സ്വയം വിശ്വാസം നഷ്ടപ്പെടൽ - ഊണ് മുതൽ ഉറക്കത്തോട് വരെ വിരക്തി
എല്ലാ അർത്ഥത്തിലും നമുക്ക് നമ്മളോടുള്ള വിശ്വാസം നഷ്ടപ്പെട്ട ഭീകരമായൊരു അവസ്ഥയെ നേരിടേണ്ടി വന്നിട്ടുണ്ടോ..?
അങ്ങനെയൊരു അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടവരുണ്ടേൽ അവര് മനസ്സ് കൊണ്ട് പറയും ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ എന്ന്.... അത്രയ്ക്ക് ഭയാനകമായൊരു അവസ്ഥയാണത്. ജീവിതത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവയോടും നമ്മൾ ഏറ്റവും കൂടുതൽ ആസ്വദിച്ചിരുന്ന കാര്യങ്ങളോടും വരെ വല്ലാത്തൊരു തരം വിരക്തിയായിരിക്കും ആ സമയത്ത്. മനസ്സ് അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ ആയിരിക്കും എന്ന് സാരം. കടിഞ്ഞാണില്ലാതെ പാറി നടക്കുന്ന പട്ടം പോൽ ആയിരിക്കും മനസ്സിന്റെ അവസ്ഥ. ഏറ്റവും അപകടകരമായ ചിന്തകൾ മാത്രമായിരിക്കും ആ സമയത്ത് മനസ്സിലൂടെ കടന്നു പൊക്കൊണ്ടിരിക്കുക. നൂൽ പാലത്തിലൂടെ നടക്കുന്ന ഒരു അവസ്ഥയിലായിരിക്കും നാം അപ്പോൾ. ഒരു നൂലിഴ വ്യത്യാസത്തിൽ ഒരു ചലനം സംഭവിച്ചാൽ ഒരു പക്ഷേ പിന്നീട് നാമാവശേഷമായിപ്പോകും ആ വ്യക്തി. അങ്ങനൊരു അവസ്ഥയിൽ നിന്ന് കരകയറ്റാൻ വീട്ടുകാർക്കോ, കൂട്ടുകാർക്കോ, മറ്റു പ്രിയപ്പെട്ടവർക്കോ നാട്ടുകാർക്കോ ഒന്നും കഴിഞ്ഞെന്ന് വരില്ല. ആ സമയത്ത് നമ്മുടെ മനസ്സ് തന്നെയാണ് നമ്മുടെ ശത്രുവും മിത്രവുമാകുന്നത്. അതിൽ നിന്ന് മുക്തി നേടാൻ ഏറ്റവും നല്ല മാർഗ്ഗം യാത്രകൾ ആണെന്നാണ് തോന്നിയിട്ടുള്ളത്.... വ്യത്യസ്ഥമായ സംസ്കാരങ്ങളും, ജീവിത രീതികളുമൊക്കെ ആസ്വദിച്ചു കൊണ്ടുള്ള മണ്ണിലേക്കിറങ്ങിക്കൊണ്ടുള്ള യാത്രകൾ. അവയ്ക്ക് മാത്രമാണ് ഒരു പരിധവരെ ആ സമയത്ത് നമുക്ക് ആശ്വാസം പകരാൻ സാധിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത് അല്ലേൽ അതാണ് അനുഭവം. മുൻപ് പറഞ്ഞിട്ടുള്ളത് പോലെ ഡിപ്രഷന്റെ ഏറ്റവും ഭയാനകമായൊരു വേർഷൻ തന്നെയാണ് ഇതും.
