപ്പറ്റിയാണ് സച്ചിൻ ഉള്ള സമയത്ത് തന്നെ യുവ തലമുറയിൽ ഏറെ ഇഷ്ടം തോന്നിയ ഒരു കളിക്കാരനുണ്ടായിരുന്നു അയാളെ ആദ്യം ശ്രദ്ധിക്കുന്നത് 2007-ൽ നടന്ന പ്രഥമ ട്വന്റി ട്വന്റി വേൾഡ് കപ്പിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ അർദ്ധ ശതകം പൂർത്തിയാക്കിയപ്പോഴാണ് അതേ മാച്ചിൽ ഗംഭീര ഫീൽഡിങ്ങിലൂടെ ജസ്റ്റിൻ കെമ്പിനെ റൺ ഔട്ട് ആക്കി വീണ്ടും ആ ചെറുപ്പക്കാരൻ മനസ്സിൽ സ്ഥാനം പിടിച്ചു. പീന്നീട് ഇടയ്ക്കും തലയ്ക്കും മാത്രം അവിടേം ഇവിടേം ആ ചെറുപ്പക്കാരനെ കണ്ടു വന്നു. 2008-ൽ പ്രഥമ IPL-ൽ ഡൽഹി ഡെയർ ഡെവിൾസുമായുള്ള മാച്ചിൽ ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദിന് വേണ്ടി ബാറ്റ് ചെയ്യാനിറങ്ങിയ ഇതേ പയ്യൻ വീണ്ടും ഞെട്ടിച്ചു. പ്രധാന ബാറ്റ്സ്മാന്മാർ എല്ലാം പെട്ടെന്ന് തന്നെ കൂടാരം കയറിയപ്പോൾ വലിയ നാണക്കേടിൽ നിന്നും ടീമിനെ രക്ഷപ്പെടുത്തി ബേധപ്പെട്ട സ്‌കോറിൽ എത്തിച്ചത് ആ ചെറുപ്പക്കാരനായിരുന്നു. മഗ്രാത്ത് അടക്കമുള്ള ബൗളിംഗ് നിരയെ നേരിട്ട് ആ പയ്യൻ അടിച്ചെടുത്തത് 36 പന്തുകളിൽ 66 റൺസ് ആയിരുന്നു. പഞ്ചാബുമായിട്ടുള്ള മാച്ചിൽ വീണ്ടും അർദ്ധ സെഞ്ച്വറി 42 പന്തിൽ 76 റൺസ് എടുത്ത് പുറത്താകാതെ നിന്നു.അടുത്ത മാച്ചിൽ ബാംഗ്ലൂരിനെതിരെ വീണ്ടും അർദ്ധ സെഞ്ച്വറി. പഞ്ചാബിനെതിരെയുള്ള രണ്ടാമത്തെ മാച്ചിലും ആ പയ്യൻ അർദ്ധ സെഞ്ച്വറി നേടി. 30ന് മുകളിൽ സ്കോർ ചെയ്‌ത മാച്ചുകൾ വേറേയും. ആദം ഗിൾക്രിസ്റ്റിന് പിന്നിലായി ഡെക്കാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടിയതിൽ രണ്ടാം സ്ഥാനവും ഈ പയ്യന് ആയിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തവരിൽ പതിനൊന്നാം സ്ഥാനവും. ടീമിലെ ബാക്കിയുള്ളവരുടെ ദയനീയ പ്രകടനം കാരണം പോയിന്റ് ടേബിളിൽ അവസാന സ്ഥാനമായിരുന്നു ആ സീസണിൽ ഡെക്കാന്.
