ഗംഭീരമായി പഴയ പ്രതാപത്തോടെ തിരിച്ചു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന നാല് സംവിധായകർ.
1.ഷാജി കൈലാസ് - മാസ്സ് സിനിമകൾ എന്നാൽ ഷാജി കൈലാസ് എന്നൊരർത്ഥം കൂടെയുണ്ടായിരുന്നു ഒരു കാലത്ത്. ഏകലവ്യനും, മാഫിയയും, കമ്മീഷണറും, കിംഗും, എഫ്.ഐ. ആറും, ടൈഗറും പോലുള്ള ഫയർ ബ്രാൻഡ് സിനിമകളും.... മാസ്സ് സിനിമയ്ക്ക് മറ്റൊരു മാനം തന്നെ നൽകിയ നരസിംഹവും പിന്നെ ആറാം തമ്പുരാനും, വല്യേട്ടനും, നാട്ടുരാജാവും ചിന്താമണി കൊലക്കേസും തുടങ്ങിയ ചിത്രങ്ങളും മലയാളികൾ ആഘോഷമാക്കിയിട്ടുണ്ടേൽ.... അതെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടേൽ അത് ഈ ചിത്രങ്ങളിൽ അഭിനയിച്ചവരുടെ മികവ് കൊണ്ടോ എഴുതിയവരുടെ കഴിവ് കൊണ്ടോ മാത്രമല്ലല്ലോ.... ആ ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ച.... അതിന് നേതൃത്വം നൽകിയ.... അതിന്റെ അമരക്കാരനായ സംവിധായകന്റെ കഴിവും കൂടെ ചേരുന്നത് കൊണ്ടാണല്ലോ. എത്ര നല്ല സ്ക്രിപ്റ്റ് ആയാലും സംവിധാനം മോശമായാൽ തീർന്നില്ലേ അതിന്റെ കാര്യം. ശരാശരി സ്ക്രിപ്പ്റ്റുകളെപ്പോലും സംവിധാന മികവ് കൊണ്ട് ഉയർത്തിയ ഒരു കാലമുണ്ടായിരുന്നു ഷാജി കൈലാസ് എന്ന സംവിധായകന്. ഷാജി കൈലാസ് മുദ്ര പതിഞ്ഞ ഷോട്ടുകൾക്ക് പോലും അനവധി ആരാധകരുണ്ട്. വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന നായകനെ കണ്ടും മീശ തട്ടി ഒതുക്കുന്നത് കണ്ടുമൊക്കെ മലയാളി പരിസരം മറന്ന് ആഘോഷിച്ചിട്ടുണ്ടേൽ അതിലൊക്കെ ഷാജി കൈലാസിന്റെ സംവിധാന മികവ് അത്രത്തോളം ഉണ്ടായിരുന്നു. അവസാനമായി കുറച്ചെങ്കിലും ഷാജി കൈലാസ് മാജിക്ക് കണ്ടത് ബാബ കല്ല്യാണിയിൽ ആയിരുന്നിരിക്കണം. രഞ്ജിത്ത്, രഞ്ജിപണിക്കർ തുടങ്ങിയവർ സ്വന്തമായി സിനിമയെടുക്കാനും മറ്റും തുടങ്ങിയതും ഒരുപക്ഷേ ഒരു കാരണമായിരുന്നിരിക്കണം. അതിന് ശേഷം തിയ്യേറ്ററുകളിൽ മൂക്കും കുത്തി വീണ പല സിനിമകളും അദ്ദേഹത്തിന്റേതല്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ശരാശരി തിരക്കഥകളെപ്പോലും ഉയർത്തിയെടുക്കുന്ന ഷാജി കൈലാസ് ബ്രില്ല്യൻസ് പിന്നെ കാണാനായില്ല. ഒരു ഗംഭീര തിരിച്ചു വരവ് നടത്തണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇദ്ദേഹത്തിന്റെ കാര്യത്തിലാണ്. അത് രഞ്ജി പണിക്കരുടെ രചനയിൽ ഒരു ഫയർ ബ്രാൻഡ് സുരേഷ് ഗോപി ചിത്രം ആവണമെന്നായിരുന്നു ആഗ്രഹം... പക്ഷേ വരുന്നത് പൃഥ്വിരാജിന്റെ കടുവയുമായിട്ടാണ്. അദ്ദേഹത്തിന്റെ ഒരു മികച്ച സിനിമയും ഗംഭീര തിരിച്ചു വരവുമായി മാറട്ടെ കടുവ. ഒരു മികച്ച തിരക്കഥ കൈയ്യിൽ വന്നാൽ ഇന്നും ഷാജി കൈലാസ് ഞെട്ടിക്കും എന്ന് തന്നെയാണ് വിശ്വാസം. ഇദ്ദേഹത്തിന്റെ കാര്യത്തിൽ ലൈഫിലെ മറ്റ് പല പ്രശ്നങ്ങളും പിന്നെ വിശ്വസിച്ച കൂട്ടുകാരനായ എഴുത്തുകാരനും സംവിധായകനും അഭിനേതാവും നിർമ്മാതാവുമൊക്കെയായ ആള് കൊടുത്ത പണിയുമെല്ലാം ഇതിനൊക്കെ കാരണമായി എന്ന് കേട്ടിട്ടുണ്ട് എന്തായാലും വിജയശ്രീ ലാളിതനായി എല്ലാത്തിൽ നിന്നും പുറത്ത് വരും എന്ന് ശക്തമായി വിശ്വസിക്കുന്നു.