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അല്ലേൽ ആസ്വദിക്കുന്നത് സിനിമയാണ്.... ആദ്യ പ്രണയം. പക്ഷേ അതിനോട് പോലും വിരക്തി തോന്നി തുടങ്ങിയ ഒരു സമയത്തിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട് അല്ലേൽ കടന്ന് പൊക്കോണ്ടിരിക്കുന്നു. പലപ്പോഴും മനസ്സിനെ ശാന്തമാക്കിയിരുന്നത് സംഗീതമായിരുന്നു പക്ഷേ ഏറെ ആസ്വദിച്ചു കേട്ടിരുന്ന ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ പോലും ഇപ്പൊ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എല്ലാത്തിനോടും വിരക്തിയാണ് സിനിമയോടും, സംഗീതത്തോടും, കായിക വിനോദങ്ങളോടും, വായനയോടും, എഴുത്തിനോടും എന്ന് വേണ്ട സകല കാര്യങ്ങളോടും ഒരു തരം വിരക്തിയാണ്. നേരത്തെ പറഞ്ഞത് പോലെ മുൻപ് ഇങ്ങനെയൊരു ഭീകര അവസ്ഥയല്ലേലും ഡിപ്രഷന്റെ പല ഘട്ടങ്ങളിലും ആശ്വാസം പകർന്നിരുന്നത് യാത്രകൾ ആയിരുന്നു. പക്ഷേ ഈ കൊറോണയും ലോക്ക് ഡൗണും ഒക്കെ അള്ളിപ്പിടിച്ച ഈ സമയത്ത് അതിന് പോലും പറ്റാതെ വരുമ്പോൾ എന്തായിരിക്കും അവസ്ഥ..? ചെയ്യുന്ന.... കാലെടുത്തുവെക്കുന്ന കാര്യങ്ങളെല്ലാം പരാജയങ്ങളാകുമ്പോൾ,ആഗ്രഹങ്ങൾക്ക് എല്ലാം കൂച്ചുവിലങ്ങ് വീഴുമ്പോൾ, സ്വപ്‌നങ്ങളെല്ലാം കാണാമറയത്തേക്ക് ഓടി മറയുമ്പോൾ, ശരീരവും മനസ്സും ഒരുപോലെ മുറിവേറ്റ് പരാജയപ്പെടുമ്പോൾ പിന്നെ മനുഷ്യൻ വെറും ഡമ്മിയായി മാറും ജീവനുള്ളൊരു പാവ. എഴുന്നേൽക്കുന്നതിനനുസരിച്ച് വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് പതിക്കുമ്പോൾ ഏറ്റവും അരോചകമായ കാര്യം ഉപദേശമാണ് ആ സമയത്ത് എത്ര വേണ്ടപ്പെട്ടവരാണേലും ഉപദേശവുമായി വന്നിട്ടുണ്ടേൽ ഒരു തരം അറപ്പും വെറുപ്പും മാത്രേ അവരോട് തോന്നുകയുള്ളൂ. ചേർത്ത് പിടിക്കേണ്ട സമയത്ത് ഉപദേശവുമായി ചെല്ലരുത് എന്ന് സാരം. "എല്ലാം ശരിയാവും, ഭാഗ്യം വേണം, യോഗം വേണം, നീ അങ്ങനെ ചെയ്യരുത് ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്" ഇങ്ങനുള്ള സന്ദർഭങ്ങളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളാണിവ. ജീവിതത്തിന്റെ ഏഴയലത്ത് വരാത്ത ഭാഗ്യത്തെ പറ്റി ക്ലാസ്സ് എടുക്കുന്ന ഈ നിമിഷ നേര അധ്യാപകർ ആ സമയത്ത് നമ്മളേക്കാൾ വലിയ പരാജയങ്ങൾ ആയിരിക്കും. ഭാഗ്യം ഉണ്ടേൽ ഈ അവസ്ഥയിൽ നിൽക്കേണ്ടി വരില്ല എന്ന് നമുക്കും അറിയാം അവർക്കും അറിയാം എന്നിട്ട് ആ സമയത്ത് മുറിവിൽ മുളക് പുരട്ടുന്നത് പോലെ കുറേ മൊഴിമുത്തുകൾ.
മുൻപ് പറഞ്ഞത് പോലെ തന്നെ യാത്രകളോട് ഒപ്പം തന്നെ ആശ്വാസം പകരുന്ന ഒന്ന് നമ്മളെ പച്ചവെള്ളം പോലെ മനസ്സിലാക്കുന്ന ഒരു കൂട്ട് ആണ്. അത് കൂട്ടുകാർ ആവാം, പ്രണയിക്കുന്നവർ ആവാം, സഹോദരങ്ങൾ ആവാം, മാതാപിതാക്കൾ ആവാം അങ്ങനൊരു കൂട്ട് ഉണ്ടേൽ ഒരു പരിധിവരെ ആശ്വാസം കിട്ടും. ഉപദേശത്തിനും, കുറ്റപ്പെടുത്തലുകൾക്കും ഒന്നും നിൽക്കാതെ നമ്മളെ നമ്മളെപ്പോൽ മനസ്സിലാക്കുന്ന ഒരാൾ ഉണ്ടാവണം പക്ഷേ അത് വളരെ റെയർ ആയി മാത്രം സംഭവിക്കുന്നൊരു കാര്യമാണ്. ഏറ്റവും അടുത്ത കൂട്ടുകാരന് പോലും അതിന് പറ്റിയെന്ന് വരില്ല. ഏറ്റവും നല്ല കേൾവിക്കാരനാകണം, മറ്റുള്ളവന്റെ വിഷമങ്ങൾ എന്ത് തന്നെയായാലും അത് ചെറുത് ആയി കാണാത്ത ഒരു മനസ്സിന് ഉടമയാവണം. അങ്ങനെയുള്ളവർ ഒക്കെ അപൂർവ്വമാണ്. ഇതൊക്കെ ഒരു പ്രശ്നമാണോ ഇതിലും വലുത് അനുഭവിക്കുന്നവർ എത്രയുണ്ട് എന്ന മറുചോദ്യമാണ് ആ സമയത്ത് പലരിൽ നിന്നും വരുന്നത്. ഒരാളുടെ മടിയിൽ കിടന്ന് വാവിട്ട് കരയാനാവും ആ സമയത്ത് നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക.
ഇങ്ങനുള്ള സമയത്ത് ഏറ്റവും കൂടുതൽ ചിന്തിക്കുന്നത് അല്ലേൽ ആകെ ചിന്തിക്കുന്നത് മരണത്തെപ്പറ്റി മാത്രമായിരിക്കും. ജീവിതം എങ്ങനെ അവസാനിപ്പിക്കാം.... ഏറ്റവും കൂടുതൽ ചിന്തിച്ചിട്ടുള്ളതും ചിന്തിക്കുന്നതും അത് തന്നെയാണ്. ഈയൊരു എഴുത്ത് എഴുതുമ്പോൾ പോലും പല സമയത്തും പല രീതിയിൽ ആണ് മനസ്സ് സഞ്ചരിക്കുന്നത് കൈവിട്ടു പോകുമ്പോൾ എവിടേലും പോയിരുന്ന് കഷ്ടപ്പെട്ട് തല തണുപ്പിച്ച് വീണ്ടും വന്നിരിക്കും. എനിക്ക് ഏറ്റവും സഹായകമായി മാറിയത് ചെറിയ രണ്ട് കുഞ്ഞു പിള്ളേരാണ്, രണ്ടും ആറും വയസ്സുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ അവരാണ് താങ്ങി നിർത്തിയത് എന്ന് തന്നെ പറയാം. പലപ്പോഴും ഡൈവേർട്ട് ആയിപ്പോയിരുന്ന മനസ്സിനെ തിരിച്ചു കൊണ്ട് വന്നത് അവരുടെ സാമീപ്യം ഒന്ന് കൊണ്ട് മാത്രമാണ്. അത്തരത്തിൽ പോലും മനസ്സിനെ തണുപ്പിക്കാൻ സാധിക്കാത്ത അനേകം ആളുകൾ ഉണ്ടാവും. അവരോട് ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നൊക്കെ ഭംഗിക്ക് പറയാൻ കൊള്ളാം എന്നല്ലാതെ വലിയ കാര്യമൊന്നുമില്ല കാരണം അങ്ങനെയൊന്നും ആ സമയത്ത് മനസ്സിൽ കയറില്ല. അങ്ങനെ ടെൻഡൻസി ഇന്ന ആൾക്ക് ഉണ്ടെന്ന് മനസ്സിലാക്കിയാൽ അയാളെ കൺവെട്ടത്ത് നിന്ന് അകലാതെ നോക്കുക, അങ്ങനൊരു ചിന്ത അയാൾക്കുണ്ടെന്ന് മനസ്സിലാക്കിയതായി ഭാവിക്കാതെ അയാളെ ആക്റ്റീവ് ആക്കി നിർത്താൻ നോക്കുക, ഇനി അഥവാ ഇരുകൂട്ടർക്കും അറിയാവുന്നതാണേലും "അങ്ങനെ ചിന്തിക്കരുത്, എല്ലാവരെ പറ്റിയും ഓർക്കണം" എന്നുള്ള ക്ലീഷേ വാക്കുകൾ ഒഴിവാക്കി അയാളെ മാക്സിമം സന്തോഷിപ്പിക്കാൻ ശ്രമിക്കുക. നേരത്തെ പറഞ്ഞത് പോലെ ഉപദേശം അല്ല താങ്ങാണ് ആവശ്യം.