2009-ൽ സൗത്ത് ആഫ്രിക്കയിൽ വെച്ച് നടന്ന IPL രണ്ടാം സീസൺ.... കൊൽക്കത്തയുമായിട്ടായിരുന്നു ഡെക്കാന്റെ ആദ്യ മാച്ച് അതിൽ 36 റൺസ് എടുത്ത് കക്ഷി പുറത്താകാതെ നിന്നു. ടീമിന് സീസണിലെ ആദ്യ ജയവും സമ്മാനിച്ചു. ബാംഗ്ലൂർ ആയിട്ടുള്ള രണ്ടാമത്തെ മാച്ചിൽ അർദ്ധ ശതകം, ചെന്നൈ ആയിട്ടുള്ള മാച്ചിൽ റൈനയെ പുറത്താക്കി കൊണ്ട് IPL-ൽ ആദ്യ വിക്കറ്റ് സ്വന്തമാക്കി. മുംബൈ ആയിട്ടുള്ള കളിയിൽ 38 റൺസും എടുത്തു ബൗളിങ്ങിലേക്ക് വന്നപ്പോൾ രണ്ട് ഓവറിൽ ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക്ക് അടക്കം നാല് വിക്കറ്റും സ്വന്തമാക്കി. പഞ്ചാബ് ആയിട്ടുള്ള കളിയിലും രണ്ട് വിക്കറ്റ്, രാജസ്ഥാൻ ആയിട്ടുള്ള മാച്ചിൽ 3 വിക്കറ്റ്, കൊൽക്കത്തയായിട്ടുള്ള മാച്ചിൽ 13 പന്തിൽ 32 റൺസും കൂടാതെ ഒരു വിക്കറ്റും, പഞ്ചാബ് ആയിട്ടുള്ള രണ്ടാമത്തെ മാച്ചിൽ 42 റൺസ്. ആ വർഷം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ പത്താം സ്ഥാനത്തായിരുന്നു കക്ഷി ഒപ്പം 11 വിക്കറ്റുകളും ആ സീസണിൽ കപ്പ് അടിച്ചതും ആ ചെറുപ്പക്കാരന്റെ ടീം ആയിരുന്നു ഡെക്കാൻ ചാർജേഴ്സ്. പിന്നീട് അയാൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2010-ൽ IPL -ൽ ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്ത്. 2011-ൽ മുംബൈ ഇന്ത്യൻസിൽ എത്തിയ കക്ഷി ആ വർഷവും തന്റെ ബാറ്റിംഗ് മികവ് കൊണ്ട് മുംബൈയുടെ നെടുംതൂണുകളിൽ ഒരാളായി. 2012-ൽ കൊൽക്കത്തയ്ക്ക് എതിരെ IPL-ലെ തന്റെ ആദ്യ സെഞ്ച്വറിയും കരസ്ഥമാക്കി മുംബൈക്ക് വേണ്ടി ആ വർഷം ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി ഒപ്പം മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്ഥനും. 2013-ൽ സീസൺ പകുതി വെച്ച് കക്ഷിക്ക് ക്യാപ്റ്റൻ സ്ഥാനം നൽകി റിക്കി പോണ്ടിങ്ങ് മാറി നിന്നു. ആ വർഷം മുംബൈ ഇന്ത്യൻസ് തങ്ങളുടെ ആദ്യത്തെ IPL കിരീടമുയർത്തി. ഏറ്റവും കൂടുതൽ റൺസ് എടുത്തവരിൽ ആറാം സ്ഥാനത്ത് ആയിരുന്നു ആ വർഷം നമ്മുടെ നായകൻ. ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിച്ചു കൊണ്ട് ആദ്യത്തെ IPL കിരീടം ടീമിന് നേടിക്കൊടുത്തു. അവിടന്ന് ഇങ്ങോട്ട് ക്യാപ്റ്റൻ ആയ ആറ് വർഷത്തിൽ മുംബൈ ഇന്ത്യൻസിന് നാല് IPL കിരീടങ്ങൾ. ഏറ്റവും മികച്ച IPL ക്യാപ്റ്റൻ എന്ന് സകലരും വാഴ്ത്തുന്ന രീതിയിൽ ആയി പിന്നീട് കാര്യങ്ങൾ.
IPL വിട്ട് ഇന്ത്യയ്ക്ക് വേണ്ടി അയാളുടെ പ്രകടനങ്ങളിലേക്ക് വന്നാൽ....