2.രഞ്ജിത്ത് - രഞ്ജിത്ത് എന്ന സംവിധായകനേക്കാൾ ഇഷ്ടമാണ് രഞ്ജിത്ത് എന്ന എഴുത്തുകാരനെ. തമ്പുരാൻ കഥാപാത്രങ്ങളേയും കരുത്തുറ്റ അനവധി കഥാപാത്രങ്ങളേയും.... നാവിൽ നിന്നും വിട്ടുമാറാത്ത മാസ്സും ക്ലാസ്സുമായ ഒരുപാട് ഡയലോഗുകളുമൊക്കെ സമ്മാനിച്ച മനുഷ്യൻ. എന്തോ വല്ലാത്തൊരു ശക്തിയാണ് അദ്ദേഹത്തിന്റെ സംഭാഷണങ്ങൾക്ക്. നീ പോ മോനെ ദിനേശാ എന്ന ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത മലയാളികൾ വിരളമായിരിക്കും.... ചന്ദ്രോത്സവത്തിലെ ഒരാളെപ്പോലെ ഒരാൾ മാത്രേ കാണൂ എന്നതും സ്പിരിറ്റിലെ കഴിഞ്ഞ കാലത്തെ കല്പക തുണ്ടുകളും എല്ലാം മലയാളി അത്രമേൽ ഹൃദയത്തോട് ചേർത്ത സംഭാഷണങ്ങളാണ്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട മംഗലശ്ശേരി നീലകണ്ഠനെ സൃഷ്ടിച്ച മനുഷ്യൻ.... ഏത് കാലത്തും ആവേശമായ പൂവള്ളി ഇന്ദുചൂഢനും, കണിമംഗലം ജഗന്നാഥനും, അറക്കൽ മാധവനുണ്ണിയും, ഉസ്താദ് പരമേശ്വരനും, മംഗലശ്ശേരി കാർത്തികേയനും, കാരക്കാമുറി ഷണ്മുഖനും പിറന്ന ആ തൂലികയിൽ നിന്ന് തന്നെയാണ് ബത്ലഹേമിലെ ഡെന്നീസും, നിരഞ്ജനും, രവിയും, ആമിയും കൃഷ്ണ ഗുഡിയിലെ മീനാക്ഷിയും നന്ദനത്തിലെ ബാലാമണിയും, കൈയ്യൊപ്പിലെ ബാലചന്ദ്രനും, ചന്ദ്രോത്സവത്തിലെ ചിറക്കൽ ശ്രീഹരിയും, പ്രാഞ്ചിയേട്ടനും, പെരുവണ്ണാപുരത്തുകാരും, ഇന്ത്യൻ റുപ്പിയിലെ ജയപ്രകാശും, സ്പിരിറ്റിലെ രഘു നന്ദനനും എല്ലാം പിറന്നത്. യാതൊരു ലിമിറ്റേഷനും ഇല്ലാത്ത ഒരു പേനയായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ ഇപ്പൊ അദ്ദേഹം ചെയ്യുന്ന സിനിമകൾ എന്താണെന്ന് അദ്ദേഹത്തിന് പോലും അറിയാത്ത ഒരു അവസ്ഥയാണ്. പ്രേക്ഷകന് ഒരു വിലയും നൽകാത്ത.... അല്ലേൽ വിഡ്ഢിയാക്കുന്ന തരത്തിലാണ് ഇപ്പൊ അദ്ദേഹത്തിന്റെ സഞ്ചാരം. മാത്തുക്കുട്ടിയും,ഡ്രാമയും, പുത്തൻ പണവും, ലോഹവും എല്ലാം അങ്ങനുള്ളവയല്ലേ.... മാസ്സ് സിനിമകൾ വിട്ടു എന്ന് പറഞ്ഞതിന് ശേഷമല്ലേ കൈയ്യൊപ്പും, പ്രാഞ്ചിയേട്ടനും, ഇന്ത്യൻ റുപ്പിയും, സ്പിരിറ്റുമെല്ലാം ചെയ്തത്. ഇനിയൊരു നീലകണ്ഠനേയോ, ഇന്ദുചൂഢനേയോ വേണമെന്ന് പറയുന്നില്ല... ഒരു പ്രാഞ്ചിയേട്ടനേയോ രഘു നന്ദനനേയോ എങ്കിലും അദ്ദേഹത്തിൽ നിന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ..? മറ്റുള്ളവരുടെ കാര്യത്തിൽ സ്ക്രിപ്റ്റ് കിട്ടാഞ്ഞിട്ടാണ് എന്ന ന്യായം പറയാമെങ്കിൽ ഇദ്ദേഹത്തിന്റെ കാര്യത്തിൽ അത് പറ്റില്ലല്ലോ. കഴിവുകളെ അദ്ദേഹം തന്നെ എങ്ങോട്ടാ എടുത്ത് കളയുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. മോശം സിനിമകളിൽപ്പോലും ഇദ്ദേഹം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾക്ക് വരെ എന്ത് ഭംഗിയാണ്. ദേവർമഠം നാരായണൻ, കാളിയാർ മഠം ഗിരി, ഡേവിഡ് ജോൺ കൊട്ടാരത്തിൽ, നിത്യാനന്ദ ഷേണായ്, etc ഒക്കെ ഉദാഹരണങ്ങൾ. സിനിമ മറ്റൊരു വഴിക്ക് ആണെങ്കിലും മിക്ക കഥാപാത്രങ്ങളും തീപ്പൊരികളായിരുന്നു. മാസ്സ് ആണേലും ക്ലാസ്സ് ആണേലും മികച്ചൊരു ചിത്രം ചെയ്ത് തിരിച്ചു വരണം എന്നാഗ്രഹിക്കുന്ന മറ്റൊരു സംവിധായകൻ.
3- ലാൽ ജോസ് - മറവത്തൂർ കനവ്, ചന്ദ്രനന്ദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, അറബിക്കഥ, അച്ഛനുറങ്ങാത്ത വീട്, ഡയമണ്ട് നെക്ലേസ്, etc തുടങ്ങിയ മനോഹര ചിത്രങ്ങളും, മലയാള സിനിമയുടെ അഭിമാനങ്ങളായ ചില അവസരങ്ങളിൽ നെടുംതൂണുകളായ.... മീശമാധവനും, ക്ലാസ്സ്മേറ്റ്സും, അയാളും ഞാനും തമ്മിലുമൊക്കെ സമ്മാനിച്ച ലാൽജോസിന്റെ അവസാനത്തെ മിക്ക സിനിമകളും അദ്ദേഹത്തിന്റേത് അല്ല എന്ന് വിശ്വസിക്കാനാണിഷ്ടം. ഏഴ് സുന്ദര രാത്രികളായാലും വെളിപാടിന്റെ പുസ്തകമായാലും, തട്ടിൻപുറത്ത് അച്ചുതൻ ആയാലും എല്ലാം. പഴയ ലാൽ ജോസിനെ എവിടേയൊ നഷ്ടപ്പെട്ടത് പോലെ.... മികച്ച ഒരു സിനിമയുമായി അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നു.
4.ഷാഫി - കല്ല്യാണരാമൻ, പുലിവാൽ കല്ല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാൻ, etc തുടങ്ങിയ മലയാളികളെ കുടു കുടാ ചിരിപ്പിച്ച ഗംഭീര എന്റർടൈനറുകളുടെ അമരക്കാരൻ. ഒരു കാലത്ത് ഷാഫി ചിത്രങ്ങൾ എന്നാൽ കണ്ണും പൂട്ടി ടിക്കറ്റ് എടുക്കാമായിരുന്നു.... മേക്കപ്പ് മാൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് ഷാഫിയെന്ന എന്റർടൈനറുകളുടെ തമ്പുരാനെ തിരിച്ചു കിട്ടുന്നത് ടു കൺട്രീസ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് വീണ്ടും അദ്ദേഹം നിരാശപ്പെടുത്തി അവസാനമായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും അങ്ങനെ ആയിരുന്നല്ലോ.... ഷെർലക്ക് ടോംസ് ഒക്കെ കണ്ടാൽ ശരിക്കും അത്ഭുതമാണ് ഈ മനുഷ്യന് ഇത് എന്ത് പറ്റിയെന്ന്. അദ്ദേഹത്തിന്റെ പീക്ക് ടൈമിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതായിരുന്നു അദ്ദേഹവും ലാലേട്ടനുമായൊരു ചിത്രം.... പക്ഷേ നടന്നില്ല.... അദ്ദേഹത്തിന്റെ ഒരു ഗംഭീര തിരിച്ചു വരവ് ലാലേട്ടനൊപ്പം ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി എന്റർടൈനറിലൂടെയായാൽ സന്തോഷം.