ടെൻഷനിൽ തുടങ്ങി അത് പല തരത്തിൽ രൂപാന്തരം പ്രാപിച്ച് ഭീകരമായ അവസ്ഥകളിലേക്ക് പോകും.... ഈയൊരു സമയത്ത് ചെറിയ പിരിമുറുക്കങ്ങൾ പോലും താങ്ങാൻ പറ്റിയെന്ന് വരില്ല. ഉദാഹരണത്തിന് ഒരു ക്രിക്കറ്റ് കളി കാണുകയാണേൽ ഇഷ്ട ടീം പരാജയത്തിലേക്ക് പോകുന്നതോ അല്ലേൽ ആ മത്സരം ഒരു ത്രില്ലർ ആയി മാറുന്നതോ പോലും സഹിക്കാൻ ഈ പറഞ്ഞ വ്യക്തിക്ക് കഴിഞ്ഞെന്ന് വരില്ല. ത്രില്ലെർ സ്വാഭാവമുള്ള സിനിമകൾ പോലും അയാളെ വല്ലാതെ വരിഞ്ഞു മുറുക്കും.
ഉറക്കം നഷ്ടപ്പെടും, ചിന്തയിൽ മുഴുകിയിരിക്കും.... എന്ന് വെച്ച് അങ്ങനെയുള്ളവർ സിനിമയിൽ കാണുന്നത് പോലെ സെന്റിയടിച്ച് നടക്കണമെന്നില്ല എല്ലാവരുടെയും മുന്നിൽ ചിരിച്ചും കളിച്ചും അഭിനയിക്കും ഈ കാര്യം മുൻപും പറഞ്ഞിട്ടുള്ളതാണ്. മനസ്സും ശരീരവും രണ്ട് വഴിക്ക് സഞ്ചരിച്ചു തുടങ്ങിയാൽ തുടക്കത്തിൽ അതിനെ കടിഞ്ഞാൺ ഇടാൻ നോക്കിയില്ലേൽ ഒരു പക്ഷേ പിന്നീട് പറ്റിയെന്ന് വരില്ല. അതിന്റെ ഏറ്റവും എളുപ്പ മാർഗ്ഗം ആയിരിക്കും ജീവൻ ഇല്ലാതാക്കുന്നത് അതിലും വലിയ രീതിയിൽ മറ്റുള്ളവർക്ക് ബാധ്യതയായി മാറുന്ന അവസ്ഥയൊക്കെ ആലോചിച്ചു നോക്കൂ.
മറ്റുള്ളവർക്ക് നമ്മളെ വിലയില്ല എന്ന തോന്നൽ, അവർക്ക് നമ്മൾ ഒരു ബാധ്യതയാണ് എന്ന ചിന്ത, നാം ആരുമല്ല എന്ന ചിന്ത.... സ്വയം ഇങ്ങനെ വിലയില്ലാതെ ആയെന്ന തോന്നൽ ഉണ്ടായി കഴിഞ്ഞാൽ അത് മാറ്റിയെടുക്കുക പാടാണ്.... അതിന്റെ കൂടെ തുടർ പരാജയങ്ങൾ കൂടെ ആയാൽ പിന്നെ പറയേണ്ടല്ലോ..... സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തൻ ആയിട്ടും മറ്റുള്ളവരുടെ തണലിൽ അഭയം പ്രാപിക്കേണ്ടി വന്നാൽ അതിലും വലിയൊരു നാണക്കേട് വേറെയില്ല എന്നൊരു ചിന്ത ഉടലെടുക്കും പിന്നീട് അത് കാട് കേറി മറ്റൊരു തലത്തിലെത്തും.