2007 ജൂൺ 23ന് അയർലൻഡിന് എതിരെയാണ് കക്ഷി ആദ്യമായി ഇന്ത്യൻ ക്യാപ്പ് അണിയുന്നത്. 2007 സെപ്റ്റംബർ 19ന് ഇംഗ്ലണ്ടിനെതിരെ ആദ്യത്തെ ട്വന്റി ട്വന്റി മാച്ചിലും 2013 നവംബർ 6ന് വെസ്റ്റ്ഇൻഡീസിനെതിരെ ആദ്യത്തെ ടെസ്റ്റ് മാച്ചിലും അരങ്ങേറ്റം കുറിച്ചു കക്ഷി. ഏകദിനത്തിൽ 224 മാച്ചുകളിൽ 217 ഇന്നിങ്സുകളിൽ നിന്നായി ഇതുവരെ 9115 റൺസ് ആണ് അദ്ദേഹം നേടിയിട്ടുള്ളത്. അതിൽ 29 സെഞ്ച്വറികളും 43 ഫിഫ്റ്റികളും ഉൾപ്പെടുന്നു. 108 ട്വന്റി ട്വന്റി മാച്ചുകളിൽ 100 ഇന്നിങ്സുകളിൽ നിന്നായി 4 സെഞ്ച്വറികളും 23 ഫിഫ്റ്റികളും അടക്കം 2773 റൺസ് ഉയർന്ന സ്കോർ 118. ടെസ്റ്റിൽ 32 മാച്ചുകളിൽ 53 ഇന്നിങ്സുകളിൽ 6 സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളും അടക്കം നേടിയത് 2143 റൺസ്.
ഏകദിനത്തിലേക്ക് വന്നാൽ 3 ഡബിൾ സെഞ്ച്വറികൾ ഉള്ള ലോകത്തിലെ ഏക താരമാണ് നമ്മുടെ ഹീറോ. ശ്രീലങ്കയ്ക്ക് എതിരെ നേടിയ 264 റൺസാണ് ഉയർന്ന സ്കോർ. പുരുഷന്മാരുടെ ക്രിക്കറ്റിൽ ഏകദിനത്തിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറും ഇതാണ്.
കരിയറിൽ അയാള് ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ളത് അയാളുടെ അലസതയുടെ പേരിലാണ് കൺസിസ്റ്റൻസിയില്ല നീലക്കുറിഞ്ഞി പൂക്കുന്നത് പോലെയാണ് അയാൾ സ്കോർ ചെയ്യുന്നത് തുടങ്ങി ഒരുപാട് വിമർശനങ്ങൾ അയാൾ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നു. ആദ്യമൊക്കെ അത് കുറേയൊക്കെ ശരിയും ആയിരുന്നു പക്ഷേ അപ്പോഴൊക്കെ അയാൾ അയാളുടെ ബാറ്റുകൊണ്ട് നല്ല രീതിയിൽ മറുപടി പറഞ്ഞിട്ടുമുണ്ട്. ഏറ്റവും പുതിയ ഉദാഹരണം തന്നെ എടുക്കാം.... 2019 IPL -ൽ അയാൾ നായകനായ മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാർ ആയെങ്കിലും അയാളുടെ ഫോം ഇല്ലായ്മയുടെ പേരിൽ അയാൾ എന്ന ബാറ്റ്സ്മാൻ ഒരുപാട് പഴികേട്ടു. എപ്പോഴത്തേയും പോലെ വിമർശകരുടെ വാ അടപ്പിക്കാൻ അയാൾക്ക് അധികം സമയമൊന്നും വേണ്ടി വന്നില്ല.... IPL -ന് ശേഷം നടന്ന ഏകദിന ലോകകപ്പിൽ എണ്ണം പറഞ്ഞ 5 സെഞ്ച്വറികളുമായാണ് അയാൾ വിമർശകരുടെ വാ അടപ്പിച്ചത്. 648 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററുമായി.
കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോഴാണ് കൊറോണ കാരണം വലിയൊരു ഗ്യാപ്പ് വരുന്നത്. ഈയിടെ ആരംഭിച്ച IPL-ൽ ഒന്ന് രണ്ട് മത്സരങ്ങൾ ഒഴിച്ച് അയാൾക്ക് ബാറ്റിങ്ങിൽ തിളങ്ങാനായില്ല. പരിക്ക് കാരണം ഒന്ന് രണ്ട് മത്സരങ്ങളായി അയാൾ റസ്റ്റിലുമാണ്. ഇപ്പൊ വിമർശകരുടെ പുതിയ പ്രശ്നം അയാളുടെ തടിയാണ്.... അതിന്റെ പേരിലാണ് ഇപ്പൊ കളിയാക്കൽ അത് ഏറ്റവും മോശം അവസ്ഥയായ ബോഡി ഷെയ്മിങ്ങിൽ വരെ എത്തി നിൽക്കുന്നു. ഒന്ന് ആലോചിച്ചു നോക്കിയാൽ അറിയാം അയാളുടെ കരിയറിന്റെ തുടക്കം മുതൽ അയാളുടെ ശരീരപ്രകൃതി ഇങ്ങനെ തന്നെയാണ് മറ്റുള്ളവരെപോലെ അയാൾ തന്റെ ശരീരം കൊണ്ട് നടക്കാറില്ല.... പലപ്പോഴും പലരും പറഞ്ഞിട്ടുണ്ട് അയാളുടെ ശരീരം ഒരു ക്രിക്കറ്റ് കളിക്കാരന് ചേർന്നത് അല്ല എന്നൊക്കെ പക്ഷേ ആ ശരീരം വെച്ചാണ് അയാൾ ഈ നിലയിൽ എത്തിയത് എന്ന് പലരും മറക്കുന്നു. മികച്ച ബാറ്റ്സ്മാന്മാൻ മാത്രമല്ല മികച്ച ഫീൽഡർ കൂടെയാണ് അദ്ദേഹം. യോയോ ടെസ്റ്റ് എന്ന ഫിറ്റ്നസ്സ് ടെസ്റ്റ് ഇന്ത്യൻ ടീമിലേക്ക് കടന്നു വന്ന സമയത്ത് എല്ലാവരും പറഞ്ഞു ഇവൻ എന്തായാലും ടീമിൽ കയറില്ല അവൻ അതിൽ പാസ്സ് ആവില്ല എന്ന് പക്ഷേ അതിൽ ഏറ്റവും മികച്ച രീതിയിൽ പാസ്സ് ആയി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അയാൾ ആയിരുന്നു. ശരിയാണ് കുറച്ച് കാലം വെറുതേ ഇരുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ അയാൾക്ക് ഉണ്ട് ഇല്ലെന്ന് പറയുന്നില്ല അതൊക്കെ മാറി അയാൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരിക തന്നെ ചെയ്യും. അത് പല തവണ അയാള് തെളിയിച്ചതുമാണ് കാരണം അയാളുടെ പേര് രോഹിത് ശർമ്മ എന്നാണ് രോഹിത് ഗുരുനാഥ് ശർമ്മ. വിരോധികൾ നീലക്കുറിഞ്ഞി എന്നൊക്കെ വിളിച്ചു കളിയാക്കുമ്പോഴും ക്രിക്കറ്റ് ലോകം അയാൾക്ക് ചാർത്തി നൽകിയൊരു പേരുണ്ട് "ഹിറ്റ്മാൻ" അതെ അയാള് തിരിച്ചു വരും പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചു വരും.
അയാളിളെ ക്യാപ്റ്റന്റെ മേന്മ പറയുമ്പോൾ പലർക്കും പുച്ഛമാണ് ഇന്ത്യൻ ടീമിൽ ആണേലും IPL -ൽ ആണേലും ഒരു ക്യാപ്റ്റൻ എന്ന നിലയ്ക്ക് അയാളുടെ റെക്കോർഡുകൾ കഥ പറയുമെങ്കിലും അതൊന്നും ആർക്കും കാണേണ്ട. IPL-ലേക്ക് വന്നാൽ രോഹിത് ക്യാപ്റ്റൻ ആയതിന് ശേഷമാണ് മുംബൈ നാല് തവണ ജേതാക്കളായത്.... അയാളിലെ ക്യാപ്റ്റൻന്റെ മികവ് ഇതിഹാസങ്ങളും ക്രിക്കറ്റ് വിദഗ്ധരും അടക്കം എടുത്ത് പറയുമ്പോഴും വിമർശകരുടെ പല്ലവി അയാള് മികച്ച ടീം ഉണ്ടായത് കൊണ്ടാണ് മാച്ചുകൾ ജയിക്കുന്നത് എന്നാണ്. 2013-ൽ തോൽവികളിൽ ആടിയുലഞ്ഞ ടീമിലെ ക്യാപ്റ്റൻ സ്ഥാനം പോണ്ടിങ് രോഹിത്തിന് കൈ മാറുമ്പോൾ ആ ടീമിൽ എടുത്ത് പറയത്തക്ക ആരായിരുന്നു ഉണ്ടായിരുന്നത് സച്ചിനും, ഹർഭജനും, പൊള്ളാർഡും, മലിംഗയും അല്ലാതെ..? 