ഷാജി കൈലാസ്, രഞ്ജിത്ത്, ലാൽ ജോസ്, ഷാഫി നാല് പേരും പ്രിയപ്പെട്ട സംവിധായകരാണ്. കാശിന് വേണ്ടി സിനിമയെടുക്കേണ്ട ഒരു അവസ്ഥയൊന്നും അവർക്ക് ഉണ്ടെന്ന് തോന്നുന്നില്ല.... രഞ്ജിത്ത് ഒഴിച്ച് ബാക്കി ഉള്ളവർക്ക് നല്ല സ്ക്രിപ്പ്റ്റുകൾ കിട്ടാഞ്ഞിട്ടാണ് എന്ന് പറഞ്ഞാലും സമ്മതിക്കാൻ ബുദ്ധിമുട്ട് ആണ് കാരണം ശരാശരിയിൽ നിൽക്കുന്ന രചനകളെപ്പോലും സംവിധാന മികവ് കൊണ്ട് ഉയർത്തുന്നവരാണ് ഇവരെല്ലാം പക്ഷേ മേക്കിങ്ങിൽ ആ നിഴല് പോലും ഇപ്പൊ കാണാനില്ല.... പ്രതിഭയൊന്നും എവിടേയും പോയി പോകില്ല എന്നറിയാം.... ഇനിയൊന്നും തെളിയിക്കാനും ഇല്ല അപ്പൊ നല്ല സ്ക്രിപ്റ്റ് വരുന്നത് വരെ വെയിറ്റ് ചെയ്തൂടെ ഇവർക്ക്..? മോശം സിനിമകൾ ചെയ്ത് ഉണ്ടാക്കിയെടുത്ത പേര് കളയുന്നതിലും നല്ലതല്ലേ അത്..? ഇത്രേം എക്സ്പീരിയൻസ് ഉള്ള ഇവർക്ക് ഒരു സ്ക്രിപ്റ്റ് വായിച്ചാൽ അറിയില്ലേ അത് എങ്ങനെ എടുത്താലും ഏകദേശം എങ്ങനെയായി മാറും എന്ന്..? ഒരിക്കലും ഇവരെയൊന്നും പഠിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ അല്ല.... (നല്ല സ്ക്രിപ്റ്റ് കൊണ്ട് കൊടുത്തു നോക്ക്, നീയാരാ ഇതൊക്കെ പറയാൻ, എന്നാൽ താൻ പോയി അങ്ങ് സംവിധാനം ചെയ്ത് നോക്ക്, നിനക്കൊക്കെ ഇവിടെയിരുന്ന് പറഞ്ഞാൽ മതിയല്ലോ തുടങ്ങിയ ചോദ്യങ്ങൾ പലരും ചോദിക്കും ) അവരോട്..... ഇവരോടൊക്കെ ഒരുപാട് ഇഷ്ടമുള്ളത് കാരണം തോന്നുന്ന സങ്കടം കൊണ്ട് പറയുന്നതാണ്. നമുക്ക് പ്രിയപ്പെട്ടവർ എപ്പോഴും മികച്ചു നിൽക്കണം എന്നല്ലേ നമ്മൾ ആഗ്രഹിക്കൂ.... നാല് പേരുടേയും ഗംഭീര തിരിച്ചു വരവ് ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷയും ആഗ്രഹവും വിശ്വാസവും എല്ലാം.
താരങ്ങൾ അരങ്ങുവാണിരുന്ന കാലത്ത് പോലും ഒരു ജനത സംവിധായകരുടെ പേര് നോക്കി സിനിമക്ക് പോയിട്ടുണ്ടേൽ പ്രിയദർശൻ സാറും ജോഷി സാറും ഒക്കെ കഴിഞ്ഞാൽ ആ ലിസ്റ്റിൽ ദേ ഈ നാല് പേരും കാണും.അത്രയ്ക്ക് മലയാള സിനിമാ പ്രേക്ഷകർക്ക് വേണ്ടപ്പെട്ടവരാണിവർ.... പലപ്പോഴായി അവരെ ചിരിപ്പിക്കാൻ.... ചിന്തിപ്പിക്കാൻ.... ത്രസിപ്പിക്കാൻ മുൻകൈ എടുത്തവർ. തിരിച്ചുവരാതെ എവിടെപ്പോകാൻ.
-വൈശാഖ്.കെ.എം
ഗംഭീരമായി പഴയ പ്രതാപത്തോടെ തിരിച്ചു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന നാല് സംവിധായകർ.
Reviewed by
on
00:01
Rating:
Reviewed by
on
00:01
Rating:
Good Write up 👍
ReplyDeleteThank you
Delete💕
ReplyDelete😊
DeleteSuperbbb write up👌👌
ReplyDeleteThank you
Delete👌👌
ReplyDelete😊🙏
Delete