ഈ പറഞ്ഞത് പോലെ സ്വയം വിശ്വാസം നഷ്ടപ്പെടലും ഊണ് മുതൽ ഉറക്കം വരെ എല്ലാത്തിനോടും വിരക്തിയും തോന്നിത്തുടങ്ങി മുകളിൽ പറഞ്ഞ അവസ്ഥയിൽ എത്തിയാൽ തിരിച്ചു വരവ് വലിയൊരു കടമ്പയാണ് തിരിച്ചുള്ള വഴി അത്രയ്ക്ക് ദുർഗഠമാണ്. അങ്ങനൊരു അവസ്ഥയിലേക്ക് കൂപ്പു കുത്തി ഒരു ഡമ്മിയായി മാറാൻ നിൽക്കരുത് അതിന് മുൻപ് തന്നെ ആശ്വാസം കണ്ടെത്തുന്ന എന്തേലും കാര്യം കണ്ടു പിടിക്കണം എനിക്കത് ചെറിയ കുട്ടികളുടെ രൂപത്തിൽ ആണ് ഇത്തവണ മുൻപിൽ വന്നത് പലർക്കും അതേപോലെ പല വിധത്തിൽ ആയിരിക്കും. ഏറ്റവും വലുത് നമ്മളെ നമ്മളെപ്പോൽ മനസ്സിലാക്കിയ ഒരു കൂട്ട് തന്നെയാണ്. ഒരുപക്ഷേ ഈ പറയുന്ന അവസ്ഥയിലെ ഏറ്റവും മോശം രീതിയിലേക്ക് ആയിരിക്കും ഈ യാത്ര,അല്ലേൽ സിനിമയിൽ ഒക്കെ പറയുന്നത് പോലെ അവിശ്വസനീയമായ ഒരു ഉയർത്തെഴുന്നേൽപ്പ്. എന്ത് തന്നെയായാലും ഇത്തരം അവസ്ഥ ആർക്കും വരാതിരിക്കട്ടെ.... വന്ന് പോയവർ നിങ്ങളുടെ അറിവിൽ ഉണ്ടേൽ അവർക്ക് ഒരു താങ്ങായി മാറുക എന്നത് തന്നെയാണ് വലിയ കാര്യം. ചികിത്സയും കാര്യങ്ങളും എല്ലാവർക്കും ഫലിച്ചെന്ന് വരില്ല (ചികിത്സ വേണ്ടെന്ന് അല്ല) അവരുടെ കൂടെ അവര് ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള സപ്പോർട്ട് കൊടുത്ത് നിൽക്കുക എന്നത് തന്നെയാണ് പ്രധാനം. ഒന്നൂടെ എടുത്ത് പറയുന്നു ഇത്തരത്തിലുള്ള അവസ്ഥയിലൂടെ പോകുന്നവർ സിനിമയിൽ കാണുന്നത് പോലെ ഘോരമായ ചിന്തയിലാണ്ട് ഒരു മൂലയ്ക്ക് സെന്റി അടിച്ച് ഇരിക്കുന്നവർ ആയിരിക്കില്ല അവര് നിങ്ങളുടെ മുന്നിൽ കളിച്ചു ചിരിച്ചു നടക്കുന്നവർ ആയിരിക്കും.... പുറം കണ്ട് ആരുടേയും ഉള്ള് അളക്കരുത്. ഈ പറയുന്ന അവസ്ഥയിലൂടെ സഞ്ചരിക്കുന്നവർക്ക് ആളുകളെ രസിപ്പിക്കുന്ന ഒരു ജോക്കറിന്റെ.... ഒരു കോമാളിയുടെ റോൾ ആയിരിക്കും.... മറ്റുള്ളവർക്ക് സംശയം കൊടുക്കാതെ അല്ലേൽ അറിയിക്കാതെ ഉള്ള് നീറി പുറത്ത് ചിരി വെച്ച് പിടിപ്പിച്ച് അവര് ആ വേഷം മനോഹരമായി ആടി തീർക്കുകയായിരിക്കും. വലിയ അറിവൊന്നും ഉണ്ടായിട്ട് പറയുന്നതല്ല ഇതൊക്കെ പലർക്കും പലവിധത്തിൽ ആയിരിക്കും ഇത്തരത്തിലുള്ള അവസ്ഥകൾ വന്ന് ഭവിക്കുന്നത്. അനുഭവം പങ്കുവെച്ചു എന്ന് മാത്രം.
വൈശാഖ്.കെ.എം
സ്വയം വിശ്വാസം നഷ്ടപ്പെടൽ - ഊണ് മുതൽ ഉറക്കത്തോട് വരെ വിരക്തി
Reviewed by
on
06:24
Rating:

👏👏👏
ReplyDeleteThank you ❤️
Delete😊
ReplyDelete