2015ലും വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.... ഫോമിൽ അല്ലാത്ത കോറി ആൻഡേഴ്സൻ ഒക്കെ ഉണ്ടായിരുന്നു. 2017ൽ ബട്ട്ലർ വന്നു പിന്നെ മുംബൈ വളർത്തിയെടുത്ത ബുമ്രയും പാണ്ഡ്യയും നല്ല രീതിയിൽ എത്തിയിരുന്നു. 2019-ൽ ബട്ട്ലറിന് പകരം ഡീകോക്ക് വന്നു അത്ര തന്നെ. ഇതിലും എത്രയോ മികച്ച താരങ്ങളുള്ള ടീമുകൾ ടൂർണമെന്റിൽ ഉണ്ടായിരുന്നു അവരൊക്കെ എന്തുകൊണ്ട് താഴെ പോകുന്നു..? സ്റ്റൈൽ എന്ന സിനിമയിൽ ഒരു കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് "ആയുധത്തിന്റെ മൂർച്ഛയിൽ അല്ല അത് ഉപയോഗിക്കുന്ന രീതിയിലാണ് കാര്യം" ഇത് തന്നെയാണ് സംഭവം. തന്റെ പക്കലുള്ള കളിക്കാരെ എങ്ങനെ ഉപയോഗിക്കണം എന്ന് രോഹിത്തിന് നന്നായി അറിയാം. 2019 IPL ഫൈനലിലെ അവസാന ഓവർ തന്നെ ഉദാഹരണമായി എടുത്താൽ അതുവരെ ഭയങ്കര എക്സ്പൻസീവ് ആയി ബൗൾ ചെയ്തിരുന്ന മലിംഗയ്ക്ക് അദ്ദേഹം അവസാന ഓവർ കൊടുത്തത് തന്നെ എടുത്ത് നോക്കൂ. ആരെ എങ്ങനെ എപ്പോ എവിടെ ഉപയോഗിക്കണം എന്ന് അയാൾക്ക് നന്നായി അറിയാം. ഫീൽഡിൽ ശാന്തനായ ഒരു ക്യാപ്റ്റനാണ് രോഹിത്, അയാളുടെ സാന്നിധ്യം ടീമിന് വലിയ എനർജിയാണ് കൊടുക്കുന്നത്. തന്റെ ടീം മേറ്റ്സിന് കൊടുക്കുന്ന പ്രോത്സാഹനം തന്നെയാണ് പ്രധാന കാരണം. എതിരാളിയുടെ പ്രകടനത്തെ പറ്റിയും അയാൾക്ക് വ്യക്തമായ ധാരണയുണ്ട്... പെട്ടെന്ന് ഉചിതമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് നന്നായുണ്ട്. ഇതൊന്നും മറ്റുള്ളവർക്ക് ഇല്ലെന്നല്ല അവരേക്കാൾ നന്നായി രോഹിത്തിനുണ്ട്. ഏറ്റവും കുറഞ്ഞ ടോട്ടലുകൾ പോലും ഡിഫൻഡ് ചെയ്ത് ടീമിനെ അയാൾ എത്രയോ തവണ അയാളുടെ ക്യാപ്റ്റൻസിയുടെ പവറിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.... ഈ സീസണിൽ രോഹിത് പരിക്ക് മൂലം പുറത്ത് ഇരുന്ന മാച്ചിൽ ചെന്നൈ ആയിട്ട് മുംബൈ ജയിച്ചപ്പോൾ ആര് ക്യാപ്റ്റൻ ആയാലും മുംബൈ ജയിക്കും എന്ന് മനസ്സിലായില്ലേ എന്നൊക്കെ പറഞ്ഞവരുടെ വാ തൊട്ടടുത്ത മാച്ചിൽ അടഞ്ഞു, വലിയൊരു സ്കോർ ഉണ്ടായിട്ടും മുംബൈ തോറ്റപ്പോൾ അവര് തന്നെ പറഞ്ഞു രോഹിത് ക്യാപ്റ്റൻ ആയിരുന്നേൽ ഇങ്ങനെ വരില്ലായിരുന്നു എന്ന്.... ആ കളിയിലെ ഫീൽഡ് പ്ലേസ്മെന്റ് ഒക്കെ കണ്ടവർക്ക് അറിയാം കാര്യം. ഇനി ഇന്ത്യൻ ടീമിലേക്ക് വന്നാൽ അയാൾ ക്യാപ്റ്റൻ ആയി പോകുന്ന സമയത്ത് അയാൾക്ക് കിട്ടിയിരുന്ന ടീം നോക്കണം ആ ടീം വെച്ചാണ് അയാൾ ഓരോ സീരീസും ഇന്ത്യയെ വിജയത്തിൽ എത്തിച്ചിരുന്നത്. ഇതിഹാസങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഒക്കെ പറയുന്നത് പോലെ അയാൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പലരേക്കാളും മികച്ചൊരു ക്യാപ്റ്റൻ തന്നെയാണ് അതിപ്പോ ആരൊക്കെ അംഗീകരിച്ചില്ലേലും.
ഇനി ആദ്യം പറഞ്ഞ സച്ചിൻ കാര്യത്തിലേക്ക് വരാം ക്രിക്കറ്റ് ഒരു അഡിക്ക്ഷൻ ആയി മാറാൻ കാരണം അദ്ദേഹമാണെന്ന് നേരത്തെ പറഞ്ഞല്ലോ അദ്ദേഹത്തിന്റെ വിരമിക്കലിന് ശേഷം ക്രിക്കറ്റിനോടുള്ള ആവേശം കുറഞ്ഞിരുന്നു പക്ഷേ അതിന് ശേഷം ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നത് യുവനിരയിലെ പ്രിയപ്പെട്ട രോഹിത്തിനേയും, കോഹ്‌ലിയേയും, റൈനയേയും ഒക്കെ കണ്ടിട്ടായിരുന്നു. ഇവരിൽ ഏറെ പ്രിയം രോഹിത്തിനോട് തന്നെ ആയിരുന്നു അത് അയാൾ മുംബൈ ഇന്ത്യൻസ് താരം ആയത് കൊണ്ടൊന്നും അല്ല അതിന് എത്രയോ മുൻപ് മനസ്സിൽ കയറിക്കൂടിയതാണ് രോഹിത്. മുംബൈ ഫാൻസ് ആണ് രോഹിത് ഫാൻസ് സച്ചിൻ ഫാൻസ് ആണ് രോഹിത് ഫാൻസ് സ്വന്തമായി ആരാധകർ ഇല്ല എന്നൊക്കെ പലരും പലപ്പോഴും പറയുന്നതാണ് അത് എന്ത് ലോജിക്ക് ആണെന്ന് മനസ്സിലാവുന്നില്ല. അയാള് ആരാധകരെ ഉണ്ടാക്കിയെടുത്തത് അയാളുടെ കഴിവ് കൊണ്ട് തന്നെയാണ്. പിന്നെ ഇപ്പോഴത്തെ കോഹ്‌ലി ഫാൻസിലും ധോണി ഫാൻസിലും എല്ലാം സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, യുവി, സെവാഗ്, ഗംഭീർ ആരാധകർ ഒരുപാട് ഉണ്ട്. അല്ലാതെ ഒറ്റ രാത്രി കൊണ്ട് അവർക്ക് മാത്രമായി ഉണ്ടായ ആരാധകർ അല്ല അവരൊന്നും (പിന്നെ ഇവരുടെയൊക്കെ വരവിന് ശേഷം ക്രിക്കറ്റ് കണ്ട് തുടങ്ങിയവരുണ്ടാവും അവർക്ക് ഈ പറഞ്ഞവർ ഒക്കെ തന്നെയാവും ഫസ്റ്റ് ഹീറോ) അത്പോലെ തന്നെയാണ് രോഹിത്തിനും. ക്രിക്കറ്റിനെ ഇഷ്ടപ്പടുന്നവർക്ക് പലർക്കും ഒരു ഐക്കൺ മനസ്സിൽ ഉണ്ടാവും അവരുടെ വിരമിക്കലിന് ശേഷം മറ്റൊരാളുടെ ശൈലിയോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം അതിന് മറ്റു മാനങ്ങൾ നൽകി ഓരോന്ന് പറഞ്ഞു കൂട്ടുന്നത് ഒക്കെ എന്ത് അർത്ഥത്തിൽ ആണെന്ന് അറിയില്ല.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡ് അനൗൺസ് ചെയ്തപ്പോൾ രോഹിത്തിന്റെ പേര് കാണാഞ്ഞപ്പോൾ ഉണ്ടായ ഒരു അസ്വസ്ഥത എത്രയാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ഒപ്പം മാധ്യമങ്ങളിൽ അയാൾ ശേഷിക്കുന്ന IPL മത്സരങ്ങളിൽ നിന്നും പിന്മാറി എന്നൂടെ കേട്ടപ്പോൾ മൊത്തം മൂഡ് പോയി. നല്ലൊരു ദിവസം ഈയൊരൊറ്റ വാർത്ത കാരണം ഏറ്റവും മോശം ദിവസങ്ങളിൽ ഒന്നായി എന്ന് സാരം. ഈ വാർത്തകൾക്ക് ശേഷം ഉണ്ടായ മനപ്രയാസവും സങ്കടവും പറഞ്ഞറിയിക്കാൻ പറ്റില്ല ആ നിമിഷമാണ് രോഹിത് എത്രത്തോളം ആഴത്തിൽ മനസ്സിൽ പതിഞ്ഞിട്ടുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കുന്നത്. സച്ചിന് ശേഷം ക്രിക്കറ്റിനോട് ഇല്ലാതായ ആവേശം വീണ്ടും കൊണ്ട് വന്നത് ഈ ചെറുപ്പക്കാരനാണ് അയാളുടെ കളി കാണാൻ ഭയങ്കര ഇഷ്ടമാണ് വല്ലാത്ത സൗന്ദര്യമാണ് ഓരോ ഷോട്ടുകൾക്കും.... അങ്ങറ്റം ടാലന്റഡ് ആയ ഒരു കളിക്കാരൻ.... പക്ഷേ അയാൾ ഇത്രത്തോളം മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത് അത് അല്ലേലും അങ്ങനെ ആണല്ലോ സച്ചിൻ വിരമിക്കുന്ന സമയത്ത് ആണല്ലോ അദ്ദേഹം നമുക്ക് ആരായിരുന്നു എന്നുള്ളത് മനസ്സിലാകുന്നത്. ക്രിക്കറ്റിനേക്കാളേറെ സച്ചിനെ ആരാധിച്ചത് പോലെ ദേ ഇപ്പൊ അങ്ങനൊരു ഇഷ്ടം രോഹിത്തിനോടും ഉണ്ടെന്ന് മനസ്സിലാക്കിയിരിക്കുന്നു. ക്രിക്കറ്റ് വീണ്ടും ഒരു അഡിക്ഷൻ ആയി മാറിയിരിക്കുന്നു. ഈ ജനറേഷനിലെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റർ എന്നതിനപ്പുറം ഒരു ഇഷ്ടമുണ്ട് രോഹിത്തിനോട്, ഒന്നൂടെ വ്യക്തമാക്കിയാൽ അടങ്ങാത്ത ആവേശവും ആരാധനയുമാണെന്ന് സാരം. രോഹിത് ഫാൻ എന്നതിനപ്പുറം രോഹിത് ഭക്തൻ എന്നതിലേക്കുള്ള മാറ്റം. എത്രയൊക്കെ അല്ലെന്ന് പറഞ്ഞാലും ക്രിക്കറ്റ് ആണ് വലുത് അതിന് ശേഷമേ താരങ്ങൾ ഉള്ളൂ എന്ന് പറയുന്നവരുടെ മനസ്സിൽ പോലും ഒരാളോട് അതിലേറെ ആരാധന കാണും എന്നത് സത്യമാണ്.
ഇങ്ങനൊക്കെ ആണേലും എത്രയൊക്കെ ഇഷ്ടപ്പെടുന്ന ആള് ആണേലും മോശം പ്രകടനം ആണേൽ അത് ന്യായീകരിക്കാൻ നിൽക്കാറില്ല എവിടേം തുറന്ന് പറയാറുണ്ട് അത് ക്രിക്കറ്റിന്റെ കാര്യത്തിൽ അല്ല എന്തിന്റെ കാര്യത്തിൽ ആയാലും അങ്ങനാണ്. അത് പണ്ടും അതെ ഇപ്പോഴും അതെ.
അദ്ദേഹം തിരിച്ചു വരും പരിക്ക് ഒക്കെ ബേധമായി വിമർശകരുടെ വാ അടപ്പിക്കുന്ന പ്രകടനവുമായി പതിന്മടങ്ങ് ശക്തിയോടെ അയാൾ തിരിച്ചു വരും. ഒരിക്കൽ കൂടെ പറയുന്നു അയാളുടെ പേര് രോഹിത് ശർമ്മ എന്നാണ് രോഹിത് ഗുരുനാഥ് ശർമ്മ.
Rohit Sharma ❤️😘
-വൈശാഖ്.കെ.എം
വീണ്ടും ക്രിക്കറ്റിനുമപ്പുറം
Reviewed by
on
05:22
Rating:

No comments: